| Saturday, 6th October 2018, 8:45 am

'ഇവള്‍ അഭിമന്യുവിന്റെ പെങ്ങള്‍, എല്ലാവരും വരണം'; കേരളത്തെ മുഴുവന്‍ കല്യാണം വിളിച്ച് അഭിമന്യുവിന്റെ മാതാപിതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാര്‍: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ പെങ്ങള്‍ കൗസല്യയുടെ കല്യാണത്തിന് കേരളത്തെ മുഴുവന്‍ വിളിച്ച് അഭിമന്യുവിന്റെ മാതാപിതാക്കള്‍.

“ഇവള്‍ അഭിമന്യുവിന്റെ പെങ്ങള്‍, എല്ലാവരും വരണം”, കൗസല്യയുടെ കല്യാണത്തിനുള്ള ക്ഷണമാണിത്. കല്യാണത്തിന് കേരളം മുഴുവന്‍ വിളിക്കണമെന്നാണ് ആഗ്രഹമെന്ന് മനോഹരനും അമ്മ ഭൂപതിയും പറഞ്ഞു.


നവംബര്‍ 11 ഞായറാഴ്ച രാവിലെ 10.30ന് കൊട്ടാക്കമ്പൂരിന് സമീപമുള്ള റിസോര്‍ട്ടില്‍വെച്ചാണ് കൗസല്യയുടെയും കോവിലൂര്‍ സ്വദേശിയായ മധുസൂദന്റെയും കല്യാണം. മനോഹരന്റെ ബന്ധുവാണ് ഡ്രൈവറായ മധുസൂദന്‍. നവംബര്‍ അഞ്ചിന് കൊട്ടക്കമ്പൂരിലെ വീട്ടില്‍ വെച്ചാണ് വധുവിന്റെ തമിഴ് ആചാരപ്രകാരമുള്ള പൂവിടീല്‍ ചടങ്ങ് നടക്കുന്നത്.

“അവന്റെ വാക്കുപാലിക്കാന്‍ ഞങ്ങള്‍ എല്ലാവരേയും വിളിക്കും. കോളേജിലെ അധ്യാപകരേയും കൂട്ടുകാരേയും എല്ലാം. അവന്റെ മരണശേഷം ഞങ്ങളുടെ വീട്ടിലെത്തി സന്ദര്‍ശക ബുക്കില്‍ പേരെഴുതിയിരിക്കുന്ന എല്ലാവരെയും ഫോണില്‍ വിളിക്കും” -അച്ഛനുമമ്മയും കണ്ണീരോടെ പറഞ്ഞു. എട്ടുബുക്കുകളിലായി 2000ത്തോളം ആളുകള്‍ പേരെഴുതിയിട്ടുണ്ട്.


ജൂലൈ രണ്ടിന് വെളുപ്പിനാണ് മഹാരാജാസ് കോളേജില്‍വെച്ച് ഒന്നാംവര്‍ഷ ബിരുദവ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ചത്. ആഗസ്റ്റില്‍ നടക്കേണ്ട കല്യാണം അഭിമന്യുവിന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more