| Sunday, 11th June 2023, 9:36 am

ഹാര്‍ട്ട് ബീറ്റ് അടിച്ചിട്ട് ഡയലോഗ് കേള്‍ക്കാന്‍ പറ്റുന്നില്ല, കട്ട് വിളിച്ചു, എന്റേതാവില്ല ഇവന്റെയായിരിക്കുമെന്ന് മമ്മൂക്ക പറഞ്ഞു: അഭിരാം രാധാകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ട എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ അഭിരാം രാധാകൃഷ്ണന്‍. തിയേറ്റര്‍ ആര്‍ടിസ്റ്റായിരുന്ന തനിക്ക് സ്റ്റേജില്‍ കയറിയപ്പോള്‍ ഉണ്ടാകാത്ത പേടിയാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായിരുന്നതെന്നും തന്റെ ഹൃദയമിടിപ്പ് കാരണം ഷൂട്ടിനിടക്ക് ലേപ്പലില്‍ ഡയലോഗ് പോലും കിട്ടിയില്ലെന്നും അഭിരാം പറഞ്ഞു. മമ്മൂട്ടി പറഞ്ഞു സമാധാനിപ്പിച്ചതിന് ശേഷമാണ് പേടി പോയതെന്നും വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിരാം പറഞ്ഞു.

‘പറവയിലെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് സമീര്‍ താഹിര്‍ സുഡാനിയില്‍ അഭിനയിക്കാന്‍ പറയുന്നത്. സുഡാനിയിലെ പെര്‍ഫോമന്‍സ് കണ്ടിട്ടായിരിക്കും ഖാലിദ് റഹ്‌മാന്‍ ഉണ്ടയിലേക്ക് വിളിച്ചത്. ഉണ്ട കണ്ടിട്ടായിരിക്കും മിഥുനും ആഷിഖും അഞ്ചാം പാതിരയിലേക്ക് വിളിച്ചത്.

ഉണ്ടയുടെ ഷൂട്ടിനിടക്ക് മമ്മൂക്കയുടെ മുഖം കാണുമ്പോള്‍ റീല്‍സ് ഒക്കെയാണ് ഓര്‍മ വരുന്നത്. മമ്മൂക്കയുടെ പല കഥാപാത്രങ്ങള്‍ മനസിലേക്ക് വരും. സ്റ്റേജിലൊന്നും കിട്ടാത്ത തരത്തില്‍ ഒരു പേടി ആദ്യമായി അനുഭവിച്ചത് മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോഴാണ്. എന്താണ് അങ്ങനെ വന്നതെന്ന് അറിയില്ല.

ടേക്ക് കഴിഞ്ഞു. സ്വിങ് സൗണ്ടായിരുന്നു. സൗണ്ടിന്റെ ആള്‍ക്കാര് ടേക്ക് ഓക്കെയല്ല എന്ന് പറഞ്ഞു. എന്താ കാര്യം എന്ന് ചോദിച്ചപ്പോള്‍ ആരുടെയോ ഹാര്‍ട്ട് ബീറ്റ് നന്നായി കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. ഹാര്‍ട്ട് ബീറ്റ് അടിച്ചിട്ട് ഡയലോഗ് കേള്‍ക്കാന്‍ പറ്റുന്നില്ല. അത്രയും ഹാര്‍ട്ട് ബീറ്റ്. എനിക്കും മമ്മൂക്കക്കുമാണ് ലേപ്പല്‍ വെച്ചിരിക്കുന്നത്. എന്റേതാവാന്‍ സാധ്യതയില്ല, ഇവന്റെയായിരിക്കും എന്ന് മമ്മൂക്ക പറഞ്ഞു. എന്റേതാണെന്ന് ഞാന്‍ പറഞ്ഞു.

പേടിക്കുവൊന്നും വേണ്ട, ചില്ലായിട്ട് കൂളായിട്ട് പറഞ്ഞോ, നന്നായിട്ട് ചെയ്യുന്നുണ്ടല്ലോ എന്ന് പറഞ്ഞു. പിന്നെ പേടി ഉണ്ടായില്ല. മമ്മൂക്ക ഇനിഷ്യേറ്റീവ് എടുത്തുകൊണ്ടാണ് ആ പേടി പോയത്. എന്നെ മാത്രമല്ല, എല്ലാവരേയും കംഫര്‍ട്ടാക്കി,’ അഭിരാം പറഞ്ഞു.

ജാക്‌സണ്‍ ബസാര്‍ യൂത്താണ് ഒടുവില്‍ പുറത്ത് വന്ന അഭിരാമിന്റെ ചിത്രം. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ അവറാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: abhiram radhakrishnan about mammootty and unda movie

We use cookies to give you the best possible experience. Learn more