| Monday, 4th March 2019, 1:27 pm

അഭിനന്ദനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു; എ.ബി.വി.പിക്കാര്‍ എന്റെ മകനെ എപ്പോള്‍ തിരികെ തരും: നജീബിന്റെ മാതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബദൗന്‍: പാക്കിസ്ഥാന്‍ കസ്റ്റഡിയിലായിരുന്ന വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയത്. അഭിനന്ദന്റെ മോചനം രാജ്യമൊട്ടാകെ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ രണ്ടര വര്‍ഷം മുന്‍പ് ജെ.എന്‍.യുവില്‍ വെച്ച് കാണാതായ തന്റെ മകനെ ഓര്‍ത്ത് ഇന്നും കരയുകയാണ് നജീബിന്റെ മാതാവ്.

പാക്കിസ്ഥാന്‍ നമ്മുടെ പൈലറ്റിനെ തിരികെ തന്നെന്നും എന്നാല്‍ എ.ബി.വി.പിക്കാര്‍ എന്നാണ് തന്റെ മകനെ തിരിച്ചുതരികയെന്നുമാണ് ഇവര്‍ ചോദിക്കുന്നത്.

“”നമ്മുടെ പട്ടാളക്കാരനായ അഭിനന്ദനെ പാക് സൈന്യം മോചിപ്പിച്ചിരിക്കുന്നു. എന്നാണ് എ.ബി.വി.പിക്കാര്‍ എന്റെ മകനെ മോചിപ്പിക്കുക””- ഫാത്തിമ ചോദിക്കുന്നു.

പാക്കിസ്ഥാന്‍ നമ്മുടെ പൈലറ്റിനെ അറസറ്റ് ചെയ്തു. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കാന്‍ നമുക്കായി. എന്നാല്‍ എന്റെ മകന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത്? ദല്‍ഹി പൊലീസും സി.ബി.ഐയും എസ്.ഐ.ടിയും നിസ്സഹായരാകുന്നത് എന്തുകൊണ്ടാണ്? അവനെ കണ്ടുപിടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്? എന്റെ മകന്‍ എന്ന് തിരിച്ചുവരുമെന്ന് എനിക്ക് അറിയണം. എ.ബി.വി.പിക്കാര്‍ എന്നവനെ മോചിപ്പിക്കും-ഫാത്തിമ നഫീസ് ചോദിക്കുന്നു.


സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ; പട്ടികയില്‍ രണ്ട് സിറ്റിംഗ് എം.എല്‍.എമാരും


അമ്മയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നും നജീബിനെ കാണാതായതുമുതല്‍ മാനസികമായി ഏറെ പിരിമുറക്കം നേരിടുകയാണ് അവരെന്നും നജീബിന്റെ സഹോദരന്‍ ഹസീബ് അഹമ്മദ് ന്യൂസ് 18 നോട് പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിലെ അന്വേഷണം സിബിഐ അവസാനിപ്പിച്ചിരുന്നു.. യുവാവിനെ കണ്ടെത്തുന്നതിനുവേണ്ടി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ പറഞ്ഞത്.

2016 ഒക്ടോബര്‍ 15 മുതലാണ് ജെ.എന്‍.യുവിലെ ഹോസ്റ്റലില്‍നിന്ന് നജീബ് അഹമ്മദിനെ കാണാതായത്. ഇതിന്റെ തലേദിവസം എ.ബി.വി.പി പ്രവര്‍ത്തകരായ ചില വിദ്യാര്‍ഥികള്‍ നജീബുമായി വാക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും നജീബിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

2017 മേയിലാണ് സി.ബി.ഐ കേസില്‍ അന്വേഷണം തുടങ്ങിയത്. എല്ലാ വശങ്ങളും പരിശോധിച്ചുവെങ്കിലും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ പറഞ്ഞിട്ടുണ്ട്.

നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികളുടെ സഹകരണം തേടിയിരുന്നുവെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

We use cookies to give you the best possible experience. Learn more