സഞ്ജുവിനെ പക്വതയുള്ള ഒരു ബാറ്ററാക്കി മാറ്റിയത് അവരാണ്: മുൻ ഇന്ത്യൻ താരം
Cricket
സഞ്ജുവിനെ പക്വതയുള്ള ഒരു ബാറ്ററാക്കി മാറ്റിയത് അവരാണ്: മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th July 2024, 2:25 pm

ഇന്ത്യ-സിംബാബ്‌വേ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. കഴിഞ്ഞദിവസം നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാബ്വേയെ 42 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.

ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ് വേ നായകന്‍ സിക്കന്ദര്‍ റാസ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വേ 18.3 ഓവറില്‍ 125 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യക്കായി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. നാല് സിക്‌സുകളും ഒരു ഫോറുമാണ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇപ്പോഴിതാ സഞ്ജു സാംസണിന്റെ ഈ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്. സമീപകാലങ്ങളില്‍ സഞ്ജു തന്റെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താത്തതിനെ കുറിച്ചാണ് അഭിനവ് പറഞ്ഞത്. സോണി സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനത്ത് കളിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം അവന് മികച്ച കഴിവുകള്‍ ഉണ്ടെങ്കിലും ചില സമയങ്ങളില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ നിരാശപ്പെടുത്തുന്നു അവന്‍ പക്വത കാണിക്കുന്നില്ല. ഈ സമയത്താണ് അവന്‍ എന്നോട് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ ആയതും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം കളിച്ചത് കൊണ്ടെല്ലാമാണ് അവനില്‍ പക്വത ഉണ്ടായത്.

രാജസ്ഥാനില്‍ അവന്‍ യശസ്വി ജെയ്സ്വാള്‍, റിയാന്‍ പരാഗ് പോലുള്ള മികച്ച താരങ്ങള്‍ക്കൊപ്പം കളിച്ചത് അവനില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പിന്നീടാണ് സഞ്ജു ഒരു പക്വതയുള്ള ബാറ്ററായി കടന്നുവരുന്നത്. ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ലോട്ടിനായി വലിയ മത്സരമാണ് ഉള്ളത്. അതുകൊണ്ട് തന്നെ മത്സരത്തില്‍ അവന്‍ കൈയുയര്‍ത്തി കാണിച്ചത് എന്തിനാണെന്ന് ഇതിലൂടെ മനസിലാക്കാം,’ അഭിനവ് മുകുന്ദ് പറഞ്ഞു.

 

Content Highlight: Abhinav Mukundu Talks about Sanju Samson