ന്യൂദല്‍ഹി: ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്‌സ് ജേതാവ് അഭിനവ് ബിന്ദ്രക്ക് സ്വര്‍ണം. 10 മീറ്റര്‍ എയര്‍റൈഫിള്‍സ് വിഭാഗത്തില്‍ 208.8 പോയന്റോടെയാണ് അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയത്. ഇതേ വിഭാഗത്തില്‍ ഗഗന്‍ നാരംഗ്, ചിയാന്‍ സിംഗ് എന്നിവര്‍ നാലും ആറും സ്ഥാനങ്ങള്‍ നേടി. ന്യൂദല്‍ഹിയിലെ ഡോ.കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചിലാണ് മത്സരം നടന്നിരുന്നത്.
കസാഖിസ്ഥാന്റെ യുര്‍കോവ് യൂറി, കൊറിയയുടെ യൂ ജെയ്ശൂല്‍ എന്നിവരെ മറി കടന്നാണ് ബിന്ദ്ര നേട്ടം കൊയ്തത്.
ടൂര്‍ണമെന്റില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തില്‍ ബിന്ദ്ര, നാരംഗ്, ചിയാന്‍ സിംഗ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം 1868.6 ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം കൊറിയക്കും മൂന്നാം സ്ഥാനം സൗദിയുമാണ് നേടിയത്.
തിങ്കളാഴ്ച വനിതാ വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് അപുര്‍വി ചന്ദേല മത്സരത്തിനിറങ്ങും. വിജയ കുമാര്‍, ജിതു റായി, ഹെന്ന സിദ്ധു, അയോനിക പോള്‍ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.
2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പാണിത്.