| Sunday, 25th April 2021, 10:17 pm

നിങ്ങള്‍ ഐ.പി.എല്‍ കളിക്കുമ്പോള്‍ ആ സ്റ്റേഡിയങ്ങള്‍ക്ക് പുറത്ത് ആംബുലന്‍സുകള്‍ പായുന്നുണ്ടെന്നത് മറക്കരുത്: അഭിനവ് ബിന്ദ്ര

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ വലയുമ്പോഴും കായികതാരങ്ങള്‍ നിഷ്‌ക്രിയമായിരിക്കുന്നതിനേയും ഐ.പി.എല്‍ നടത്തുന്നതിനെക്കുറിച്ചുള്ള വിവാദത്തിലും പ്രതികരിച്ച് ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര.

ഇന്ത്യന്‍ കായികതാരങ്ങള്‍ എന്തുകൊണ്ടാണ് അഭിപ്രായം തുറന്നുപറയാന്‍ മടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സത്യസന്ധനായിരിക്കാനും ധൈര്യമുള്ളവാനായിരിക്കാനും തന്നെ പഠിപ്പിച്ചത് സ്‌പോര്‍ട്‌സാണെന്നും ബിന്ദ്ര പറഞ്ഞു. പല കായികതാരങ്ങളും ഒരുപാട് നേട്ടം കൊയ്തിട്ടുണ്ടെന്നും അവരുടേതായ മേഖലകളില്‍ എല്ലാവരും ഹീറോകളാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്നാല്‍ നമ്മള്‍ ആരുടേയും ജീവന്‍ രക്ഷിച്ചിട്ടില്ല. അതുകൊണ്ട് നമ്മുടെ നേട്ടങ്ങളെ ശരിയായി വിനിയോഗിക്കണം,’ ബിന്ദ്ര പറഞ്ഞു. നമുക്ക് ചുറ്റും നോക്കൂ, കൊവിഡ് മുന്നണിപോരാളികള്‍ ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമം നടത്തുന്നത് നോക്കൂ, അവരാണ് യഥാര്‍ത്ഥ ഹീറോകള്‍-ബിന്ദ്ര പറഞ്ഞു.

അതിനാല്‍ കഴിയുന്ന തരത്തില്‍ എല്ലാവരേയും സഹായിക്കാന്‍ നമ്മള്‍ക്കാവണമെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്‍ ഇപ്പോഴും തുടരുന്നത് അനുചിതമാണോ എന്നാണ് ചര്‍ച്ച. വ്യക്തിപരമായി, എനിക്ക് ഇപ്പോള്‍ ഒരു കായിക വിനോദവും കാണാന്‍ കഴിയില്ല. ട്വിറ്ററില്‍ ഐ.പി.എല്ലിനെക്കുറിച്ചുള്ള ചില വാര്‍ത്തകള്‍ എന്റെ ടൈംലൈനില്‍ കാണുമ്പോഴും വേഗത്തില്‍ സ്‌ക്രോള്‍ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സമയത്തും ഐ.പി.എല്‍ കളിക്കാന്‍ കഴിയുന്നതില്‍ എത്രത്തോളം പ്രിവിലേഡ്ജ് ആണ് തങ്ങളെന്ന് കളിക്കാര്‍ മനസിലാക്കണം. അതുകൊണ്ട് ആ സാഹചര്യത്തെ ശരിയായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കണ്ടേത്.

മാസ്‌ക് ധരിക്കുന്നതിന്റേയും സാമൂഹ്യ അകലം പാലിക്കുന്നതിന്റേയും പ്രാധാന്യം പകര്‍ന്നുകൊടുക്കാന്‍ സാധിക്കണം-ബിന്ദ്ര പറഞ്ഞു.

താന്‍ ബി.സി.സി.ഐ പ്രസിഡണ്ടായിരുന്നെങ്കില്‍ കൊവിഡ് പ്രതിരോധത്തിനും വാക്‌സിനേഷനുമായി വലിയ തുക സംഭാവനയായി നല്‍കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതുവഴി ഇപ്പോള്‍ ഐ.പി.എല്‍ നടത്തേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുമായിരുന്നു.

ക്രിക്കറ്റ് താരങ്ങളും ഒഫീഷ്യലുകളും ഇനിയും മൂകരും അന്ധരുമായി തുടരരുതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഐ.പി.എല്‍ കളിക്കുമ്പോള്‍ ആ സ്റ്റേഡിയങ്ങള്‍ക്ക് പുറത്ത് ആംബുലന്‍സുകള്‍ പായുന്നത് മറക്കരുതെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു.

നേരത്തെ കൊവിഡ് വ്യാപനത്തിനിടെ കുംഭമേള നടത്തുന്നതിനെതിരെ ബിന്ദ്ര രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Abhinav Bindra on IPL 2021 Covid 19 Pandemic BCCI

We use cookies to give you the best possible experience. Learn more