| Monday, 20th December 2021, 2:00 pm

സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്, പലരും ഫോണ്‍ പോലും എടുക്കാതിരുന്നിട്ടുണ്ട്; ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് അഭിഷേക് ബച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പല സിനിമയില്‍ നിന്നും മനപ്പൂര്‍വം മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍. റോളിംഗ് സ്‌റ്റോണ്‍ മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അഭിഷേക് ബച്ചന്‍ തുറന്നുപറഞ്ഞത്.

‘സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. ആളുകള്‍ എന്റെ കോളുകള്‍ പോലും എടുക്കാതിരുന്നിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നിശ്ശബ്ദമായി തിരിഞ്ഞ് നടക്കേണ്ടിവരും. സിനിമയില്‍ ഇത് സാധാരണമാണ്. അച്ഛനും ഇതുപോലെയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്,’ അഭിഷേക് പറഞ്ഞു.

‘പൊതുചടങ്ങിലൊക്കെ പങ്കെടുക്കുമ്പോള്‍ നമ്മളെ മുന്നില്‍ കൊണ്ടു ചെന്നിരുത്തും. അപ്പോള്‍ ഇത് കൊള്ളാമല്ലോ എന്നൊക്കെ കരുതും. എന്നാല്‍ ഏതെങ്കിലും വലിയ സ്റ്റാറുകള്‍ വരുമ്പോള്‍ പുറകിലേക്ക് പോകൂ എന്ന മട്ടിലാണ് സംഘാടകര്‍. അപ്പോള്‍ പിന്നെ പുറകിലേക്ക് എഴുന്നേറ്റ് പോകും. അതെല്ലാം ഷോബിസിന്റെ ഭാഗമാണ്. ഇതൊന്നും വ്യക്തിപരമായി എടുക്കാനാവില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിലെ ചൂടുള്ള ചര്‍ച്ചാ വിഷയമായ നെപ്പോട്ടിസത്തെ കുറിച്ചും അഭിഷേക് ബച്ചന്‍ പ്രതികരിച്ചു. ‘സിനിമയിലെത്തിയതിന് ശേഷം കഴിഞ്ഞ 21 വര്‍ഷമായി നിരവധി കഷ്ടപ്പാടുകളിലൂടെയാണ് ഞാന്‍ കടന്നു പോയിട്ടുള്ളത്. അച്ഛന്‍ എന്നെ വെച്ച് ഒരു സിനിമ എടുക്കുകയോ ആരെയെങ്കിലും ഫോണ്‍ വിളിച്ച് എനിക്ക് വേണ്ടി സംസാരിക്കുകയോ ചെയ്തിട്ടില്ല. എങ്കിലും അച്ഛന്റെ പേര് ഗുണം ചെയ്‌തെന്ന് ഞാന്‍ സമ്മതിക്കുന്നു’.

2000 ത്തില്‍ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് ബച്ചന്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ബോബ് ബിശ്വാസ് ആണ് അഭിഷേകിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: abhishek-bachchan-replaced-films-nepotism

We use cookies to give you the best possible experience. Learn more