രാഷ്ട്രീയത്തിലേക്ക് വരണമെന്ന അഭ്യർത്ഥനയുമായി വ്യക്തികൾ സമീപിച്ചിട്ടുണ്ടെന്ന് നടി അഭിരാമി. താൻ അത് നിരസിച്ചെന്നും രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സമയമില്ലെന്നും താരം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിരാമി.
‘എനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് അങ്ങനെ തോന്നിയിട്ടില്ല. അതിന് സമയമില്ലെന്നുള്ളതാണ് വാസ്തവം. ഇതുവരെ രാഷാട്രീയത്തിലേക്ക് ഒരു ചായ്‌വ് വന്നിട്ടില്ല, താല്പര്യമില്ലെന്നും പറയാം.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങണം എന്ന അഭ്യർത്ഥനയുമായി എന്നെ ആളുകൾ സമീപിച്ചിട്ടുണ്ട്. പക്ഷെ ഞാൻ അതിനെ വളരെ മാന്യമായ രീതിയിൽ തന്നെ നിരസിച്ചു. അതാരാണെന്ന് ഞാൻ പറയില്ല (ചിരിക്കുന്നു). രാഷ്ട്രീയം വേണ്ട എന്ന് ഞാൻ ഉറപ്പിക്കുകയാണ്. രാഷ്ട്രീയത്തിൽ ഉണ്ടാകുകയും ഇല്ല. എനിക്ക് എന്റെ സ്വന്തമായിട്ടുള്ള പൊളിറ്റിക്സ് ഉണ്ട്. അത് മതി,’ അഭിരാമി പറഞ്ഞു.
അഭിമുഖത്തിൽ മുൻകാലങ്ങളിൽ താൻ ചെയ്ത കഥാപാത്രങ്ങൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയങ്ങളെപ്പറ്റിയും താരം പറഞ്ഞു. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലെ രാഷ്‌ടീയത്തോട് എന്തുകൊണ്ടാണ് വിയോജിപ്പുണ്ടായെന്ന ചോദ്യത്തിന് കാലം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകൾ മാറുന്നതുകൊണ്ടാണെന്ന് താരം മറുപടി നൽകി.
‘ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലെ രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പുണ്ട്. അത് ഞാൻ തുറന്ന് പറഞ്ഞിട്ടും ഉണ്ട്. കാലം മാറുന്നതോതിനനുസരിച്ച് നമ്മുടെ കാഴ്ചപ്പാടുകൾ മാറും. അന്നത്തെ കാലം അല്ല ഇന്ന്. ആ സിനിമ കാണിച്ചത് അന്നത്തെ കാലഘട്ടത്തിന്റെ ചിന്താഗതിയാണ്. ആ ഒരു സിനിമ മാത്രമല്ല, അപ്പോൾ ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും അങ്ങനെ തന്നെ ആയിരുന്നു. പക്ഷെ ഇന്നത്തെ കാലഘട്ടത്തിലെ ആളുകളുടെ ചിന്താഗതി മാറി. ആളുകൾ കൂടുതൽ അവബോധം ഉള്ളവരായി. സമൂഹത്തിൽ പല കാര്യത്തെപ്പറ്റിയും ചർച്ചകൾ വരാൻ തുടങ്ങി. പണ്ട് ചെയ്തിരുന്ന ഒരു കാര്യം തെറ്റാണെന്നുള്ള അവബോധം വരാൻ തുടങ്ങി. ഞാൻ ചെയ്തത് തെറ്റായിരുന്നെന്ന് തിരിച്ചറിവുണ്ടായപ്പോൾ ആളുകളോട് തുറന്ന് പറയുന്നതാണ് ശരിയായ തീരുമാനം,’ അഭിരാമി പറഞ്ഞു.