|

ഇവനാണ് യഥാർഥ റാഷിദ് ഖാൻ മർദകൻ; ഗെയ്‌ലിനെ വീഴ്ത്തികൊണ്ട് ഒന്നാമൻ ഹൈദരബാദ് വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 19.1 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മ. മത്സരത്തില്‍ ഹൈദരാബാദ് ബാറ്റിങ്ങില്‍ 20 പന്തില്‍ 29 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പാണ് അഭിഷേക് ശര്‍മ നടത്തിയത്. രണ്ടു വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്.

ഇതിനു പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ റാഷിദ് ഖാനെതിരെ കുറഞ്ഞത് 20 പന്തെങ്കിലും കളിച്ച താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉള്ള താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. 210 സ്‌ട്രൈക്ക് റേറ്റ് ആണ് റാഷിദ് ഖാനെതിരെ അഭിഷേകിനുള്ളത്.

ഐ.പി.എല്ലില്‍ റാഷിദ് ഖാനെതിരെ കുറഞ്ഞത് 20 ബോളുകള്‍ കളിച്ച താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉള്ള താരം, സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍

അഭിഷേക് ശര്‍മ-210.0

ഷെയ്ന്‍ വാട്‌സണ്‍-174.5

ക്രിസ് ഗെയ്ല്‍-163.6

റിതുരാജ് ഗെയ്ക്വാദ്-163.6

റോബിന്‍ ഉത്തപ്പ-156.0

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി സായ് സുദര്‍ശന്‍ 36 പന്തില്‍ 45 റണ്‍സും നായകന്‍ ശുഭ്മന്‍ ഗില്‍ 28 പന്തില്‍ 36 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തി.

ഏപ്രില്‍ നാലിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയം ആണ് വേദി. മറുഭാഗത്ത് ഏപ്രില്‍ അഞ്ചിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Abhishek sharma create a new record in IPL


`