ന്യൂദല്‍ഹി: അഭിനന്ദന്‍ വര്‍ധമാന്‍ ഫൈറ്റര്‍ പൈലറ്റായത് യു.പി.എ ഭരണകാലത്താണെന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. അഭിനന്ദന്‍ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ വിവാദ പ്രസ്താവന.
“ശത്രു സൈന്യത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ മുഖമാണ് അഭിനന്ദന്‍ വര്‍ധമാന്‍. ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, അദ്ദേഹത്തിനു ഫൈറ്റര്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കുന്നത് 2004ല്‍ യു.പി.എ ഭരണകാലത്താണ്”- സല്‍മാന്‍ ഖുര്‍ഷിദ് ട്വിറ്ററില്‍ കുറിച്ചു.
സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകള്‍ വിവാദമായതോടെ അദ്ദേഹത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. രാജ്യത്തിന്റെ മോശം സമയത്തും ക്രഡിറ്റ് എടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ അനവസരത്തിലായെന്നും അഭിനന്ദന്‍ വര്‍ധമാനെ കോണ്‍ഗ്രസ് രാഷ്ട്രീയവിഷയമാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണമുണ്ട്.
നേരത്തെ ബോളിവുഡ് നടി ശ്രീദേവി മരിച്ചവേളയിലും കോണ്‍ഗ്രസിനെതിരെ സമാന പ്രതിഷേധമുയര്‍ന്നിരുന്നു. ശ്രീദേവിക്ക് പദ്മശ്രീ നല്‍കിയത് യു.പി.എ. സര്‍ക്കാരാണെന്ന കോണ്‍ഗ്രസിന്റെ ട്വീറ്റായിരുന്നു അന്ന് വിവാദത്തിന് കാരണമായത്.