| Saturday, 14th July 2018, 3:51 pm

അഭിമന്യുവില്‍ നിന്നും നമ്മള്‍ പഠിക്കാത്തത്

എന്‍.പി. ആഷ്‌ലി

സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിലെ ഒരു കുടുംബത്തില്‍ നിന്ന് വന്നു എല്ലാ വിപരീത സാഹചര്യങ്ങളെയും കഷ്ടപ്പെട്ട് ക്ഷമയോടെ, സാഹോദര്യബോധത്തോടെ, പുഞ്ചിരിയോടെ നേരിട്ട് വളരാന്‍ ശ്രമിക്കുകയായിരുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു കലാപാന്തരീക്ഷവുമില്ലാത്ത സാഹചര്യത്തില്‍ സ്വന്തം കോളേജില്‍ വെച്ചു പുറത്തുനിന്ന് വന്ന രാഷ്ട്രീയ ഗുണ്ടകളാല്‍ കുത്തിക്കൊല്ലപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളം ഈ ഷോക്കില്‍ ആയിരുന്നു.

ഇത്തരമൊരു സംഭവത്തില്‍ നിന്ന് ഏതു ജനതയും പഠിക്കുമെന്നു പ്രതീക്ഷിക്കാവുന്ന ചില കാര്യങ്ങളുണ്ട്: രാഷ്ട്രീയം കാരണമാക്കിക്കാണിച്ചു അക്രമികള്‍ നടത്തുന്ന ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കുന്നത്തിനുള്ള ജനകീയരാഷ്ട്രീയ ബോധ്യവും അത് നടപ്പാക്കാനുള്ള ധീരതയും ഇച്ഛാശക്തിയും ഉണ്ടാക്കുക, കോളേജ് കാമ്പസുകളിലെ രാഷ്ട്രീയത്തിന് അതിന്റെ നൈതികതയും അവിടുത്തെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ രാഷ്ട്രീയ ബോധത്തെ ഉണര്‍ത്താനും പ്രകാശിപ്പിക്കാനും പ്രസരിപ്പിക്കാനുമുള്ള ആര്‍ജവവും ഉണ്ടാവുക (മുച്ചൂടും അഴിമതിയിലും അത് കൊണ്ടുതന്നെ അക്രമപരതയിലും മുങ്ങിക്കഴിഞ്ഞ വൃദ്ധരാഷ്ട്രീയത്തിന്റെ കൊടിപിടിക്കുന്നവര്‍ മാത്രമായി മാറ്റുന്ന പ്രവണതകളെ മാറ്റിവെച്ചുകൊണ്ടു പുതിയ ചര്‍ച്ചകള്‍ ഉണ്ടാവുക), ഇതരസമുദായങ്ങളിലുള്ള അയല്‍വാസികളെയും സഹപാഠികളെയും സഹപ്രവര്‍ത്തകരെയും കുറിച്ച് ഭീതിയും അരക്ഷിതത്വവും പരത്തി സമുദായങ്ങളെ പട്ടാളവല്‍ക്കരിക്കുന്ന എല്ലാ മതത്തിലും പെട്ട അപകടകരമായ സംഘടനകളെപ്പറ്റി ജാഗ്രത കൈവരിക്കാന്‍ സാധിക്കുക അങ്ങിനെ പലതുമാകാമായിരുന്നു ഈ പാഠങ്ങള്‍.

അഭിമന്യു വധം കഴിഞ്ഞു ദിവസം പതിമൂന്നായിട്ടും കൊലയാളികളെന്നു സംശയിക്കുന്ന നാലുപേരില്‍ ഒരാളെപ്പോലും പൊലീസിന് പിടിക്കാനായിട്ടില്ല. ഇത് ഒന്നുകില്‍ അക്രമം നടത്തിയ ക്യാമ്പസ് ഫ്രണ്ട്കാരുടെ ക്രിമിനല്‍ നെറ്റ്വര്‍ക്ക് അത്ര ആഴത്തിലുള്ളതായതുകൊണ്ടാണ്. അല്ലെങ്കില്‍ പോലീസിന്റെ അനാസ്ഥ കൊണ്ടാണ്. സി.സി.ടി.വി ദൃശ്യങ്ങളടക്കം ഉള്ള ഒരു കൊലപാതകത്തില്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് കേരളപോലീസിന്റെ ദൗര്‍ബല്യം തന്നെയാണ്.

