ന്യൂദല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ എന്ന പേരിന് പുതിയ അര്‍ത്ഥമുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിനന്ദനെ തിരികെയെത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും മോദി പറഞ്ഞു.
ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഓരോ നടപടിയും ലോകം കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യ എന്താണ് ചെയ്യുന്നതെന്ന് ലോകം ശ്രദ്ധിക്കുന്നുണ്ട്. നിഘണ്ടുവിലെ പദങ്ങളുടെ അര്‍ഥം മാറ്റാനുള്ള കരുത്തും ഇപ്പോള്‍ ഇന്ത്യക്കുണ്ട്. അഭിനന്ദന്‍ എന്ന പദം ഉപയോഗിച്ചിരുന്നത് പ്രശംസിക്കുക എന്ന അര്‍ത്ഥത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനന്ദന്‍ എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ തന്നെ മാറ്റമുണ്ടായി”. പ്രധാനമന്ത്രി ന്യൂദല്‍ഹിയില്‍ പറഞ്ഞു.
പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യക്ക് വിട്ടുനല്‍കിയത്. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്ഥാന്റെ എഫ് 16 വിമാനത്തെ തുരത്താനുള്ള ശ്രമത്തിനിടയിലാണ് അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കാനാണ് തങ്ങള്‍ അഭിനന്ദനെ ഇന്ത്യയിലേയ്ക്കയക്കുന്നതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
അതേസമയം, പാക്കിസ്ഥാനുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. തീവ്രവാദത്തിനെതിരെ നടപടിയെടുക്കുംവരെ ചര്‍ച്ചയില്ലെന്നാണ് ഇന്ത്യ അറിയിച്ചത്. അതിര്‍ത്തിയിലെ ജാഗ്രത തുടരുമെന്നും ഇന്ത്യ അറിയിച്ചിരുന്നു.
ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. യുദ്ധമല്ല സമാധാനമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ചര്‍ച്ചകള്‍ക്ക് എപ്പോഴും സന്നദ്ധമാണ്.
അതിര്‍ത്തിയില്‍ നടത്തിയ നീക്കം തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താന്‍ മാത്രമായിരുന്നെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ തീവ്രവാദത്തോട് പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് ഇന്ത്യ പറയുന്നത്.