| Wednesday, 4th July 2018, 10:19 am

അഭിമന്യു കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ ഓഫീസുകളില്‍ വ്യാപക റെയ്ഡ്; സംസ്ഥാന ജില്ലാ നേതാക്കളടക്കം 80 പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് പൊലീസ്.

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും സഹായം ചെയ്തതായി പൊലീസ് പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കായി ആലപ്പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


പാര്‍ട്ടി നല്‍കിയ പദവികള്‍ ദുരുപയോഗം ചെയ്തു; ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ


കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്.ഡി.പി.ഐ സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം 80 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതികളെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതികളില്‍ ചിലര്‍ ആലപ്പുഴയിലുണ്ടെന്ന സൂചന പൊലീസിന് ലഭിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ചോദ്യംചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.


രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്ക് കളമൊരുങ്ങുന്നു


പ്രതികളായ പത്തനംതിട്ട മല്ലപ്പള്ളി ഫറൂഖ് (19), കോട്ടയം കറുകച്ചാല്‍ കങ്ങഴ ബിലാല്‍ (19), ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ് (31) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

ഒളിവില്‍ പോയ കേസിലെ പ്രധാനപ്രതി മുഹമ്മദിനെയും ഫറൂഖിനെയും കോളേജില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്.

കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും അഭിമന്യുവിന്റെ ശരീരത്തിലേറ്റ മുറിവുകള്‍ കൊലപ്പെടുത്തണമെന്ന വ്യക്തമായ തീരുമാനത്തിനു ശേഷം ഏല്‍പ്പിച്ച മുറിവാണെന്നുംആശുപത്രി അധികൃതര്‍ പറഞ്ഞു.

അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവ് പ്രഫഷനല്‍ കൊലയാളിയുടെ ചെയ്തിയെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവിനും സുഹൃത്ത് അര്‍ജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകള്‍.

അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്.

ഹൃദയത്തിനു നേരിട്ടു മുറിവേല്‍ക്കുന്ന സ്ഥാനത്താണു കൊലയാളി കുത്തിയത്. ഇരയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനല്ല, മരണം ഉറപ്പാക്കാനാണ് ഇത്തരം ആക്രമണം. കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണു കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ അക്രമിസംഘം നഗരത്തില്‍ തമ്പടിച്ച ലോഡ്ജ് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more