ബാലസംഘവും വേനല്‍തുമ്പി കലാജാഥയും തത്തമ്മ വായിക്കലുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനമായാണ് കണ്ടത്: അഭിറാം രാധാകൃഷ്ണന്‍
Entertainment news
ബാലസംഘവും വേനല്‍തുമ്പി കലാജാഥയും തത്തമ്മ വായിക്കലുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനമായാണ് കണ്ടത്: അഭിറാം രാധാകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th June 2023, 2:00 pm

ബാലസംഘത്തിലെ പ്രവര്‍ത്തനവും വേനല്‍തുമ്പി കലാജാഥയും തത്തമ്മ വായിക്കലുമൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനമായിട്ടാണ് കണ്ടിരുന്നത് എന്ന് നടനും സഹസംവിധായകനും എഴുത്തുകാരനുമായ അഭിറാം രാധാകൃഷ്ണന്‍. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞുനാളിലെ അത്തരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെല്ലാം തന്റെ കലാപരമായ ജീവിതത്തിന് സഹായകരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു അച്ഛനും അമ്മയും സി.പി.ഐ.എമ്മിന്റെ മെമ്പര്‍മാരായിരുന്നു എന്നും നാട് രാഷ്ട്രീയപരമായി ആക്ടീവായിട്ടുള്ള ഒരിടമായിരുന്നു എന്നും അഭിറാം പറഞ്ഞു.

‘അച്ഛനും അമ്മയും സി.പി.ഐ.എമ്മിന്റെ മെമ്പര്‍മാരായിരുന്നു. അതുകൊണ്ട് തന്നെ സ്വാഭാവികമായും ചെറുപ്പത്തില്‍ കാണുന്ന ആളുകളൊക്കെ ഒന്നുകില്‍ പാര്‍ട്ടിക്കാരും അല്ലെങ്കില്‍ കലാകാരന്‍മാരുമായിരുന്നു. പാര്‍ട്ടിക്കാരെന്ന് പറയുമ്പോള്‍ അതില്‍ കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരുമെല്ലാമുണ്ടായിരുന്നു. നാട് രാഷ്ട്രീയമായി ആക്ടീവായിട്ടുള്ള ഒരിടമായിരുന്നു. അതിനകത്ത് ഒളിച്ചോടിപ്പോകാനൊന്നും പറ്റില്ലായിരുന്നു.

ബാലസംഘത്തിലാണ് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത് എന്ന് വേണമെങ്കില്‍ പറയാം. വേനല്‍ തുമ്പി കലാജാഥ അങ്ങനെയൊക്കെയായിരുന്നു തുടക്കം. എവിടെ പോയാലും കലയുണ്ടല്ലോ എന്നതായിരുന്നു ചിന്ത. ബാല സംഘത്തിലെ പ്രവര്‍ത്തനങ്ങളും തത്തമ്മ വായിക്കലുമൊക്കെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിട്ടാണ് ഞാന്‍ കണ്ടിരുന്നത്. അത് ഒരു പരിധിവരെ കലാമേഖലയിലും സഹായകരമായിട്ടുണ്ട്. ഒരു സ്ഥലത്ത് നിന്ന് പ്രസംഗിക്കാനും പത്ത് പേരെ അഡ്രസ്‌ചെയ്യാനോ, നൂറ് പേരെ അഡ്രസ് ചെയ്യാനോ ഒന്നും ഒരു ബുദ്ധിമുട്ടില്ല. ചെറുപ്പത്തിലേ ആ ട്രെയിനിങ്ങൊക്കെ കിട്ടിയിട്ടുണ്ട്. കോണ്‍ഫിഡന്‍സ് ലെവലും വളരെയധികം കൂട്ടിയിട്ടുണ്ട്.

ഒരാളെയും ഞാന്‍ അന്ധമായി ഫോളോ ചെയ്യുന്നില്ല. കുടുംബത്തിലുള്ള ആളുകളെ പോലും അന്ധമായി ഫോളോ ചെയ്യുന്നില്ല. കുടുംബത്തില്‍ രണ്ട് ഭാഗങ്ങളുണ്ട്. അമ്മാവന്‍മാരെല്ലാം കലാകാരന്‍മാരാണ്. അച്ഛന്റെ ഭാഗം രാഷ്ട്രീയക്കാരുമാണ്. അവര്‍ തന്നെയാണ് എന്നെ കലാപരമായ മേഖലയിലേക്ക് അയച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തത്. മറ്റു മേഖലകളിലേക്ക് പോയാല്‍ ശരിയാകില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അത് ഭയങ്കര സഹായകരമായ തീരുമാനമായിരുന്നു,’ അഭിറാം പറഞ്ഞു.

content highlights: Abhiram Radhakrishna About his political works in childhood