അഭിമന്യുവധക്കേസ്; എട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
abhimanyu
അഭിമന്യുവധക്കേസ്; എട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th September 2018, 9:45 pm

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എട്ട് എസ്.ഡി.പി.ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവിയാണ് സെന്‍ട്രല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ പോയ എട്ട് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.


Read Also : ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല; ഫ്‌ളവേഴ്‌സ് ചാനലിനെതിരെ വിമര്‍ശനവുമായി ഹണി റോസ്


 

കേസിലെ 12ാം പ്രതി ചേര്‍ത്തല പാണാവള്ളി കാരിപുഴി നമ്പിപുത്തലത്ത് ഖാലിദിന്റെ മകന്‍ മുഹമ്മദ് ഷഹിം(31), 14ാം പ്രതി ആലുവ ഉളിയന്നൂര്‍ പാലിയത്ത് മൊയ്തീന്റെ മകന്‍ പി എം ഫായിസ്(20), രണ്ടാം പ്രതി ആലുവ എരുമത്തല ചുണങ്ങംവേലി മുള്ളങ്കുഴി ചാമക്കാലായില്‍ മുഹമ്മദ് സലിമിന്റെ മകന്‍ ആരിഫ് ബിന്‍ സലിം(25), 9ാം പ്രതി കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പില്‍ നാസറിന്റെ മകന്‍ വി എന്‍ ഷിഫാസ്(23), എറണാകുളം നെട്ടൂര്‍ മസ്ജിദ് റോഡില്‍ മേക്കാട്ട് ഹംസയുടെ മകന്‍ സഹല്‍(21), 11ാം പ്രതി പള്ളുരുത്തി പൈപ്പുലൈനില്‍ പുതുവീട്ടില്‍പറമ്പ് റസാഖിന്റെ മകന്‍ ജിസാല്‍ റസാഖ്(21), ഫോര്‍ട്ട് കൊച്ചി ജിസിഡിഎ കോളനി നമ്പര്‍ 23ല്‍ ഹൗസ് നമ്പര്‍ 1/1043ല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ തന്‍സീല്‍(25, നിലവില്‍ നെട്ടൂരില്‍ വാടകയ്ക്ക് താമസം), 16ാം പ്രതി നെട്ടൂര്‍ മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ ഹംസയുടെ മകന്‍ സനിദ്(26) എന്നിവര്‍ക്കായാണ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്.

കേസില്‍ നിലവില്‍ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ഉള്‍പ്പെടെ 18 പേര്‍ പിടിയിലായിട്ടുണ്ട്.

മഹാരാജാസിലെ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ ജൂലൈ ഒന്നിന് പാതിരാത്രി പന്ത്രണ്ടരയോടെയാണ് കോളജിന് മുന്നില്‍ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യുവിന്റെ സുഹൃത്തും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അര്‍ജുന് അക്രമത്തില്‍ കുത്തേറ്റ് ഗുരുതരമായ തരത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിനീത് എന്ന മറ്റൊരു വിദ്യാര്‍ത്ഥിക്കും പരുക്കേറ്റിരുന്നു.