|

പെണ്‍കുട്ടികള്‍ക്ക് റോള്‍ മോഡലായി കാണാനാവശ്യമായ എല്ലാ കാര്യങ്ങളും ആ മലയാള നടിക്കുണ്ട്: അഭിരാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിനികാന്തിനൊപ്പം മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, റാണ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയന്‍, അഭിരാമി എന്നിവരും ഒന്നിക്കുന്നുണ്ട്. ഇപ്പോള്‍ മഞ്ജു വാര്യരെ കുറിച്ച് പറയുകയാണ് നടി അഭിരാമി. റെഡ് നൂലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘വളരെ ഗ്രേസ് ഫുള്ളായ ഒരു സ്ത്രീയാണ് മഞ്ജു. ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് ഇത്രമാത്രം ഗ്രേസ് ഉണ്ടാകുന്നതെന്ന് ഞാന്‍ സംശയിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിക്ക് തന്റെ റോള്‍ മോഡലായി കാണാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും അവരുടെ അടുത്തുണ്ട്. മഞ്ജുവിനെ പോലെയുള്ള സ്ത്രീകള്‍ നമ്മുടെ ചുറ്റും ഉണ്ടെങ്കില്‍ അവരെ കണ്ട് അതുപോലെ ആകണമെന്ന ആഗ്രഹം നമ്മുടെ ഉള്ളില്‍ ഉണ്ടാകും.

അങ്ങനെയുള്ള ഒരു സ്ത്രീയാണ് മഞ്ജു. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലും അങ്ങനെ തന്നെയാണ്. വളരെ ഫണ്ണിയായിട്ടുള്ള ആളാണ്, വളരെ ജോളിയായി സംസാരിക്കുന്ന ആളുമാണ്. പക്ഷെ വര്‍ക്കിന്റെ കാര്യം വരുമ്പോള്‍ അത്രയും സീരിയസായിട്ട് ആത്മാര്‍ത്ഥയോടെ ഡെഡിക്കേറ്റഡായി ചെയ്യും,’ അഭിരാമി പറഞ്ഞു.

സൂര്യ നായകനായ ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ് ഇത്. ജ്ഞാനവേലിനെ കുറിച്ചും അഭിരാമി അഭിമുഖത്തില്‍ സംസാരിച്ചു. ജയ് ഭീമിന് മുമ്പ് അദ്ദേഹത്തെ ആര്‍ക്കും അറിയില്ലായിരുന്നു എന്നാണ് നടി പറയുന്നത്.

‘ജ്ഞാനവേല്‍ എന്ന ആള്‍ ആരാണെന്ന് ആര്‍ക്കും അറിയാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ഒരു സിനിമ ചെയ്തിട്ട് പോലും അദ്ദേഹത്തിന്റെ പേര് അധികം പുറത്ത് വന്നിരുന്നില്ല. എന്നാല്‍ ജയ് ഭീം എന്ന സിനിമ ഇതില്‍ മാറ്റം കൊണ്ടുവന്നു. ആ സിനിമ കണ്ട ശേഷം എല്ലാവരും അയാളെ വിക്കീപീഡിയയില്‍ നോക്കി. അപ്പോഴാണ് ഇത് അയാളുടെ രണ്ടാമത്തെ സിനിമയാണെന്ന് മനസിലാകുന്നത്.

വേറെ ആരുടെയും അസിസ്റ്റന്റായി അദ്ദേഹം വര്‍ക്ക് ചെയ്തിരുന്നില്ല. ഒരു ഫിലിം സ്‌കൂളിലും പഠിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു ഡെപ്ത്ത് ഉണ്ടായിരുന്നു. ഏറെ ക്ലാരിറ്റിയുള്ള കഥയായിരുന്നു സിനിമയുടേത്. പത്തോ നാല്‍പതോ സിനിമകള്‍ ചെയ്തതിന് ശേഷം ഒരു സിനിമ ചെയ്യുന്ന സംവിധായകനെ പോലെയായിരുന്നു അദ്ദേഹം വര്‍ക്ക് ചെയ്തത്,’ അഭിരാമി പറഞ്ഞു.

Content Highlight: Abhirami Talks About Manju Warrier

Latest Stories