| Thursday, 13th June 2024, 9:34 pm

കമല്‍ ഹാസന്റെയടുത്ത് നിന്ന് അങ്ങനെയൊരു കോംപ്ലിമെന്റ് കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല: അഭിരാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള നടിയാണ് അഭിരാമി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. തിരിച്ചുവരവില്‍ വളരെ ശ്രദ്ധാപൂര്‍വം മാത്രം സിനിമകള്‍ ചെയ്യുന്ന അഭിരാമി കമല്‍ ഹാസന്‍- മണിരത്‌നം കൂട്ടുകെട്ടിലൊരുങ്ങുന്ന തഗ് ലൈഫിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കമല്‍ ഹാസന്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ വിരുമാണ്ടിയില്‍ ശക്തമായ കഥാപാത്രത്തെ അഭിരാമി അവതരിപ്പിച്ചിരുന്നു. താന്‍ ആദ്യമായി സിങ്ക് സൗണ്ടില്‍ അഭിനയിച്ച സിനിമയായിരുന്നു അതെന്നും, മധുര സ്ലാങിലുള്ള തന്റെ ഡയലോഗ് കേട്ട് കമല്‍ ഹാസന്‍ തന്നെ അഭിനന്ദിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഭിരാമി ഇക്കാര്യം പറഞ്ഞത്.

‘എന്റെ ലൈഫിലെ ഏറ്റവും വലിയ ഓഡിഷനായിരുന്നു വിരുമാണ്ടി സിനിമയുടേത്. ഡബ്ബിങ്ങ് ഇല്ലാത്ത സിനിമയായിരുന്നു വിരുമാണ്ടി. സിങ്ക് സൗണ്ടായതുകൊണ്ട് മധുര സ്ലാങ്ങില്‍ വേണം ഡയലോഗ് പറയാന്‍. ആ സിനിമക്ക് വേണ്ടി ഞാന്‍ മധുര സ്ലാങ് പഠിച്ച് സംസാരിച്ചു. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെട്ടതുകൊണ്ട് ആ സിനിമയിലേക്ക് ഞാന്‍ സെലക്ടായി.

എനിക്ക് ആ സിനിമയില്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ കോംപ്ലിമെന്റ് കമല്‍ ഹാസന്റേതാണ്. ‘കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി സിനിമക്ക് വേണ്ടി മധുര സ്ലാങ്ങ് പഠിച്ച് പെര്‍ഫെക്ടായി അവതരിപ്പിക്കുന്നത് ആദ്യമായി കാണുകയാണ്. ആ ശബ്ദം എനിക്ക് വല്ലാതെ ഇഷ്ടമായി.

ഇനിയങ്ങോട്ട് ഏതെങ്കിലും സിനിമയില്‍ ഡബ്ബിങ് ചെയ്യേണ്ട ആവശ്യം വന്നാല്‍ അഭിരാമിയായിരിക്കും എന്റെ ഫസ്റ്റ് ചോയ്‌സ്,’ എന്നാണ് കമല്‍ സാര്‍ പറഞ്ഞത്. അദ്ദേഹം സംവിധാനം ചെയ്ത വിശ്വരൂപത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി എന്നെ വിളിച്ചിരുന്നു. അതൊക്കെ ഒരു വലിയ അവാര്‍ഡ് കിട്ടുന്നതുപോലെയാണ്,’ അഭിരാമി പറഞ്ഞു.

Content Highlight: Abhirami about the compliment she got from Kamal Haasan

We use cookies to give you the best possible experience. Learn more