Entertainment
അന്ന് മമ്മൂക്കയോടൊപ്പം നില്‍ക്കുമ്പോള്‍ പാനിക് അറ്റാക്ക് പോലെ വന്നു: അഭിരാം രാധാകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 13, 02:24 am
Thursday, 13th March 2025, 7:54 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അഭിരാം രാധാകൃഷ്ണന്‍. 2015ല്‍ പുറത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച അദ്ദേഹം അതേ ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് അഭിനയവും ആരംഭിക്കുന്നത്.

പിന്നീട് വന്ന പറവ (2017) സിനിമയിലെ മനാഫ് എന്ന കഥാപാത്രവും സുഡാനി ഫ്രം നൈജീരിയ (2018) സിനിമയിലെ കുഞ്ഞിപ്പ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശേഷം നിരവധി സിനിമകളുടെ ഭാഗമായ അഭിരാം മമ്മൂട്ടി ചിത്രമായ ഉണ്ടയിലും ഫഹദ് ഫാസില്‍ ചിത്രമായ പാച്ചുവും അത്ഭുത വിളക്കിലും അഭിനയിച്ചു.

ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം ഉണ്ടയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് അഭിരാം രാധാകൃഷ്ണന്‍. ആദ്യ സീനില്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ തനിക്ക് ഒരു പാനിക് അറ്റാക്ക് പോലെ വന്നിരുന്നുവെന്നാണ് നടന്‍ പറയുന്നത്. ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിരാം രാധാകൃഷ്ണന്‍. ഫഹദ് ഫാസിലിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

‘മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം ഞാന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. ആദ്യ സീനില്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് ഒരു പാനിക് അറ്റാക്ക് പോലെ വന്നിരുന്നു. പെട്ടെന്ന് ഒരു ഫ്‌ളാഷ് അടിക്കുന്നത് പോലെയാണ് തോന്നിയത്. ആ ഒരു ഫീലിങ് എങ്ങനെയാണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല.

സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് സ്റ്റക്കായി പോകുന്നത് പോലെയുള്ള ഒരു അവസ്ഥയായിരുന്നു അത്. പക്ഷെ അന്ന് മമ്മൂക്ക തന്നെ മുന്‍കൈ എടുക്കുകയും നമ്മളെ ഒന്ന് ഫ്രണ്ട്‌ലിയാക്കി മാറ്റുകയും ചെയ്തു. നമുക്ക് ഒരു കോണ്‍ഫിഡന്‍സൊക്കെ തരുന്ന രീതിയില്‍ പെരുമാറി. അതുകൊണ്ട് അതിനെ മറികടക്കാന്‍ സാധിച്ചു.

ഫഹദിന്റെ കൂടെ ആണെങ്കിലും അങ്ങനെ തന്നെയാണ്. ഫഹദ് എന്റെ സുഹൃത്താണ്. അതുകൊണ്ടാകും ഫഹദിന്റെ കൂടെ അഭിനയിക്കുമ്പോള്‍ അത്രയ്ക്ക് പ്രശ്‌നം ഉണ്ടായില്ല. പക്ഷെ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ വല്ലാത്ത ടെന്‍ഷനായിരുന്നു. വലിയ ആര്‍ട്ടിസ്റ്റുകള്‍ കൂടെ അഭിനയിക്കാന്‍ വരുമ്പോള്‍ നമുക്ക് അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

പിന്നെ ഇപ്പോഴുള്ളവരെയൊക്കെ നമുക്ക് ഏകദേശം അറിയുന്നതാണ്. പലരും സുഹൃത്തുക്കളാണ്. ടൊവി, ഫഹദ്, ദുല്‍ഖര്‍. അവരൊക്കെയായി നല്ല സൗഹൃദമാണ്. മമ്മൂക്ക പിന്നീട് നമ്മളെ എവിടെ കണ്ടാലും സ്‌നേഹവും പരിഗണനയും തരാറുണ്ട്. അതുതന്നെ വലിയ കാര്യമായിട്ടാണ് നമ്മള്‍ കാണുന്നത്,’ അഭിരാം രാധാകൃഷ്ണന്‍ പറഞ്ഞു.

Content Highlight: Abhiram Radhakrishnan Talks About Mammootty