| Tuesday, 3rd July 2018, 11:32 pm

അഭീ...ഇന്ന് നിന്റെ ടീമിന്റെ കളിയുണ്ടെടാ...കാണാന്‍ നീയില്ല, നിന്റെ ടീം ജയിക്കണം അത് കണ്ടെങ്കിലും ഞങ്ങള്‍ക്ക് സന്തോഷിക്കാലോ; കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൂട്ടുകാരന്റെ ഹൃദയഭേദകമായ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എറണാകുളം മഹാരാജാസിനുള്ളില്‍വെച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന് ഹൃദയഭേദകമായ യാത്രാമൊഴിയുമായി കൂട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. അനുരാഗ് ശശിധരന്‍ എന്ന വിദ്യാര്‍ത്ഥിയാണ് കൂട്ടുകാരന്റെ വേര്‍പാടിലെ ദു:ഖവും അഭിമന്യു കൂട്ടുകാര്‍ക്ക് ആരായിരുന്നു എന്നും പറഞ്ഞുകൊണ്ട്
ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

“അഭീ … നമ്മുടെ ഹോസ്റ്റല്‍ ഇപ്പോള്‍ നിശബ്ദമാണ്. കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിവരെ നിന്റെ ഉച്ചത്തിലുള്ള ശബ്ദവും കളിയാക്കലുകളും പാട്ടും നിലച്ച് ഒരു ശ്മശാനമെന്നോണം എം.സി.ആര്‍ വി വിറങ്ങലിച്ച് നില്‍ക്കുകയാണെടാ…”

ALSO READ: കമ്മ്യൂണിസ്റ്റുകളെ കേരളമണ്ണില്‍ നിന്നും വേരോടെ പിഴുതെറിയണം: അമിത് ഷാ

ലോകകപ്പ് ആവേശത്തില്‍ ഒന്നിച്ചിരുന്ന് കളി കണ്ടിരുന്നതും അനുരാഗ് പോസ്റ്റില്‍ പറയുന്നു.

“നമ്മള്‍ ഒന്നിച്ചിരുന്ന് ലോകകപ്പ് കാണുമ്പോള്‍ നീയുണ്ടാക്കുന്ന ആവേശം. നിന്റെ കളിയാക്കല്‍ ഭയന്നാണ് ഒരോരുത്തരും സ്വന്തം ടീം ജയിക്കാനാഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ തോറ്റപ്പോള്‍ നീ നാട്ടിലായിരുന്നതില്‍ ഞാന്‍ ആശ്വസിച്ചിരുന്നു. നാട്ടില്‍ ചേച്ചിയുടെ കല്യാണ ഒരുക്കവും ഡി. വൈ.എഫ്.ഐ സമ്മേളനവും കഴിഞ്ഞ് സ്റ്റീല്‍ ബോബിനെ കളിയാക്കാന്‍ ഞാന്‍ വരാം. ഞാനില്ലാത്തതിന്റെ പേരില്‍ അധികം ആശ്വസിക്കണ്ട എന്ന് തലേന്ന് പറഞ്ഞാണ് നീ പോയത് .. ഞായര്‍ രാത്രി നിന്റെ കളിയാക്കല്‍ പേടിച്ച് ഞാന്‍ നിന്റെ മുന്നില്‍പെടാതെ മാറി നില്‍ക്കുകയായിരുന്നു. പക്ഷെ ആ ഒളിച്ച് കളിക്ക് അധിക നേരം ആയുസ്സുണ്ടായിരുന്നില്ല. നീ എന്നെ കണ്ടെത്തി വയറു നിറച്ച് തന്നാണ് വിട്ടത്. അന്ന് ഞാന്‍ നിന്റെ ടീമായ കൊളംബിയ തോറ്റുപോകണേയെന്ന് പ്രാകിയിരുന്നു… ഇന്ന് നിന്റെ ടീമിന്റെ കളിയുണ്ടെടാ കാണാന്‍ നീയില്ലാ… ഇന്ന് നിനക്ക് വേണ്ടി നിന്റെ ടീം ജയിക്കണം അത് കണ്ടെങ്കിലും ഞങ്ങള്‍ക്ക് സന്തോഷിക്കാലോ …”

ALSO READ: ‘എന്റെ അഭിമന്യുവിന് എങ്ങനെ ഉണ്ട്?’; കണ്ണ് തുറന്നപ്പോള്‍ മകന്‍ ചോദിച്ചത് അഭിമന്യുവിനെക്കുറിച്ചെന്ന് അര്‍ജുന്റെ അമ്മ

തന്റെ നാട്ടില്‍ നിലനിന്നിരുന്ന ജാതിവിവേചനം ഇല്ലായ്മ ചെയ്യണം എന്നായിരുന്നു അഭിമന്യുവിന്റെ ആഗ്രഹമെന്ന് അനുരാഗ് പറയുന്നു. നാട്ടിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്നും അഭിമന്യു ആഗ്രഹിച്ചിരുന്നു.

“മഹാരാജാസില്‍ ഡിഗ്രിയിലും പി.ജിയിലും പഠിക്കുന്ന പലരോടും തന്റെ നാട്ടില്‍ വന്ന് ക്ലാസെടുക്കാന്‍ നീ ക്ഷണിച്ചിരുന്നു… ഒരിക്കല്‍ എന്നോടും വരണമെന്ന് നീ പറഞ്ഞിരുന്നു. അതൊക്കെ സാധിച്ചെടുക്കാന്‍ നീ ഇപ്പോള്‍ ഈ ഭൂമിയിലില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെടാ…”

ALSO READ: കെ.എസ്.യുക്കാരുടെ വെട്ടും കുത്തുമേറ്റ് എസ്.എഫ്.ഐക്കാര്‍ മരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ നിങ്ങളുണ്ടായിരുന്നു ആന്റണി: തോമസ് ഐസക്ക്

മഹാരാജാസില്‍ വര്‍ഗീയതയുടെ വിഷവിത്തുപാകാനെത്തിയ നരഭോജികളെ ഇടനെഞ്ച് കൊണ്ട് നീ ചെറുത്ത ഈ ദിനം നിന്റെ ഉജ്വല രക്തസാക്ഷിത്വത്തിന്റെ പേരില്‍ എന്നും ഓര്‍മ്മിക്കപ്പെടും എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

We use cookies to give you the best possible experience. Learn more