ഏറ്റവും പ്രാഥമികമായ കുറ്റവാളികളെ കണ്ടുപിടിക്കുക എന്ന ദൗത്യത്തില്‍ വിജയിക്കാതിരുന്ന പോലീസ് രണ്ടു തരം ചര്‍ച്ചകള്‍ തയാറാക്കിത്തന്നിട്ടുണ്ട്.

കുറ്റവാളികള്‍ക്കു മേല്‍ യു.എ.പി.എ ചുമത്തണോ എന്ന കാര്യം ആലോചനയിലുണ്ടെന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റ പറയുന്നു. തീവ്രവാദബന്ധം അന്യായമായി ആരോപിച്ചു ജീവിതങ്ങളേപ്പറ്റി യാതൊരു ശ്രദ്ധയുമില്ലാതെ ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നിയമം ഈ കേസില്‍ ആവശ്യമാണോ എന്ന ചര്‍ച്ച കൊണ്ട് കൊലയാളികളായി മനസ്സിലാക്കപ്പെടുന്ന നാലുപേരെ ഇനിയും കിട്ടിയിട്ടില്ലെന്ന വസ്തുത മറച്ചു വെച്ച് പുതിയൊരു ചര്‍ച്ച മുന്നോട്ടു വെക്കാന്‍ ഡി.ജി.പി ക്കു കഴിയുന്നു.

കൊലയാളികളെന്ന പശുക്കളെ യു.എ.പി.എ തെങ്ങില്‍ കെട്ടിയുള്ള ഉപന്യാസ രചന. കുറ്റവാളികളെ പിടിച്ചിട്ടു ഏതു വകുപ്പ് ചുമത്തണം എന്ന ചര്‍ച്ച മനസ്സിലാക്കാം. പിടിക്കാത്തത് മറച്ചു വെക്കാന്‍ ചര്‍ച്ച ഉണ്ടാക്കുന്നതാണ് അംഗീകരിക്കാനാവാത്തത്.

കിട്ടാത്ത കൊലയാളികളെത്തേടി കേരളമാകെ സെര്‍ച്ച് നടത്തി നൂറു കണക്കിന് പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്യുന്നതിന്റെ സോഷ്യല്‍ ഇമ്പാക്റ്റും പഠനാര്‍ഹമാണ്. അഭിമന്യുവിനെ കൊന്നു കഴിഞ്ഞു ഏഴു ദിവസം കഴിഞ്ഞാണ് സത്യസരണിയടക്കമുള്ള കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതെന്നും ഇത് പോപ്പുലര്‍ ഫ്രണ്ട് കാരെ സഹായിക്കാനാണ് എന്നുമാണ് ഹിന്ദുത്വക്കാര്‍ പറയുന്നത്. അപ്പോഴേക്കും എല്ലാ കേന്ദ്രങ്ങളും പോപ്പുലര്‍ ഫ്രന്റ്കാര്‍ സേഫ് ആക്കി വെച്ചിരിക്കും എന്നാണവരുടെ വാദം. ഇപ്പറഞ്ഞതില്‍ കാര്യമുണ്ടെന്നു വിചാരിക്കാന്‍ സാമാന്യ ഹിന്ദുക്കള്‍ക്ക് ന്യായമുണ്ട്.

