ഇപ്പോൾ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു യുവതാരമാണ് അഭിരാം രാധാകൃഷ്ണൻ. തിയേറ്ററിൽ നിറഞ്ഞോടുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലും അഭിരാം ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രം നിർമിച്ചിരിക്കുന്നത് സൗബിൻ ഷാഹിറാണ്. സൗബിനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
സൗബിൻ നിർമിക്കുന്ന ആദ്യ ചിത്രത്തിൽ തന്നെ അഭിനയിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണെന്ന് പറയുകയാണ് അഭിരാം രാധാകൃഷ്ണൻ. ജീവിതത്തിൽ ഒരു തൊഴിലവസരം തന്ന വ്യക്തിയാണ് സൗബിനെന്നും അഭിരാം പറഞ്ഞു.
പണ്ടൊരിക്കൽ പറവ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ സൗബിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് താൻ മെസേജ് അയച്ചെന്നും അതിന്റെ ഭാഗമായി പറവയിൽ സഹ സംവിധായകനാവാനുള്ള അവസരം സൗബിൻ നൽകിയെന്നും അഭിരാം പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വിഷമമായേനെയെന്നും ജിഞ്ചർ മീഡിയയോട് അഭിരാം പറഞ്ഞു.
‘ജീവിതത്തിൽ ഒരു തൊഴിൽ വേണമല്ലോ ജീവിക്കാൻ. ഞാൻ സൗബിന്റെ അടുത്ത് ആദ്യം ചോദിക്കുന്നത് എനിക്കൊരു തൊഴിലവസരം തരുമോ എന്നായിരുന്നു.
അങ്ങനെയാണ് പറവയിൽ എന്നെ അസോസിയേറ്റ് സംവിധായകനായി വിളിക്കുന്നത്. അതിന് മുമ്പേ ഞാൻ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഒരു ഗ്യാപ് വന്നിട്ടുണ്ടായിരുന്നു.
എന്താണ് ചെയ്യുകയെന്ന് ഒരു പിടിത്തവും ഇല്ലാതെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ട്രെയ്നിൽ പോയികൊണ്ടിരിക്കുമ്പോൾ സൗബിയുടെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ കാണുന്നത്. പറവ ചിത്രീകരണം ആരംഭിക്കുന്നുവെന്ന്. ഉടനെ തന്നെ ഞാൻ വിളിച്ചു, എന്തെങ്കിലും തൊഴിലവസരമുണ്ടോയെന്ന് ചോദിച്ചു.
അങ്ങനെ തൊഴിലവസരം തന്ന ഒരാളാണ് സൗബിൻ. ഇപ്പോൾ സൗബിൻ ആദ്യമായി നിർമിക്കുന്ന ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റുകയെന്നത് ഒരു ഭാഗ്യമാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ വലിയ വിഷമമായി പോയേനെ,’അഭിരാം പറയുന്നു.
Content Highlight: Abhiram Radhakrishnan Talk About Soubin Shahir