വള്ളിക്കുന്നം അഭിമന്യു കൊലക്കേസ്; പ്രതികളായ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Kerala News
വള്ളിക്കുന്നം അഭിമന്യു കൊലക്കേസ്; പ്രതികളായ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th July 2021, 3:30 pm

ആലപ്പുഴ: വള്ളിക്കുന്നത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

കേസില്‍ ഒന്നാം പ്രതി പുത്തന്‍പുരയ്ക്കല്‍ സജയ്ജിത്ത്, ജിഷ്ണു തമ്പി, കണ്ണമ്പള്ളി പടീറ്റതില്‍ അരുണ്‍ അച്യുതന്‍, ആകാശ് പോപ്പി, പ്രണവ്, ഉണ്ണികൃഷ്ണന്‍, അരുണ്‍ വരിക്കോലി എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡി.വൈ.എഫ്.ഐ. അനുഭാവിയായിരുന്ന അഭിമന്യുവിനെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവുമായും പ്രതികള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. അനന്തുവിനെ തേടിയെത്തിയ ഇവര്‍ അഭിമന്യുവിനെ കുത്തി വീഴ്ത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.

പ്രതിയായ അരുണ്‍ വരിക്കോലിയൊഴികെ ബാക്കിയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 262 പേജുള്ള കുറ്റപത്രമാണ് കായംകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചത്.

കേസില്‍ 90 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ വിചാരണ നടപടികള്‍ വേഗത്തിലാകും.

കഴിഞ്ഞ ഏപ്രില്‍ 14ന് വള്ളിക്കുന്നം പടയണിവെട്ടം ക്ഷേത്ര പരിസരത്ത് വെച്ചായിരുന്നു അഭിമന്യുവിന്റെ കൊലപാതകം. അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായിരുന്ന മങ്ങാട്ട് കാശിനാഥ്, നഗരൂര്‍കുറ്റിയില്‍ ആദര്‍ശ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

അതേസമയം അഭിമന്യു എഴുതിയ നാല് പരീക്ഷയിലും വിജയിച്ചിട്ടുണ്ട്. പത്താംക്ലാസ് പരീക്ഷാഫലം വന്നദിവസം തന്നെയാണ് കോടതിയില്‍ പ്രതികള്‍ക്കെതിരായ കുറ്റം സമര്‍പ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Abhimanyu murder case, police charge sheet against rss workers