ഒരു ബി.ജി.എം പോലുമില്ലാതെ അച്ചച്ചന്‍ ചെയ്ത ആ സീന്‍ ഇന്നും മലയാളത്തിലെ മാസ് സീനുകളിലൊന്നാണ്: അഭിമന്യു തിലകന്‍
Entertainment
ഒരു ബി.ജി.എം പോലുമില്ലാതെ അച്ചച്ചന്‍ ചെയ്ത ആ സീന്‍ ഇന്നും മലയാളത്തിലെ മാസ് സീനുകളിലൊന്നാണ്: അഭിമന്യു തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th January 2025, 3:25 pm

മലയാളത്തിലെ മഹാനടന്‍ തിലകന്റെ കൊച്ചുമകനാണ് അഭിമന്യു ഷമ്മി തിലകന്‍. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ അഭിമന്യുവിന്റെ അരങ്ങേറ്റ ചിത്രമാണ് മാര്‍ക്കോ. ചിത്രത്തില്‍ റസല്‍ എന്ന ക്രൂരനായ വില്ലനായാണ് അഭിമന്യു വേഷമിട്ടത്. വില്ലന് വേണ്ട ശബ്ദ ഗാംഭീര്യവും ലുക്കും അഭിമന്യുവില്‍ ഭദ്രമായിരുന്നെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

ആദ്യചിത്രത്തില്‍ തന്നെ വില്ലനായി വേഷമിട്ടപ്പോള്‍ അതിന് വേണ്ടി എടുത്ത തയാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് അഭിമന്യു. ചിത്രത്തില്‍ വില്ലനാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ എക്‌സൈറ്റഡായെന്ന് അഭിമന്യു പറഞ്ഞു. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് വീട്ടിലിരുന്ന് ഓരോ സീനും എങ്ങനെ ചെയ്യണമെന്ന് ആലോചിച്ചിരുന്നെന്ന് അഭിമന്യു കൂട്ടിച്ചേര്‍ത്തു.

മുമ്പ് കണ്ട പല കഥാപാത്രങ്ങളില്‍ നിന്ന് ഓരോ സീനും റഫറന്‍സായി എടുത്തിട്ടുണ്ടായിരുന്നെന്ന് അഭിമന്യു പറഞ്ഞു. ഏത് സീനെടുത്താല്‍ വര്‍ക്കാകും, വര്‍ക്കാകില്ല എന്നൊക്കെ ഒരുപാട് ഹോംവര്‍ക്ക് ചെയ്തിരുന്നെന്നും അഭിമന്യു കൂട്ടിച്ചേര്‍ത്തു. ഗോഡ് ഫാദറില്‍ തിലകന്‍ ഗേറ്റ് ചവിട്ടിത്തുറക്കുന്ന സീനടക്കം താന്‍ റഫറന്‍സായി എടുത്തിരുന്നവെന്നും അഭിമന്യു പറഞ്ഞു. അത്രയും പ്രായമുള്ള മനുഷ്യന്‍ ഒറ്റക്ക് ഗേറ്റ് തുറന്നുവരുന്ന സീനിന് പ്രത്യേകതയുണ്ടെന്നും ആ സീനില്‍ അദ്ദേഹത്തിന് ബി.ജി.എം ഒന്നും ഇല്ലായിരുന്നെന്നും അഭിമന്യു കൂട്ടിച്ചേര്‍ത്തു.

ആ സീനില്‍ അദ്ദേഹം എല്ലാവരെയും ഡയലോഗ് കൊണ്ട് വിറപ്പിച്ച സീനിനെപ്പറ്റി ഇന്നും പലരും സംസാരിക്കാറുണ്ടെന്നും മലയാളത്തിലെ മികച്ച മാസ് സീനുകളിലൊന്നാണ് അതെന്നും അഭിമന്യു പറഞ്ഞു. അത്തരത്തില്‍ ഒരുപാട് സീനുകള്‍ അവിടന്നും ഇവിടന്നും ഒക്കെ എടുത്താണ് താന്‍ റസലിനെ അവതരിപ്പിച്ചതെന്നും അഭിമന്യു കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അഭിമന്യു.

‘ഷൂട്ടിന് മുമ്പ് ഈ ക്യാരക്ടരിനെ എങ്ങനെ പ്രസന്റ് ചെയ്യണമെന്ന് ആലോചിക്കാന്‍ കുറച്ചധികം സമയം കിട്ടിയിട്ടുണ്ട്. വില്ലനാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ എക്‌സൈറ്റഡായി. ആ സമയത്ത് റസല്‍ എന്ന ക്യാരക്ടറിനെ ഓരോ കഥാപാത്രങ്ങളുടെയും സ്റ്റൈലും മാനറിസവുമൊക്കെ ഞാന്‍ റഫറന്‍സാക്കിയിട്ടുണ്ട്. ഏത് സീനെടുത്താല്‍ വര്‍ക്കാകും, ഏത് സീനെടുത്താല്‍ വര്‍ക്കാകില്ല എന്നൊക്കെ ആലോചിച്ചാണ് ചെയ്തിട്ടുള്ളത്.

അതിലൊന്നാണ് ഗോഡ്ഫാദറില്‍ അച്ചച്ചന്‍ ഗേറ്റ് ചവിട്ടിത്തുറന്ന് വരുന്ന സീന്‍. പുള്ളി അത് ചെയ്യുമ്പോള്‍ ആ സീനില്‍ ബി.ജി.എം ഒന്നും ഉണ്ടായിരുന്നില്ല. അത്രയും പ്രായമായ ഒരു മനുഷ്യന്‍ ഒറ്റക്ക് അത്രയും ആള്‍ക്കാരെ ഭീഷണിപ്പെടുത്തുന്ന സീനിനെപ്പറ്റി ഇന്നും ആളുകള്‍ സംസാരിക്കാറുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച മാസ് സീനുകളിലൊന്നാണ് അത്. അത്തരത്തില്‍ ഒരുപാട് സീനുകള്‍ റഫര്‍ ചെയ്തിട്ടാണ് റസലിനെ ഞാന്‍ പ്രസന്റ് ചെയ്തത്,’ അഭിമന്യു പറഞ്ഞു.

Content Highlight: Abhimanyu Thilakan about Thilakan’s mass scene in Godfather movie