വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ അഭിമന്യൂവിന്റെ ജൂലി ടീച്ചര്‍; പത്ത് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യയെന്ന് അഭിമന്യൂവിന്റെ അച്ഛന്‍
abhimanyu murder
വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ അഭിമന്യൂവിന്റെ ജൂലി ടീച്ചര്‍; പത്ത് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യയെന്ന് അഭിമന്യൂവിന്റെ അച്ഛന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th July 2018, 10:08 am

വട്ടവട: മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിന്റെ വീട്ടിലെത്തിയ അഭിമന്യൂവിന്റെ പ്രിയപ്പെട്ട ജൂലി ടീച്ചര്‍ക്ക് വീട്ടുകാരോട് പറയാന്‍ മൗനം മാത്രമേ ഉണ്ടായിരുന്നുള്ളു. പഴയ തകരപ്പെട്ടിയില്‍ നിന്ന് വീട്ടുകാര്‍ എടുത്ത് നല്‍കിയ അഭിമന്യുവിന്റെ പഴയ ഫിസിക്‌സ് നോട്ടുബുക്കില്‍ വാക്കുകള്‍ എഴുതാനാകാതെ ജൂലി ടീച്ചര്‍ ഇരുന്നു.

 

ഇന്നലെയാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലും അധ്യാപകരും അഭിമന്യുവിന്റെ വീട്ടിലെത്തിയത്. ഇവരോടൊപ്പം അഭിമന്യുവിന്റെ പ്രിയപ്പെട്ട ജൂലി ടീച്ചറുമുണ്ടായിരുന്നു.


ALSO READ: കൊലയാളികളെ പിടിച്ചില്ലെങ്കില്‍ പട്ടിണികിടന്ന് മരിക്കും; മഹാരാജാസിലെ അധ്യാപകരോട് പൊട്ടിക്കരഞ്ഞ് അഭിമന്യുവിന്റെ പിതാവ്


സ്ഥലത്തുണ്ടായിരുന്ന ദേവികുളം പഞ്ചായത്ത് അംഗം പി.കെ. സുരേഷ് അഭിമന്യുവിന്റെ പുസ്തകങ്ങളും നോട്ട് ബുക്കുകളും സൂക്ഷിക്കുന്ന തകരപ്പെട്ടിയില്‍ നിന്നു പഴയ ഫിസിക്സ് നോട്ട് ബുക്ക് എടുത്ത് ജൂലി ടീച്ചര്‍ക്ക് നേരെനീട്ടി. ഇതില്‍ അവനുവേണ്ടി രണ്ട് വാക്ക് എഴുതാമോ എന്നു ചോദിച്ചപ്പോള്‍ കൈനീട്ടിവാങ്ങിയെങ്കിലും എന്തെഴുതണമെന്നറിയാതെ അവര്‍ പൊട്ടിക്കരയുകയായിരുന്നു.

മഹാരാജാസ് കോളേജില്‍ നടന്ന അനുസ്മരണ യോഗത്തിലും ജൂലിടീച്ചര്‍ അഭിമന്യുവിനെ കുറിച്ച് വാചാലയായിരുന്നു. “അവന്‍ എന്റെ വലം കൈയായിരുന്നു. അനുസരണയും സത്യസന്ധതയും അവന്റെ കൈമുതലായിരുന്നു, നിങ്ങളും അവനെപ്പോലെയാവണം, നിഷ്‌കളങ്കനായ അഭിമന്യുവിനെ എല്ലാവരും അറിയണം എന്നു പറഞ്ഞ് വിതുമ്പിക്കൊണ്ട് അന്ന് പ്രസംഗം ഇടയ്ക്ക് വച്ച നിറുത്തുകയായിരുന്നു.

അതേസമയം അടുത്ത പത്തുദിവസത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്നാണ് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍ പറഞ്ഞത്. ഇന്നലെ കൊട്ടക്കമ്പൂരിലെ വീട്ടിലെത്തിയ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ള അദ്ധ്യാപകരോട് സംസാരിക്കുമ്പോഴാണ് മനോഹരന്‍ ഇത്തരത്തില്‍ സംസാരിച്ചത്.


ALSO READ: അഭിമന്യു ആദിവാസിയല്ലെന്ന് വ്യാജപ്രചരണം: ‘അവന്‍ ആദിവാസി തന്നെയെന്ന്’ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയ


അത്തരത്തില്‍ ഒരു സാഹചര്യമുണ്ടാകില്ലെന്നും കേസ് അന്വേഷണം കൃത്യമായി തന്നെ നടക്കുമെന്നും പറഞ്ഞ് അദ്ധ്യാപകര്‍ മനോഹരനെ ആശ്വസിപ്പിക്കുകയായിരുന്നു. കോളേജ് അധികൃതര്‍ അഞ്ചുലക്ഷത്തോളം രൂപ മനോഹരന് കൈമാറുകയും ചെയ്തു.