ജാന്‍ എ മന്‍ സിനിമയിലെ ആ രണ്ടുവരി എന്റെ ഐഡിയ ആയിരുന്നു : അഭിറാം രാധാകൃഷണന്‍
Entertainment news
ജാന്‍ എ മന്‍ സിനിമയിലെ ആ രണ്ടുവരി എന്റെ ഐഡിയ ആയിരുന്നു : അഭിറാം രാധാകൃഷണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th June 2023, 10:12 pm

ജാന്‍ എ മന്‍ സിനിമയില്‍ ഇവന്റ് മാനേജ്‌മെന്റുകാരനായി മികച്ച വേഷം കൈകാര്യം ചെയ്ത നടനാണ് അഭിറാം രാധാകൃഷ്ണന്‍. സിനിമയിലെ ഒരു സീനില്‍ രണ്ട് വരി പാട്ടുപാടുന്നത് തന്റെ ഐഡിയ ആയിരുന്നു എന്ന് പറയുകയാണിപ്പോള്‍ അഭിറാം. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിളക്കിന്റെ തിരി മാറ്റുന്ന സീനില്‍ ഒരിടത്ത് ജനനം ഒരിടത്ത് മരണം എന്ന പാട്ടാണ് അഭിറാം പാടിയിരുന്നത്. ഇത് തന്റെ ഐഡിയ ആയിരുന്നു എന്നും സംവിധായകന്‍ ഉള്‍പ്പടെ അത് അംഗീകരിച്ചു എന്നും അഭിറാം പറഞ്ഞു.

‘ജാന്‍ എ മന്‍ സിനിമയില്‍ ഏതാണ്ട് ഞാന്‍ ചെയ്ത എല്ലാം സ്‌ക്രിപ്റ്റിലുള്ളത് തന്നെയായിരുന്നു. ഗണപതിയും ചിദംബരവും സപ്‌നേഷും കൂടിയാണ് അത് എഴുതിയിട്ടുള്ളത്. ജനറേറ്റര്‍ ഓണാക്കുമ്പോഴുള്ള സൂപ്പര്‍മാനൊക്കെ അവരുടെ ഐഡിയയാണ്. ഞാനും ചോദിച്ചിരുന്നു അത് വര്‍ക്കാകുമോ എന്ന്. അവര്‍ക്ക് പക്ഷെ ഭയങ്കര ആത്മവിശ്വാസമായിരുന്നു.

ഞാനായിട്ട് ചെയ്ത ഇംപ്രൊവൈസേഷന്‍ വിളക്ക് തിരിമാറ്റുന്ന  സീനിലുള്ളതാണ്. ആ സീനില്‍ ഒരു പാട്ട് പാടുന്നുണ്ട്, ഒരിടത്ത് ജനനം ഒരിടത്ത് മരണം ചുമലില്‍ ജീവതഭാരമെന്ന പാട്ട്. ആ പാട്ട് പാടിക്കോട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ ഒക്കെ പറഞ്ഞു. അത് മാത്രമേ ഞാന്‍ എന്റേതായിട്ട് ആ സിനിമയില്‍ ചെയിട്ടുള്ളൂ. ബാക്കിയെല്ലാം സക്രിപ്റ്റിലുള്ളതായിരുന്നു.

ജാന്‍ എ മനിലെ ആ ക്യാരക്റ്ററിന്റെ ഒരു പ്രത്യേകത, രണ്ട് വീട്ടിലെയും സംഭവങ്ങളില്‍ നേരിട്ട് ഇടപെടലില്ലാത്തൊരു കഥാപാത്രമായിരുന്നു അത്. ഒരു പാസീവ് ക്യാരക്റ്റര്‍. ഈ സിനിമയുടെ എല്ലാ ചുറ്റുപാടിലും കയറിച്ചെല്ലാന്‍ സാധിക്കുന്ന ഒരു ക്യാരക്റ്റര്‍. ആ സാധ്യത എനിക്ക് ആദ്യമേ മനസ്സിലായിരുന്നു. ശ്രദ്ധിക്കപ്പെടുമെന്ന് കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോഴെ എനിക്ക് മനസ്സിലായിരുന്നു. ആ രീതിയില്‍ തന്നെ ചെയ്യാന്‍ ശ്രമിച്ചു. ആളുകള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അഭിറാം മാക്‌സിമാ എന്നൊക്കെ ആളുകള്‍ വിളിക്കാന്‍ തുടങ്ങി,’ അഭിറാം രാധാകൃഷ്ണന്‍ പറഞ്ഞു.

CONTENT HIGHLIGHTS: Abhiram radhakrishnan about improvisation in jan e man movie