Entertainment
കുട്ടിക്കാലത്ത് കുസൃതി കാണിച്ചാല്‍ അച്ഛച്ചന്‍ ആ സിനിമയിലെ ശൈലിയിലാണ് വിളിക്കുക: അഭിമന്യു തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 07, 07:22 am
Tuesday, 7th January 2025, 12:52 pm

മലയാളികള്‍ എന്നും ഓര്‍ക്കുന്ന നടനാണ് തിലകന്‍. ആ മഹാനടന്റെ കൊച്ചുമകനാണ് അഭിമന്യു ഷമ്മി തിലകന്‍. അഭിമന്യുവിന്റെ ആദ്യ ചിത്രമാണ് ഈയിടെ ഇറങ്ങിയ മാര്‍ക്കോ. ആ സിനിമയില്‍ റസല്‍ എന്ന ക്രൂരനായ വില്ലനായാണ് അഭിമന്യു അഭിനയിച്ചത്.

മാര്‍ക്കോയിലെ അഭിമന്യുവിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തിലകനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. അച്ഛച്ചനായ തിലകന്റെ ഓര്‍മകള്‍ ഒരുപാടുണ്ടെന്നാണ് അഭിമന്യു പറയുന്നത്.

കുട്ടിക്കാലത്ത് അച്ഛച്ചന്റെ ഫ്‌ളാറ്റിലിരുന്ന് താന്‍ എന്തെങ്കിലും കുസൃതി കാണിക്കുമ്പോള്‍ അദ്ദേഹം ‘എടാ റാസ്‌ക്കല്‍’ എന്നാണ് വിളിക്കാറുള്ളതെന്നും അഭിമന്യു പറയുന്നു. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അച്ഛച്ചന്റെ ഓര്‍മകളെ കുറിച്ച് ചോദിച്ചാല്‍ അത് ഒത്തിരിയുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ കൊച്ചു മോനാണ് ഞാന്‍. കേശു എന്നാണ് എന്നെ വീട്ടില്‍ വിളിക്കുന്നത്. അച്ഛച്ചന്റെ അച്ഛന്റെ പേര് കേശവന്‍ എന്നാണ്.

കുട്ടിക്കാലത്തൊക്കെ അച്ഛച്ചന്റെ ഫ്‌ളാറ്റിലിരുന്ന് ഞാന്‍ എന്തെങ്കിലും കുസൃതി കാണിക്കുമ്പോള്‍ ‘എടാ റാസ്‌ക്കല്‍’ എന്നാണ് അദ്ദേഹം എന്നെ വിളിക്കാറുള്ളത്. സിനിമയിലൊക്കെ കേള്‍ക്കും പോലെയുള്ള ശൈലിയിലാണ് വിളി. എന്നെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. അച്ഛച്ചന്റെ കഥാപാത്രങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടം കിലുക്കം സിനിമയിലേതാണ്.

പിന്നെ ഉസ്താദ് ഹോട്ടല്‍, മൂക്കില്ലാ രാജ്യത്ത്, ഗോഡ്ഫാദര്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ഒരുപാട് ഇഷ്ടമാണ്. ഇനി അച്ഛന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചാല്‍ പ്രജയിലെ ബലരാമനാണ് ഏറ്റവും പ്രിയപ്പെട്ടത്. പിന്നെ കസ്തൂരിമാനിലെ കഥാപാത്രവും നേരത്തിലെ ഊക്കന്‍ ടിന്റുവുമെല്ലാം ഇഷ്ടമാണ്,’ അഭിമന്യു തിലകന്‍ പറഞ്ഞു.

Content Highlight: Abhimanyu Thilakan Talks About Thilakan