കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതക കേസിലെ രണ്ടാംപ്രതി കീഴടങ്ങിയെന്ന് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ചേര്‍ത്തല സ്വദേശി മുഹമ്മദ് ഷഹീമാണ് കീഴടങ്ങിയത്.
എറണാകുളം ജെ.എഫ്.സി.എം കോടതിയില്‍ കീഴടങ്ങിയ ഷഹീമിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.
അഭിമന്യുവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന അര്‍ജുനെ കുത്തിയത് മുഹമ്മദ് ഷഹീമായിരുന്നു. അഭിമന്യുവിനെ കുത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സഹല്‍ ഒളിവിലാണ്. ഇരുവരെയും ഒഴിവാക്കിയായിരുന്നു ആദ്യ കുറ്റപത്രം.
കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ആണ് ഒന്നാം പ്രതി. മുഹമ്മദ് ഗൂഢാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കുറ്റപത്രം. ആകെ 16 പ്രതികളുള്ള കേസില്‍ 10 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
നാല് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. പിടിയിലാകാനുള്ള പ്രധാന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായ അഭിമന്യു കോളേജിന് പിന്‍ഭാഗത്തെ റോഡിന് സമീപം കുത്തേറ്റ് വീണത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്.എഫ്.ഐയുടെ ചുവരെഴുത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയിലായിരുന്നു സംഭവം.