| Wednesday, 8th September 2021, 9:10 am

അമിത് ഷായ്ക്ക് മമതയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; 25 ഓളം ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂലിലേക്കെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. 25 ഓളം എം.എല്‍.എമാര്‍ തൃണമൂലില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എം.പി അഭിഷേക് ബാനര്‍ജി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് ശേഷം പാര്‍ട്ടി വിട്ട് പോയവര്‍ തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു. നാല് ബി.ജെ.പി എം.എല്‍.എമാര്‍ ഇതുവരെ തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്.

ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയ് ആണ് ഇതില്‍ പ്രമുഖന്‍. റോയ് ബി.ജെ.പി വിട്ടതോടെ അദ്ദേഹത്തിന്റെ അനുയായികളും തൃണമൂലിലെത്തിയിട്ടുണ്ട്.

നിലവില്‍ 71 എം.എല്‍.എമാരാണ് ബംഗാള്‍ നിയമസഭയില്‍ ബി.ജെ.പിയ്ക്കുള്ളത്. ബി.ജെ.പി എം.എല്‍.എമാരെ തൃണമൂലിലേക്കെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

28 എം.എല്‍.എമാരും എം.എല്‍.എമാരല്ലാത്ത 10 പാര്‍ട്ടി നേതാക്കളും തൃണമൂലിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എം.പി സൗഗത റോയ് പറയുന്നു.

‘പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പ്പര്യമുള്ളവരെ തീര്‍ച്ചയായും സ്വാഗതം ചെയ്യും. മമതയ്ക്ക് കീഴില്‍ ബംഗാള്‍ വളരുകയാണ്. ബംഗാളിനെ ലോകത്തിന് മുന്നില്‍ ഒന്നാമതാക്കാന്‍ മമതയ്ക്ക് കീഴില്‍ എല്ലാവരും അണിനിരക്കും,’ സൗഗത റോയ് പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബി.ജെ.പിയ്‌ക്കെതിരായ ദേശീയ സഖ്യം രൂപീകരിക്കുന്നതിനും മമത മുന്‍പന്തിയിലുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Abhishek Banerjee’s ‘25 BJP MLAs in Touch’ Googly Triggers Speculation Over Deserters’ Names in Bengal

We use cookies to give you the best possible experience. Learn more