| Wednesday, 18th July 2018, 9:55 am

അഭിമന്യു വധം; മുഖ്യപ്രതിയായ മുഹമ്മദലി പൊലീസ് പിടിയില്‍; മറ്റു പ്രതികളെ വിളിച്ച് വരുത്തിയത് മുഹമ്മദലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അഭിമന്യു കൊലപാതകത്തിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. കേസിലെ മുഖ്യപ്രതിയും കോളെജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദലിയെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിനായി മറ്റ് പ്രതികളെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് മുഹമ്മദലിയായിരുന്നു. ക്യാംപസ് ഫ്രണ്ടിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റും കോളെജിലെ യൂണിറ്റ് പ്രസിഡന്റുമാണ് മുഹമ്മദലി.

അതേസമയം മുഹമ്മദലിയെ സി.പി.ഐ.എം അനുകൂലിയായി ചിത്രീകരിച്ചുകൊണ്ട് മലയാള മനോരമ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. സി.പി.ഐ.എമ്മിനെ പരിഹസിച്ചുകൊണ്ട് മുഹമ്മദിട്ട പോസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടി ഇയാളെ പാര്‍ട്ടി അനുകൂലിയായി ചിത്രീകരിക്കാന്‍ മനോരമ പത്രം ശ്രമിക്കുകയാണെന്നാണ് സി.പി.ഐ.എം നേതാക്കളടക്കം ആരോപിച്ചിരുന്നു.


Also Read അഭിമന്യു വധം: ഇതുവരെ പോലീസ് ചെയ്തതെന്ത്? ബാക്കി പ്രതികള്‍ എവിടെ? അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുമോ?

“അഭിമന്യു വധം: മുഖ്യപ്രതി “സൈബര്‍ സഖാവ്” എന്ന തലക്കെട്ടില്‍ മനോരമ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരിക്കുന്നത്. മുഹമ്മദ് കുറച്ചുമാസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ സി.പി.ഐ.എം അനുകൂല നിലപാട് പ്രചരിപ്പിച്ചിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചുവെന്നാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

മുഹമ്മദിന്റെ നിലപാടുകള്‍ വ്യക്തമായി പ്രതിഫലിക്കുന്ന മറ്റ് പോസ്റ്റുകള്‍ ഒഴിവാക്കി സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടി മനോരമ വ്യാജ പ്രചരണം നടത്തുന്നെന്ന് സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ ആരോപിച്ചിരുന്നു.


Also Read നിരോധിച്ച് ഇരവാദത്തിന് അവസരമൊരുക്കരുത്, രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമവരെ – കെ.ജെ ജേക്കബ്ബ് എഴുതുന്നു.

കൊലപാതക ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ മുഖ്യപ്രതിക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. കൈവെട്ടു കേസിലെ 13ാം പ്രതി മനാഫിനാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്.

ഇയാള്‍ ഗൂഢാലോചനയില്‍ പ്രധാനിയാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. കൂടാതെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണെന്നും പൊലീസ് പറഞ്ഞു.

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) ഈ മാസം രണ്ടാംതിയ്യതി പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്.


Also Read അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയെ ‘സി.പി.ഐ.എം അനുകൂലിയാക്കി’ മനോരമ: വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കോളേജിലേക്ക് അതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.

അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more