എത്രയും വേഗം വിമാനം പറത്തണം; ആഗ്രഹമറിയിച്ച് അഭിനന്ദന്‍
Abhinandan Varthaman
എത്രയും വേഗം വിമാനം പറത്തണം; ആഗ്രഹമറിയിച്ച് അഭിനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2019, 7:48 am

ന്യൂദല്‍ഹി: എത്രയും വേഗം വീണ്ടും വിമാനം പറത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. വ്യോമസേനയുടെ സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ (എ.എഫ്.സി.എം.ഇ) ചികിത്സയില്‍ കഴിയുന്ന അഭിനന്ദന്‍ മുതിര്‍ന്ന വ്യോമസേനാ കമാന്‍ഡര്‍മാരോടും ചികിത്സിക്കുന്ന ഡോക്ടര്‍മാരോടുമാണ് തന്റെ ആഗ്രഹം അറിയിച്ചത്. ന്യൂസ് ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഭിനന്ദന്റെ നട്ടെല്ലിന് പരിക്കുള്ളതായി കഴിഞ്ഞ ദിവസം സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് അഭിനന്ദന്‍ വിമാനത്തില്‍ നിന്നും പുറത്തേക്ക് ചാടിയപ്പോഴാണ് പരിക്ക് സംഭവിച്ചതെന്നും പാകിസ്ഥാന്‍ രഹസ്യ ഉപകരണങ്ങളൊന്നും വര്‍ത്തമാന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടില്ലെന്നും സ്‌കാനിംഗില്‍ മനസിലായതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read Also : ഡിസ്ലെക്‌സിയ രോഗികളെ പരിഹസിച്ച് പ്രധാനമന്ത്രി; സ്വന്തം “തമാശയ്ക്ക്” ചിരിനിര്‍ത്താനാകാതെ മോദി: പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

പാരച്യൂട്ടിന്‍റെ ഹായത്തോടെയാണ് അഭിനന്ദന്‍ തറയില്‍ എത്തിയതെങ്കിലും എടുത്തെറിയപ്പെട്ടത് നട്ടെല്ലിനു പരിക്ക് സംഭവിക്കാന്‍ കാരണമായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കര, നാവിക, വ്യോമ സേനകളിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സയ്ക്കുള്ളതാണ് എ.എഫ്.സി.എം.ഇ.

വ്യോമസേനയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിംഗ് കമാന്‍ഡറെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. വിമാനം നിയന്ത്രിക്കാന്‍ തക്കവിധം അദ്ദേഹത്തെ സജ്ജനാക്കുകയെന്നാണു ലക്ഷ്യമെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.