| Monday, 30th September 2024, 12:02 pm

എനിക്ക് അന്ന് ഫഹദില്‍ നിന്ന് കണ്ണെടുക്കാനായില്ല; ഒടുവില്‍ വീണ്ടും ടേക്ക് എടുക്കേണ്ടി വന്നു: അഭിരാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ബ്രില്ലിയന്റായ നടനാണ് ഫഹദ് ഫാസിലെന്ന് പറയുകയാണ് നടി അഭിരാമി. വളരെ പെട്ടെന്ന് ഒരു കഥാപാത്രമായി മാറാന്‍ ഫഹദിന് സാധിക്കുമെന്നും എന്നാല്‍ തന്നെ കൊണ്ട് അതിന് പറ്റില്ലെന്നും അഭിരാമി പറഞ്ഞു.

രജിനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ എന്ന ചിത്രത്തില്‍ ഫഹദും അഭിരാമിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന്റെ അനുഭവവും നടി പങ്കുവെച്ചു. റെഡ് നൂലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിരാമി.

‘വളരെ ബ്രില്ലിയന്റായ ഒരാളാണ് ഫഹദ്. ഒരു ദിവസം ഒരുമിച്ചുള്ള സീനിന് മുമ്പ് വളരെ കാഷ്വലായി സംസാരിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ രണ്ടുപേരും കേരളത്തില്‍ നിന്നുള്ളവരാണ്, മലയാളികളാണ്. ഞാന്‍ പണ്ട് ഫഹദിന്റെ ബാപ്പയുടെ കൂടെ വര്‍ക്ക് ചെയ്തിരുന്നു. ഒരു സ്റ്റേജ് ഷോ ആയിരുന്നു അത്. അന്ന് എന്തോ ഫെസ്റ്റിവല്‍ വന്നപ്പോള്‍ അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.

അന്ന് ഞാന്‍ ഫഹദിനെ കണ്ടിരുന്നു. അവന്‍ എന്നേക്കാള്‍ രണ്ട് വയസിനോ മറ്റോ മൂത്തതാണെന്ന് തോന്നുന്നു. എന്തായാലും ഞങ്ങള്‍ ഏകദേശം ഒരേ പ്രായമായിരുന്നു. അന്ന് സെറ്റില്‍ വെച്ച് ഞങ്ങള്‍ സംസാരിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്പരം കണ്ട കാര്യത്തെ കുറിച്ചും അന്ന് സംസാരിച്ചതിനെ കുറിച്ചുമൊക്കെയാണ്.

അങ്ങനെ വളരെ കാഷ്വലായി തന്നെ ഞങ്ങള്‍ സംസാരിച്ച് നിന്നു. പെട്ടെന്നായിരുന്നു ക്യാമറ റെഡിയാണ് ഷോട്ട് എടുക്കാമെന്ന് പറയുന്നത്. പിന്നെ ഫഹദിനെ അവിടെ കാണാനില്ല. അവന്‍ ആ കഥാപാത്രമായി കഴിഞ്ഞിരുന്നു.

എനിക്ക് അത്ര എളുപ്പം ഒരു കഥാപാത്രമായി മാറാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ ആ ഷോട്ടിന് ഞാന്‍ മറ്റൊരു ടേക്ക് എടുക്കേണ്ടി വന്നു. വേറെ ഒരാളോട് പറയേണ്ട ഡയലോഗ് ഫഹദിനെ നോക്കി പറയുന്നത് പോലെ തോന്നി. കാരണം എനിക്ക് അവനില്‍ നിന്ന് കണ്ണെടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല,’ അഭിരാമി പറഞ്ഞു.


Content Highlight: Abhirami Talks About Fahadh Faasil

Latest Stories

We use cookies to give you the best possible experience. Learn more