| Sunday, 5th January 2025, 2:32 pm

ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ അഭിനേതാക്കളുമായി താരതമ്യം ചെയ്യുമോ എന്നായിരുന്നു ഭയം: അഭിമന്യു തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മഹാനടന്‍ തിലകന്റെ കൊച്ചുമകനാണ് അഭിമന്യു ഷമ്മി തിലകന്‍. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ അഭിമന്യുവിന്റെ അരങ്ങേറ്റ ചിത്രമാണ് മാര്‍ക്കോ. ചിത്രത്തില്‍ റസല്‍ എന്ന വില്ലനായാണ് അഭിമന്യു വേഷമിട്ടത്.

ആദ്യ സിനിമയില്‍ അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയായാണ് അഭിമന്യു. അപ്പൂപ്പനും അച്ഛനുമായി താരതമ്യം ചെയ്യപ്പെടുമോ എന്നതായിരുന്നു ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായിരുന്ന ഏറ്റവും വലിയ ടെന്‍ഷന്‍ എന്ന് അഭിമന്യു പറഞ്ഞു. അച്ഛന്‍ ഷമ്മി തിലകനോടും അപ്പൂപ്പന്‍ തിലകനുമായി ഒരു തരത്തിലും താരതമ്യം ചെയ്യപ്പെടാന്‍ താന്‍ അര്‍ഹനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ക്കോയിലെ തന്റെ കഥാപാത്രത്തിന് ഏറ്റവും പ്രശംസ ലഭിച്ചത് സ്‌റ്റൈലിനും ലുക്കിനുമാണെന്നും അതിന്റെ മുഴുവന്‍ ക്രെഡിറ്റും അച്ഛനാണെന്നും അഭിമന്യു പറയുന്നു. കഥയും കഥാപാത്രവും കേട്ട ശേഷം എങ്ങനെ അത് അവതരിപ്പിക്കണമെന്ന് പറഞ്ഞ് തന്നത് അച്ഛന്‍ ആണെന്നും അഭിമന്യു പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അഭിമന്യു.

‘ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോഴുള്ള ഏറ്റവും വലിയ ടെന്‍ഷന്‍ അപ്പൂപ്പനും അച്ഛനുമായി താരതമ്യം ചെയ്യപ്പെടുമോ എന്നതായിരുന്നു. അഭിനയത്തില്‍ ഒരു തുടക്കക്കാരന്‍ മാത്രമാണ് ഞാന്‍. അവരുടെ കുടുംബത്തില്‍ നിന്നു വരുന്നു എന്നത് മാറ്റി നിര്‍ത്തിയാല്‍, അവര്‍ രണ്ട് പേരുമായി ഒരു തരത്തിലും താരതമ്യം ചെയ്യപ്പെടാന്‍ ഞാന്‍ അര്‍ഹനല്ല.

മാര്‍ക്കോ ഇറങ്ങുന്നതിന്റെ തലേദിവസം ഇത് സംബന്ധിച്ച് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നെ ഒരു തുടക്കക്കാരന്‍ ആയി മാത്രം കാണണമെന്നാണ് എല്ലാവരോടും പറയാനുള്ളത്.

മാര്‍ക്കോയിലെ എന്റെ കഥാപാത്രത്തിന് എനിക്ക് ഏറ്റവും പ്രശംസ ലഭിച്ചത് സ്‌റ്റൈലിനും ലുക്കിനുമെല്ലാമാണ്. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും അച്ഛനാണ്. കഥയും കഥാപാത്രവും കേട്ടപ്പോള്‍ തന്നെ ലുക്ക് എങ്ങനെ ആയിരിക്കണം, ഏതു രീതിയില്‍ നടക്കണം, നോക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം പറഞ്ഞുതന്നത് അച്ഛനാണ്,’ അഭിമന്യു പറയുന്നു.

Content Highlight: Abhimanyu Thilakan Says  While acting in the First Movie he was afraid of being compared to his father and grandfather 

We use cookies to give you the best possible experience. Learn more