ഗുജറാത്ത് ടൈറ്റൻസ് ബെഞ്ചിലിരുത്തിയവന്റെ അഴിഞ്ഞാട്ടം; അടിച്ചുകയറിയത് മലയാളി ഒന്നാമനായ ലിസ്റ്റിലേക്ക്
Cricket
ഗുജറാത്ത് ടൈറ്റൻസ് ബെഞ്ചിലിരുത്തിയവന്റെ അഴിഞ്ഞാട്ടം; അടിച്ചുകയറിയത് മലയാളി ഒന്നാമനായ ലിസ്റ്റിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th August 2024, 10:52 pm

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ മംഗളൂരു ഡ്രാഗന്‍സിന് തകര്‍പ്പന്‍ വിജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നമ്മ ശിവമോഗയെ എട്ട് വിക്കറ്റുകള്‍ക്കാണ് മംഗളൂരു തകര്‍ത്തുവിട്ടത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡ്രാഗണ്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ചെയ്ത ശിവമോഗ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മംഗളൂരു 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ശിവമോഗ താരം അഭിനവ് മനോഹര്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ 34 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടി കൊണ്ടായിരുന്നു അഭിനവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 247.06 പ്രഹരശേഷിയില്‍ ഒമ്പത് കൂറ്റന്‍ സിക്‌സുകളും മൂന്ന് ഫോറുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇതോടെ കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ഒരു ഇന്നിങ്‌സില്‍ കുറഞ്ഞത് 30 പന്തെങ്കിലും നേരിട്ട താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് അഭിനവിന് സാധിച്ചത്.

2022 സീസണില്‍ മൈസൂര്‍ വാരിയേഴ്‌സിനെതിരെ രോഹന്‍ പാട്ടീല്‍ നേടിയ 238 എന്ന സ്‌ട്രൈക്ക് റേറ്റ് മറികടന്നു കൊണ്ടായിരുന്നു ശിവമോഗ താരത്തിന്റെ മുന്നേറ്റം. ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് മലയാളി സൂപ്പര്‍ താരം കരുണ്‍ നായര്‍ ആണ്. 2023 സീസണില്‍ ഗുള്‍ബര്‍ഗ മിസ്റ്റിക്‌സിനെതിരെ 255 പ്രഹരശേഷിയിലായിരുന്നു കരുണ്‍ ബാറ്റ് വീശിയത്.

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് അഭിനവ്. കഴിഞ്ഞ ഐ.പി.എല്ലില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമേ താരത്തിന് അവസരം ലഭിച്ചുള്ളൂ.

അതേസമയം വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മംഗളൂരുവിനു വേണ്ടി രോഹന്‍ പാട്ടീല്‍ 40 പന്തില്‍ 72 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. ആറു ഫോറുകളും അഞ്ച് സിക്‌സുമാണ് താരം നേടിയത്. 19 പന്തില്‍ 43 റണ്‍സ് നേടി മക്‌നീല്‍ ഹാഡ്‌ലി നൊറോണയും 19 പന്തില്‍ പുറത്താവാതെ 38 റണ്‍സ് നേടി കൃഷ്ണമൂര്‍ത്തിയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

 

Content Highlight: Abhinav Manohar Record Achievement in KPL