| Sunday, 18th April 2021, 4:15 pm

അഭിമന്യു വധക്കേസ്; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. വള്ളികുന്നം സ്വദേശികളായ പ്രണവ് (23) , ആകാശ് (20) എന്നിവരാണ് പൊലീസ് പിടിയിലായത്.

ഇരുവര്‍ക്കും കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ സജയ്ജിത്ത്, കൂട്ടുപ്രതി വിഷ്ണു തമ്പി എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

സജയ് ജിത്ത് വെള്ളിയാഴ്ച പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് കീഴടങ്ങിയതെന്നാണ് സജയ് ജിത്ത് പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ഏഴാം തീയതി അനന്തുവുമായി അടിപിടിയുണ്ടായിരുന്നു. അനന്തുവിനെ തേടിയാണ് സംഘം ചേര്‍ന്നതും ക്ഷേത്ര പരിസരത്തെത്തിയതും. എന്നാല്‍, അഭിമന്യുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നെന്ന് സജയ് ജിത്ത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ബുധനാഴ്ച പടയണിവട്ടം ക്ഷേത്രത്തില്‍ നടന്ന വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടായത്. അഭിമന്യു എസ്.എഫ്.ഐ പ്രവര്‍ത്തകനാണെന്നും ആര്‍.എസ്.എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണമെന്നും സി.പി.ഐ.എം ഏരിയാ സെക്രട്ടറി ബി. ബിനു പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content highlights:

Latest Stories

We use cookies to give you the best possible experience. Learn more