ജോജു ജോര്‍ജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് പണി. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രത്തില്‍ നായികയായി എത്തിയത് അഭിനയയാണ്. സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത അഭിനയ ഇതിനോടകം 50ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയോട് അടങ്ങാത്ത പാഷനുള്ള അഭിനയയുടെ പ്രകടനത്തെ പലരും അഭിനന്ദിക്കുന്നുണ്ട്.
തന്റെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തിയെക്കുറിച്ച് സംസാരിക്കുകയാണ് അഭിനയ. തനിക്ക് ഏറെ പ്രിയപ്പെട്ടയാള്‍ തന്റെ അമ്മയാണെന്ന് അഭിനയ പറഞ്ഞു. എത്ര ചെറിയ കാര്യമായാലും, അതിപ്പോള്‍ തന്നെക്കുറിച്ചുള്ള ഗോസിപ്പാണെങ്കില്‍ കൂടി അത് ആദ്യം പങ്കുവെക്കുന്നത് അമ്മയോടാണെന്ന് അഭിനയ കൂട്ടിച്ചേര്‍ത്തു.
ചെറിയൊരു ബ്രേക്ക് കിട്ടിയാല്‍ പോലും താന്‍ അമ്മയുടെ അടുത്തേക്കാണ് പോവുകയെന്നും അവരോടൊപ്പം സമയം ചെലവഴിക്കാന്‍ താന്‍ ഏറെ ഇഷ്ടപ്പെടാറുണ്ടായിരുന്നെന്നും അഭിനയ പറഞ്ഞു. എന്നാല്‍ 25 ദിവസം മുമ്പ് അമ്മ തന്നെവിട്ട് പോയെന്നും അത് തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നും അഭിനയ കൂട്ടിച്ചേര്‍ത്തു.
അതില്‍ നിന്ന് താന്‍ പതിയെ റിക്കവറായി വരുന്നതേയുള്ളൂവെന്നും പാതി തളര്‍ന്ന അവസ്ഥയിലാണ് താനെന്നും അഭിനയ പറഞ്ഞു. അമ്മ എന്നൊരു വ്യക്തിയാണ് എല്ലാ കാര്യത്തിനും കൂടെ നില്‍ക്കാറുള്ളതെന്നും ഇപ്പോള്‍ കൂടെയില്ലാത്തത് തനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും അഭിനയ കൂട്ടിച്ചേര്‍ത്തു. ഫാമിലിയില്‍ ബാക്കി എല്ലാവരും ഉണ്ടെങ്കിലും അമ്മയില്ലാത്തതിന്റെ കുറവ് നന്നായി അനുഭവപ്പെടാറുണ്ടെന്നും അഭിനയ പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അവര്‍.
‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്റെയമ്മയാണ്. എന്ത് കാര്യമുണ്ടായാലും ആദ്യം അത് പറയുന്നത് അമ്മയോടാണ്. അതിപ്പോള്‍ എന്നെക്കുറിച്ചുള്ള ഗോസിപ്പാണെങ്കിലും ഞാനത് അമ്മയോട് പറയും. ചെറിയൊരു ബ്രേക്ക് കിട്ടിയാലും ഞാന്‍ ആദ്യം അമ്മയുടെ അടുത്തേക്കാണ് പോകാറുള്ളത്. അമ്മയുടെ കൂടെ സമയം ചെലഴിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. പക്ഷേ 25 ദിവസം മുമ്പ് അമ്മ എന്നെ വിട്ടുപോയി. ഇപ്പോഴും എനിക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
അതില്‍ നിന്ന് ഞാന്‍ പതിയെ റിക്കവറായി വരുന്നതേയുള്ളൂ. അമ്മ പോയതിന് ശേഷം പാതി തളര്‍ന്ന അവസ്ഥയിലാണ് ഞാന്‍. എന്റെ എല്ലാ കാര്യത്തിനും, അതിപ്പോള്‍ എത്ര ചെറുതായാലും കൂടെ നില്‍ക്കാറുള്ളത് അമ്മ മാത്രമായിരുന്നു. ഇപ്പോള്‍ എന്റെ കൂടെ അമ്മയില്ല എന്ന കാര്യം എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഫാമിലിയില്‍ ബാക്കി എല്ലാവരും ഉണ്ടെങ്കിലും അമ്മയുടെ കുറവ് ഫീല്‍ ചെയ്യുന്നുണ്ട്,’ അഭിനയ പറഞ്ഞു.
Content Highlight: Abhinaya shares the memories of her mother