"ഞങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍ വേണം" അഭിമന്യുവിന്റെ ഗ്രാമം പറയുന്നു
ജംഷീന മുല്ലപ്പാട്ട്

വട്ടവടയിലുള്ള കുട്ടികളെല്ലാം പഠിച്ച് ഉയര്‍ന്ന ജോലിനേടണമെന്ന സ്വപ്നമായിരുന്നു അഭിമന്യുവിനുണ്ടായിരുന്നത്. എല്ലാ പ്രതിസന്ധികളേയും തോല്‍പ്പിച്ചാണ് അഭിമന്യു മഹാരാജാസില്‍ എത്തിയത്. അഭിമന്യുവിന്റെ മരണം വട്ടവടയിലെ ആളുകളില്‍ ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികളെ പുറത്തേയ്ക്ക് പടിക്കാനയക്കാന്‍ ഇവിടുത്തുകാര്‍ക്ക് പേടിയാണ്.

അടിസ്ഥാന സൗകര്യമുള്ള സ്‌കൂള്‍ വട്ടവടയിലില്ല. ഒരു കമ്മ്യൂണിറ്റി ഹാളില്‍ ഒന്നു മുതല്‍ നാലുവരെയുള്ള കുട്ടികള്‍ ഒന്നിച്ചിരുന്നാണ് പഠിക്കുന്നത്. ഒരു ടീച്ചര്‍ക്കും 10 കുട്ടികള്‍ക്കും മാത്രം ഇരുന്ന് പഠിക്കാവുന്ന കെട്ടിടത്തിലാണ് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസിലെ കുട്ടികള്‍ പഠിക്കുന്നത്.

ഹൈസ്‌കൂളില്‍ പോകാന്‍ കിലോമീറ്ററുകള്‍ താണ്ടണം. പ്രാഥമിക വിദ്യാഭ്യാസ സൗകര്യംപോലും ഇല്ലാത്ത വട്ടവട പഞ്ചായത്തില്‍ നിന്നും എങ്ങനെയാണ് കുട്ടികള്‍ ഉപരിപഠനത്തിന് എത്തുന്നതെന്ന് നാം അറിയേണ്ടിയിരിക്കുന്നു.

കാലാകാലങ്ങളായി വളരെ മോശം സാമൂഹിക അന്തരീക്ഷത്തില്‍ ജീവിക്കുന്നവരാണ് വട്ടവടയിലുള്ളവര്‍. വിദ്യഭ്യാസത്തിലൂടെയും ഉയര്‍ന്ന ജോലിയിലൂടെയും മാത്രമേ ഈ അവസ്ഥ പരിഹരിക്കാന്‍ പറ്റൂ എന്ന് ഒരുപക്ഷേ, വട്ടവടയില്‍ നിന്നും ആദ്യം തിരിച്ചറിഞ്ഞ ചെറുപ്പക്കാരന്‍ അഭിമന്യുയാവാം.

വട്ടവടക്കാരുടെ ആകെയുള്ള വരുമാന മാര്‍ഗം കൃഷിയാണ്. ഇതില്‍ നിന്നു തന്നെ ലാഭം കിട്ടുന്നവര്‍ വളരെ ചുരുക്കം. ഇവര്‍ക്ക് മാത്രമേ കുട്ടികളെ ഉപരിപഠനത്തിന് അയക്കാന്‍ കഴിയുന്നുള്ളൂ. ഇങ്ങനെ പഠിച്ചിട്ടും ജോലികിട്ടാതെ കൃഷിപ്പണി ചെയ്യുന്നവരുമുണ്ട് വട്ടവടയില്‍.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം