സ്വയം പോരാട്ടം നടത്താനുള്ള പ്രാപ്തി മഹുവക്കുണ്ട്; എനിക്കെതിരെ തെളിവുണ്ടെങ്കിൽ സ്വയം കഴുമരത്തിൽ കയറും: അഭിഷേക് ബാനർജി
national news
സ്വയം പോരാട്ടം നടത്താനുള്ള പ്രാപ്തി മഹുവക്കുണ്ട്; എനിക്കെതിരെ തെളിവുണ്ടെങ്കിൽ സ്വയം കഴുമരത്തിൽ കയറും: അഭിഷേക് ബാനർജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2023, 2:57 pm

കൊൽക്കത്ത: സ്വന്തമായി പോരാട്ടം നടത്താനുള്ള പ്രാപ്തി മഹുവ മൊയ്‌ത്രക്ക് ഉണ്ടെന്ന് തൃണമൂൽ കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി.

പാർലമെന്റിൽ ചോദ്യം ചോദിക്കാൻ മഹുവ മൊയ്‌ത്ര കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന ലോക്സഭാ എത്തിക്സ് കമ്മിറ്റി ദേശീയ സുരക്ഷയെ ബാധിക്കുന്ന കൃത്യം നടന്നെന്ന് ചൂണ്ടിക്കാട്ടി മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

‘ഒന്നും തെളിയിക്കാതെ എങ്ങനെയാണ് ഒരാൾക്കെതിരെ നടപടിയെടുക്കുക… ഈ പോരാട്ടത്തിൽ സ്വയം പൊരുതി ജയിക്കാനുള്ള പ്രാപ്തി മഹുവക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം,’ അഭിഷേക് ബാനർജി പറഞ്ഞു.

പശ്ചിമ ബംഗാളിലെ സ്കൂളിൽ നിയമന തട്ടിപ്പ് കേസിൽ ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരായതായിരുന്നു അഭിഷേക് ബാനർജി.

ചോദ്യം ചെയ്യലിന് ശേഷം തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും എപ്പോൾ വേണമെങ്കിലും ഇ.ഡിയുടെ മുമ്പിൽ ഹാജരാകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ഒന്നും ഒളിക്കാനില്ല. അവർക്ക് (ഇ.ഡി) വേണ്ടപ്പോഴെല്ലാം എന്നെ വിളിപ്പിക്കാം. ജനങ്ങൾക്ക് എല്ലാം അറിയാം. ഞങ്ങളോട് പൊരുതാൻ പ്രാപ്തിയില്ലാത്ത ബി.ജെ.പി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്.

എനിക്കെതിരെ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് കോടതിക്ക് മുമ്പാകെ ഹാജരാക്കൂ.

ഞാൻ ഏതെങ്കിലും തരത്തിൽ നിയമവിരുദ്ധമായ ഇടപാടുകൾ നടത്തിയെന്ന് കേന്ദ്ര ഏജൻസിക്ക് തെളിയിക്കാനായാൽ സി.ബി.ഐ അന്വേഷണമോ ഇ.ഡി അന്വേഷണമോ ആവശ്യമില്ല. ഞാൻ പൊതുമധ്യത്തിൽ സ്വയം കഴുമരത്തിലേറാൻ തയ്യാറാണ്,’ അഭിഷേക് പറഞ്ഞു.

രണ്ട് തവണ തൃണമൂൽ എം.പിയായ അഭിഷേകിനെ 2021ലും 2022ലും കൽക്കരി അഴിമതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Content Highlight: Abhishek Banerjee says Mahua Moitra is competent enough to fight her on battle