| Friday, 8th September 2023, 8:11 pm

ജയിലറിലെ ലാലേട്ടന്റെ ആ മാസ് രംഗം കാണാന്‍ വീണ്ടും തിയേറ്ററില്‍ പോയി: അഭിനവ് സുന്ദര്‍ നായക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ജയിലര്‍ സമാനതകള്‍ ഇല്ലാതെ കളക്ഷന്‍ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒ.ടി.ടി റിലീസും നടന്നിരുന്നു.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത് ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ രണ്ടാമത്തെ എന്‍ട്രി രംഗം കാണാന്‍ വേണ്ടി മാത്രം സിനിമ തിയറ്ററില്‍ ജയിലര്‍ താന്‍ രണ്ടാമതും കണ്ടെന്ന് പറയുകയാണ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായിക്.

ചിത്രത്തിലെ മോഹന്‍ലാലിന്റെ രണ്ടാമത്തെ എന്‍ട്രി രംഗം കാണാന്‍ വേണ്ടി മാത്രമാണ് തിയറ്ററില്‍ ജയിലര്‍ താന്‍ രണ്ടാമതും കണ്ടതെന്നാണ് അഭിനവ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.

‘ട്രക്കുകള്‍ ഉള്‍പ്പെട്ട മോഹന്‍ലാലിന്റെ ആ ക്ലൈമാക്‌സ് രംഗം കാണാന്‍വേണ്ടി മാത്രമാണ് ജയിലര്‍ ഞാന്‍ തിയറ്ററില്‍ രണ്ടാമതും കണ്ടത്. മാസിന്റെ അങ്ങേയറ്റമാണ് അത്. സമീപഭാവിയില്‍ (കുറച്ച് മാസത്തേക്ക് എങ്കിലും) മറ്റൊരു മാസ് ചിത്രത്തിനും ഇത്രയും സ്വാധീനം എന്നില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല’, അഭിനവ് പറയുന്നു.

വിനീത് ശ്രീനിവാസനെ നായകനാക്കി മുകുന്ദന്‍ ഉണ്ണി അസോസിയേറ്റസ് എന്ന ചിത്രം അഭിനവ് സംവിധാനം ചെയ്തിട്ടുണ്ട്. നേരത്തെ ജയിലര്‍ കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍ കുട്ടികളെ കൊണ്ട് മാതാപിതാക്കള്‍ വന്നത് ആസ്വാദനത്തെ ബാധിച്ചുവെന്ന് അഭിനവ് പറഞ്ഞിരുന്നു.

അതേസമയം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് മുമ്പ് എച്ച്.ഡി ക്വാളിറ്റി പ്രിന്റുകള്‍ വ്യാജ ടോറന്റ് സൈറ്റുകളിലും, ടെലഗ്രാം ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

പ്രിന്റുകള്‍ ചോര്‍ന്നതിന് പിന്നാലെ എക്സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളില്‍ സിനിമയുടെ നിര്‍മാണ കമ്പനിയായ സണ്‍ പികിചേഴ്‌സിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ഇത്രയും വലിയ വിജയമായി ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയുടെ എച്ച്.ഡി ക്വാളിറ്റി പ്രിന്റുകള്‍ ചോര്‍ന്നത് തിയേറ്ററില്‍ നിന്ന് സിനിമ കാണാന്‍ ആളുകളെ പിന്തിരിപ്പിക്കും എന്നാണ് വിമര്‍ശനം.

നിര്‍മാണ കമ്പനിയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഇത്തരത്തില്‍ പ്രിന്റുകള്‍ ചോര്‍ന്നതെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Abhinav Sundhar nayak about mohanlal character in jailer
We use cookies to give you the best possible experience. Learn more