പ്രഭുവുമായി ഒരുമിച്ച് ടണലില്‍ ഷൂട്ട് ചെയ്ത ഒരു രംഗത്തിനിടയില്‍ പെട്ടെന്ന് ട്രെയിന്‍ വന്നു, എന്റെ മോളെവിടെ എന്ന് അമ്മ ചോദിച്ചു: അഭിരാമി
Movie Day
പ്രഭുവുമായി ഒരുമിച്ച് ടണലില്‍ ഷൂട്ട് ചെയ്ത ഒരു രംഗത്തിനിടയില്‍ പെട്ടെന്ന് ട്രെയിന്‍ വന്നു, എന്റെ മോളെവിടെ എന്ന് അമ്മ ചോദിച്ചു: അഭിരാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th May 2023, 9:23 pm

നടി, അവതാരക എന്നീ നിലയില്‍ ശ്രദ്ധേയയായ താരമാണ് അഭിരാമി. ‘കഥാ പുരുഷന്‍’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തുന്ന അഭിരാമി പിന്നീട് പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ ചിത്രങ്ങളിലും കൂടാതെ തമിഴ്, തെലുങ്ക്, കന്നട സിനിമ മേഖലയിലും വേഷമിട്ടു.

മിഡില്‍ ക്ലാസ് മാധവന്‍ എന്ന തമിഴ് മൂവിയില്‍ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകാണ് ചിത്രത്തിലെ നായികാ കഥാപാത്രം അവതരിപ്പിച്ച അഭിരാമിയിപ്പോള്‍. നടന്‍ പ്രഭുവുമായി ഒരുമിച്ച് ടണലില്‍ ഷൂട്ട് ചെയ്ത ഒരു രംഗത്തിനിടയില്‍ പെട്ടെന്ന് ട്രെയിന്‍ വന്നപ്പോള്‍ നടക്കാന്‍ കഴിയാതെ ഭിത്തിയില്‍ ചാരി നിന്നെന്നും, പ്രഭു സാര്‍ ഉള്ളതായിരുന്നു ആ സമയത്ത് തനിക്ക് ഏക സമാധാനമായതെന്നും ബിഹൈന്‍ഡ് വുഡ്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘ഞാന്‍ മിഡില്‍ ക്ലാസ് മാധവന്‍ എന്ന ഒരു തമിഴ് മൂവി ചെയ്യുന്ന സമയത്ത് അതിനകത്ത് ടണലില്‍ ഷൂട്ട് ചെയ്ത ഒരു സീന്‍ ഉണ്ടായിരുന്നു. ഒരു അറ്റത്തില്‍ നിന്നും നോക്കിയാല്‍ മറ്റേ അറ്റം കാണാന്‍ പറ്റുന്ന ഒരു ടണല്‍ ആയിരുന്നു അത്.

ആ സിനിമയിലെ പാട്ട് എടുത്തുനോക്കിയാല്‍ നമുക്ക് അത് കാണാന്‍ പറ്റും. ഞാനും പ്രഭു സാറും പാളത്തിന്റെ നടുവില്‍ നിന്ന് ഡാന്‍സ് കളിക്കുന്ന ഒരു സീനായിരുന്നു അത്. ആ ടണലിന്റെ ബ്യൂട്ടിയൊക്കെ കിട്ടാന്‍ വേണ്ടി ക്യാമറ ദൂരത്ത് വെച്ച് സൂം ലെന്‍സ് ഇട്ടാണ് ഷൂട്ട് ചെയ്തത്. വല്ലപ്പോഴും കൂടിയേ അവിടെ ട്രെയിന്‍ വരാറൊള്ളൂ.

പക്ഷേ നമ്മുടെ കഷ്ടകാലത്തിന് അപ്പോഴാണ് ട്രെയിന്‍ വന്നത്. നമ്മള്‍ ടണല്‍ മുഴുവന്‍ ഓടി കടന്ന് വന്നാലെ പുറത്തേക്ക് കടക്കാന്‍ കഴിയൂ. അവിടെ ഒരു മലയായത് കൊണ്ട് സൗണ്ടിന്റെ എക്കോ കാരണം എത്ര ദൂരം ഉണ്ടെന്ന് നമുക്ക് അറിയാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ടണല്‍ മുഴുവന്‍ ഓടി കടക്കാനുള്ള സമയമുണ്ടോ എന്നും അറിയാന്‍ കഴിയുന്നില്ലായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഈ ടണലിന്റെ ഭിത്തിയിലേക്ക് ചാഞ്ഞുനിന്നു. പിന്നെ എനിക്കൊരു സമാധാനം എന്നത് പ്രഭു സാര്‍ അടുത്തുള്ളതായിരുന്നു. പ്രഭു സാറേക്കാളും ചെറുതാണ് ഞാന്‍. അതുകൊണ്ട് അദ്ദേഹത്തെ ട്രെയിന്‍ മിസ് ചെയ്താല്‍ എന്തായാലും എന്നെയും മിസ് ചെയ്യുമെന്ന് ഉറപ്പായിരുന്നു.

അങ്ങനെ ഞങ്ങള്‍ രണ്ട് പേരും അവിടെ ചാഞ്ഞുനിന്നു. ട്രെയിന്‍ പോയി. ഈ സമയത്ത് അമ്മ എന്റെ കൂടെ ഷൂട്ടിന് വരാറുണ്ട്. ടണലിന്റെ പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു. ട്രെയിന്‍ വരുന്ന സമയത്ത് എന്റെ മോളെവിടെ എന്ന് ചോദിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. ട്രെയിന്‍ പോയി കഴിഞ്ഞ് എന്നെ കണ്ടപ്പോള്‍ അമ്മക്ക് സമാധാനമായി,’ അഭിരാമി പറഞ്ഞു.