| Friday, 27th September 2024, 8:54 am

ഗൗതി ഭായിയും ഞാനും ചേര്‍ന്ന് അവനെ മികച്ചതാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; ഇന്ത്യന്‍ താരത്തിന് പിന്തുണയുമായി സഹ പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് രണ്ടാം ടെസ്റ്റ്. ഇന്ന് (സെപ്റ്റംബര്‍ 27ന്) കാണ്‍പൂരില്‍ വെച്ചാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് നടക്കുന്നത്.

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുലിന് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലായിരുന്നു. ഏറെ കാലങ്ങള്‍ക്ക് ശേഷം ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ രാഹുല്‍ ആദ്യ ഇന്നിങ്‌സില്‍ 16 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം ഇന്നിങസില്‍ 22 റണ്‍സിന് നോട്ട് ഔട്ട് ആയിരുന്നു. രണ്ടാം ടെസ്റ്റിന് മുന്നോടിയായി രാഹുലിനെക്കുറിച്ച് ഇന്ത്യയുടെ സഹ പരിശീലകന്‍ അഭിഷേക് നായര്‍ സംസാരിച്ചിരുന്നു.

‘ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രചോദനത്തിന്റെ ആവശ്യമില്ല. അവന് ഇനി വേണ്ടത് ശരിയായ ദിശമാത്രമാണ്. കെ.എല്‍. രാഹുല്‍ തന്റെ കളി നന്നായി മനസിലാക്കുന്നുണ്ട്. ഒരു കളിക്കാരനെന്ന നിലയില്‍ താളം കണ്ടെത്താന്‍ സമയം വേണം. സൗത്ത് ആഫ്രിക്കയില്‍ അവന്‍ നന്നായി കളിച്ചിട്ടുണ്ട്. ഗൗതി ഭായിയും (ഗൗതം ഗംഭീറും) ഞാനും ചേര്‍ന്ന് അവനെ മികച്ചതാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’അഭിഷേക് നായര്‍ പറഞ്ഞു.

2014ലാണ് രാഹുല്‍ ടെസ്റ്റില്‍ അരങ്ങേറ്റമത്സരം കളിച്ചത്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 51 മത്സരത്തിലെ 88 ഇന്നിങ്‌സില്‍ നിന്ന് 2901 റണ്‍സാണ് രാഹുല്‍ നേടിയത്. 34.13 എന്ന ആവറേജും 52.25 എന്ന സ്‌ട്രൈക്ക് റേറ്റും ഫോര്‍മാറ്റില്‍ താരത്തിനുണ്ട്. എട്ട് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളുമടക്കമാണ് രാഹുലിന്റെ റണ്‍സ് വേട്ട.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍

Content Highlight: Abhishek Nair Talking About K.L. Rahul

We use cookies to give you the best possible experience. Learn more