| Friday, 29th November 2024, 1:19 pm

ചെറിയ കുട്ടിയാണെന്നും ഇനി കയ്യിലുള്ള കാശൊക്കെ സൂക്ഷിക്കണമെന്നും പറഞ്ഞു തന്നത് ആ മലയാള നടന്‍: അഭിരാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായി മാറിയ നടിയാണ് അഭിരാമി. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ അഭിരാമിക്ക് സാധിച്ചിരുന്നു. ഒരു ഇടവേള എടുത്ത ശേഷം നടി വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്.

തിരിച്ചുവരവില്‍ വളരെ ശ്രദ്ധാപൂര്‍വം മാത്രം സിനിമകള്‍ ചെയ്യുന്ന അഭിരാമി കമല്‍ ഹാസന്‍- മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന തഗ് ലൈഫിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തന്റെ ചെറുപ്പത്തില്‍ കൂടെ അഭിനയിച്ചപ്പോള്‍ ഇനി കയ്യിലുള്ള കാശൊക്കെ സൂക്ഷിക്കണമെന്നും ചെറിയ കുട്ടിയാണെന്നുമൊക്കെ മമ്മൂട്ടി പറഞ്ഞു തന്നിരുന്നെന്ന് പറയുകയാണ് അഭിരാമി. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘മിഡില്‍ ക്ലാസ് ഫാമിലിയില്‍ വളര്‍ന്ന കുട്ടിയാണ് ഞാന്‍. യു.എസില്‍ ഉള്ള സമയത്ത് ഞാന്‍ ലൈബ്രറിയില്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെ ബുക്കുകള്‍ റിട്ടേണ്‍ വരുമ്പോള്‍ അത് സ്‌കാന്‍ ചെയ്ത് തിരിച്ചു ഷെല്‍ഫില്‍ കൊണ്ടുപോയി വെക്കുന്ന ജോലിയായിരുന്നു എനിക്ക്. അതിന്റെ കൂടെ കിച്ചണില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെ കഫ്റ്റീരിയ പാത്രങ്ങളൊക്കെ ക്ലീന്‍ ചെയ്തു വെക്കുന്ന ജോലിയായിരുന്നു.

പിന്നെ ചെയ്ത മറ്റൊരു ജോലി അഡ്മിഷന്‍സ് ഓഫീസില്‍ പുതിയ സ്റ്റുഡന്റസ് വരുമ്പോള്‍ അവര്‍ക്ക് കോളേജ് ടൂര്‍ കൊടുക്കലായിരുന്നു. അവിടുന്ന് പിന്നെ പ്രൊമോഷന്‍ ലഭിച്ചു. ഒടുവില്‍ അവരെ ഇന്റര്‍വ്യൂ ചെയ്യാനുള്ള ജോലി വരെ എനിക്ക് കിട്ടിയിട്ടുണ്ട് എന്നതാണ് സത്യം. ഞാന്‍ പറഞ്ഞു വന്ന കാര്യം ഒന്ന് മാത്രമാണ്. നമുക്ക് എവിടെയൊക്കെ കുറച്ച് ക്രിയേറ്റീവായിട്ടോ കാശ് കിട്ടുന്ന രീതിയിലോ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ, അതൊക്കെ നമ്മള്‍ ചെയ്യണം.

സത്യത്തില്‍ എന്റെ പഠനം എത്രയും പെട്ടെന്ന് തീര്‍ത്തിട്ട് പൈസ സേവ് ചെയ്യണമെന്ന ഒരു ചിന്ത ആ സമയത്ത് എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ സമ്മര്‍ ക്ലാസിന് പോയി. നാലുവര്‍ഷം കൊണ്ട് തീര്‍ക്കേണ്ട ക്ലാസ് മൂന്നര വര്‍ഷം കൊണ്ടാണ് തീര്‍ത്തത്. അങ്ങനെ ചെയ്തതോടെ ഞാന്‍ സേവ് ചെയ്തത് ആയിരക്കണക്കിന് ഡോളറുകളായിരുന്നു. അത് നമ്മുടെ ഇന്ത്യന്‍ രൂപയില്‍ കണ്‍വേര്‍ട്ട് ചെയ്താല്‍ ഒരുപാട് രൂപയാകും.

ഞാന്‍ കാരണം എന്റെ മാതാപിതാക്കള്‍ക്ക് അധികം പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന ചിന്തയായിരുന്നു അന്ന് എന്റെ മനസില്‍ ഉണ്ടായിരുന്നത്. മമ്മൂക്കയാണോ ഇതൊക്കെ എന്ന് പഠിപ്പിച്ചതെന്ന് ചോദിച്ചാല്‍ (ചിരി) എന്റെ ചെറുപ്പത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചപ്പോള്‍ ഇനി കയ്യിലുള്ള കാശൊക്കെ സൂക്ഷിക്കണം ചെറിയ കുട്ടിയാണ് എന്നൊക്കെ മമ്മൂക്ക പറഞ്ഞു തന്നിരുന്നു,’ അഭിരാമി പറയുന്നു.

Content Highlight: Abhirami Talks About Actor Mammootty

We use cookies to give you the best possible experience. Learn more