ബോളിവുഡ് ഹീറോയുടെ സ്ഥിരം ശൈലിയിലുള്ള സിക്സ് പാക്ക് കാണിക്കുന്ന നായക നടനല്ല അഭിഷേക് ബച്ചന്‍. അദ്ദേഹം ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും ശരീരഘടനകൊണ്ട് വ്യത്യസ്തമായിരിക്കും. ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ഐ വാണ്ട് ടു ടോക്ക് എന്ന ചിത്രമാണ് അഭിഷേക് ബച്ചന്‍ അഭിനയിച്ച് അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. സിനിമയില്‍ ക്യാന്‍സര്‍ സര്‍വൈവര്‍ ആയിട്ടാണ് താരം എത്തിയത്.
കുടവയറുള്ള അഭിഷേകിന്റെ ഫോട്ടോ സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ധൂം എന്ന ചിത്രത്തിലെ സിക്‌സ് പാക്ക് ഇല്ലാത്ത പൊലീസ് ഓഫീസറിനെ കുറിച്ചും കുടവയറുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അഭിഷേക് ബച്ചന്‍.
‘ഐ വാണ്ട് ടു ടോക്ക്, ഗുരു (2006) എന്ന സിനിമകളില്‍ ഞാന്‍ എന്റെ വയറു കാണിച്ചു, പക്ഷേ ധൂമില്‍ അങ്ങനെ അല്ല. ഞാന്‍ എന്റെ ബോഡി കാണിക്കുന്നില്ല. എ.സി.പി ജയ് ദീക്ഷിത് എന്ന കഥാപാത്രം ഷര്‍ട്ടിടാതെ നടക്കില്ല എന്നായിരുന്നു ന്യായം. അവന്‍ അങ്ങനെ ഉള്ള ആളല്ല. എന്ത് പ്രശ്‌നം വന്നാലും അയാള്‍ക്ക് ഒരു കുപ്പായം ഉണ്ടാകും.
തന്റെ ശക്തി തെളിയിക്കാന്‍ ശരീരം കാണിക്കേണ്ട ആവശ്യമില്ല. അതായിരുന്നു ആ കഥാപാത്രം ചെയ്യുമ്പോഴുള്ള എന്റെ ചിന്ത. ചിലപ്പോള്‍, ആളുകള്‍ക്ക് അതിലൂടെ ഉദ്ദേശിച്ചത് മനസിലായിട്ടുണ്ടാകും. ചിലപ്പോള്‍ ആളുകള്‍ക്ക് അത് അങ്ങനെ ദഹിച്ചിട്ടും ഉണ്ടാകില്ല.
എനിക്ക് സിനിമ ഓഫര്‍ ചെയ്തതിന് ശേഷം ഐ വാണ്ട് ടു ടോക്കിന്റെ സംവിധായകന്‍ എന്നോട് ചോദിച്ച ആദ്യത്തെ ചോദ്യങ്ങളിലൊന്ന്, ‘നോക്കൂ, എനിക്ക് ആ കഥാപാത്രത്തിനായി കുടവയര്‍ വേണം. നിങ്ങള്‍ അത് ചെയ്യാന്‍ തയ്യാറാണോ?’ എന്നാണ്. തീര്‍ച്ചയായും ഞാന്‍ ചെയ്യാന്‍ തയ്യാറാണെന്ന് മറുപടിയും നല്‍കിയിരുന്നു.
എനിക്ക് സംവിധായകനില്‍ പൂര്‍ണമായ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം മനസില്‍ ഒരു രൂപം കണ്ടിട്ടുണ്ടെന്നും അത് നന്നായിത്തന്നെ ചെയ്യുമെന്നും എനിക്കറിയാമായിരുന്നു. ചിത്രത്തിലെ എന്റെ കഥാപാത്രത്തിന് ഒരു സൗന്ദര്യാത്മകതയുണ്ട്. കഥാപാത്രത്തിന് അത് ആവശ്യമായിരുന്നു,’ അഭിഷേക് ബച്ചന്‍ പറയുന്നു.
അഭിഷേക് ചെയ്ത ഒരേയൊരു പോട്ട്ബെല്ലിഡ് ലുക്ക് ഐ വാണ്ട് ടു ടോക്ക് മാത്രമല്ല. 2006ല്‍ മണിരത്നത്തിന്റെ ഗുരു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ തുടക്കം കുറിച്ചത്. സമീപ കാലത്ത് കുക്കി ഗുലാത്തിയുടെ ക്രൈം ഡ്രാമയായ ദി ബിഗ് ബുള്‍, ദിയ അന്നപൂര്‍ണ ഘോഷിന്റെ ആക്ഷന്‍ ത്രില്ലര്‍ ബോബ് ബിശ്വാസ് എന്നിവയും അദ്ദേഹം ചെയ്തിട്ടുണ്ട്.
Content Highlight: Abhishek Bachchan shares why he didn’t bare six pack abs in Dhoom but showed potbelly in I Want To Talk Movie