ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 100 റണ്‍സിന്റെ കൂറ്റന്‍ വിജയം. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന പടുകൂറ്റന്‍ ടോട്ടലാണ് സിംബാബ്വെക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.
അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യ വമ്പന്‍ സ്‌കോറിലെത്തിയത്. 47 പന്തില്‍ 100 റണ്‍സ് നേടികൊണ്ടായിരുന്നു അഭിഷേകിന്റെ മിന്നും പ്രകടനം. 212.77 സ്ട്രൈക്ക് റേറ്റില്‍ എട്ട് സിക്സുകളും ഏഴ് ഫോറുകളുമാണ് താരം നേടിയത്. ആദ്യ മത്സരത്തില്‍ നാല് പന്തില്‍ പൂജ്യം റണ്‍സ് നേടി മടങ്ങിയ താരം സെഞ്ച്വറിയിലൂടെ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
മിന്നും പ്രകടനത്തിന് ശേഷം അഭിഷേക് ശര്‍മ ബി.സി.സി.ഐ ഒഫീഷ്യലില്‍ ഒരു വീഡിയോ ചെയ്തിരുന്നു. അതില്‍ മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ യുവരാജ് സിങ്ങിനെ അഭിഷേക് വിളിച്ചിരുന്നു. ശേഷം സംസാരിച്ച സമയം ആദ്യ കളിയില്‍ അഭിഷേക് പൂജ്യം റണ്‍സിന് പുറത്തായതിനെക്കുറിച്ച് യുവി താരത്തോട് സംസാരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ ആദ്യ കളിയില്‍ പൂജ്യം റണ്‍സിന് ഞാന്‍ ഔട്ട് ആയപ്പോള്‍ അദ്ദേഹം ഒരുപാട് സന്തോഷിച്ചിരുന്നു’ എന്നാണ് അഭിഷേക് പറഞ്ഞത്.
മത്സരത്തില്‍ ഗെയ്ക്വാദ് 47 പന്തില്‍ പുറത്താവാതെ 77 റണ്‍സും നേടി. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. രണ്ട് ഫോറുകളും അഞ്ച് സിക്സുകളും ഉള്‍പ്പെടെ 22 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടിയ റിങ്കു സിങ്ങും നിര്‍ണായകമായി.
Content Highlight: Abhishek Sharama Talking About Yuvaraj Singh