| Wednesday, 4th July 2018, 9:52 pm

അഭിമന്യു വധം; ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. നെട്ടൂര്‍ സ്വദേശി സൈഫുദ്ദീന്‍ (27) ആണ് അറസ്റ്റിലായത്. സെന്‍ട്രല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

നേരത്തെ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും സഹായം ചെയ്തതായും പൊലീസ് പറഞ്ഞിരുന്നു.

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്.ഡി.പി.ഐ സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം 80 പേരെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവ് പ്രഫഷനല്‍ കൊലയാളിയുടെ ചെയ്തിയെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.


Also Read വിദ്യാര്‍ഥിനിയുടെ തൂങ്ങി മരണത്തില്‍ ദുരൂഹത ആരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍; ഇരുകാലുകളും നിലത്തുകുത്തിയ നിലയില്‍, മൃതദേഹത്തില്‍ ചതവുകള്‍

അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്.

ഹൃദയത്തിനു നേരിട്ടു മുറിവേല്‍ക്കുന്ന സ്ഥാനത്താണു കൊലയാളി കുത്തിയത്. ഇരയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനല്ല, മരണം ഉറപ്പാക്കാനാണ് ഇത്തരം ആക്രമണം. കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണു കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more