മറിച്ചു പോപ്പുലര്‍ ഫ്രണ്ടിനെ മറയാക്കി “മുസ്ലിം വേട്ട” നടത്തുകയാണ് സര്‍ക്കാര്‍ എന്നാണ് അവര്‍ പറയുന്നത്. ഏതെങ്കിലും രാഷ്ട്രീയ കൊല നടന്നപ്പോള്‍ കുറ്റവാളികളെന്നു സംശയിച്ച എതിര്‍ പാര്‍ട്ടിയുടെ സകലമാന നേതാക്കളേയും അണികളെയും കസ്റ്റഡിയിലെടുത്ത സംഭവമുണ്ടോ എന്നാണു അവരുടെ ചോദ്യം. റിയാസ് മൗലവിയുടെ കൊലപാതകം, അരിയില്‍ ഷുക്കൂറിന്റെ കൊലപാതകം അങ്ങിനെ കുറെ ഉദാഹരണങ്ങളും ഇവര്‍ നല്‍കുന്നു (പോപ്പുലര്‍ ഫ്രണ്ട് ആയതുകൊണ്ട് മാത്രമല്ല മുസ്ലിംകളായതുകൊണ്ടും കൂടിയാണീ വളഞ്ഞിട്ടുള്ള ആക്രമണം എന്നാണു ഭാഷ്യം. ഷുക്കൂര്‍ കൊല്ലപ്പെടുമ്പോള്‍ ഐക്യ ജനാധിപത്യമുന്നണി ആയിരുന്നു ഭരണത്തില്‍ എന്ന് ഇക്കൂട്ടര്‍ ഓര്‍ക്കുന്നത് കാണാറില്ല). മുന്നൂറുപേര്‍ ഗൂഢാലോചന നടത്തിയിട്ടു ഒരു കൊലപാതകം നടക്കില്ലല്ലോ. ഇനി നടക്കുമെങ്കില്‍ നമ്മുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ എത്ര ദുര്‍ബലമാണ് എന്ന് അതില്‍ നിന്നറിയാം. ഇപ്പറഞ്ഞത് ശരിയാണല്ലോ എന്ന് മുസ്ലിംകള്‍ക്കു തോന്നാം.

അഭിമന്യു എന്ന എസ്.എഫ്.ഐ ക്കാരനെ കൊന്നതിലുള്ള ദേഷ്യം തീര്‍ക്കാന്‍ നാടുമുഴുവന്‍ പോപ്പുലര്‍ ഫ്രണ്ട്കാര്‍ക്ക് കണക്കിന് കിട്ടുന്നുണ്ട് എന്ന് സമാധാനിക്കുന്ന മാര്‍ക്‌സിസ്റ്റ്കാരും പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ത്തുകൊണ്ടിരിക്കുമ്പോഴും മാര്‍ക്‌സിസ്റ്റുകാരുടെ മുസ്ലിം വിരുദ്ധതയെപ്പറ്റി എഴുതുന്ന ലീഗുകാരും (മറുപക്ഷമാണ് മതതീവ്രവാദങ്ങളെ വളര്‍ത്തുന്നത് എന്ന കുറ്റം ചുമത്തലിന്റെ സൗകര്യമാണ്; മതതീവ്രവാദങ്ങള്‍ വളരുന്നു എന്നതിലെ അപായസൂചനകളല്ല ഇവരെയൊന്നും നയിക്കുന്നത്) പ്രശ്‌നത്തിന്റെ സൂക്ഷ്മതകളോ ദീര്‍ഘകാല പ്രത്യാഘാതങ്ങളോ മനസ്സിലാക്കുന്നു പോലുമില്ല.

നടന്നത് ഒരു വിദ്യാര്‍ത്ഥിയുടെ, പൗരന്റെ ക്രൂരമായ കൊലപാതകമാണ് എന്നും ഭരണഘടനയെയും നിയമവ്യവസ്ഥയെയും ജനങ്ങളെയും വെല്ലുവിളിക്കുന്ന ഈ കൃത്യത്തിനുത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും എല്ലാവരും മറന്നു. സ്വപക്ഷം ശരിയാണെന്നും തങ്ങളാണ് കേരളത്തിലെ ശരിയായ ഇരകളെന്നും വിചാരിക്കാനും പ്രചരിപ്പിക്കാനും കേരളത്തിലെ ഹിന്ദു-മുസ്ലിം വാട്ടസ്ആപ് ഗ്രൂപ്പുകള്‍ക്ക് കിട്ടിയ പുതിയ കാരണത്തിന്റെ പേര് മാത്രമായി അഭിമന്യുവിനെ നമ്മള്‍ അപമാനിച്ചു തുടങ്ങിയിട്ടില്ലേ?

ഇതിലേക്ക് കൂടിക്കൊടുക്കാന്‍ പലരുമുണ്ട്: ഹാദിയ കേസില്‍ പ്രകടനം നടത്തിയവരില്‍ ചിലരെ സംശയിക്കുന്നു എന്ന് റിപ്പോര്‍ട്ട് എഴുതി ഹാദിയയുടെ മതം മാറ്റവും പിന്നീടുള്ള കല്യാണവും അഭിമന്യു വധവുമായി ഏതോ തരത്തില്‍ ബന്ധപ്പെട്ടതാണെന്നുള്ള അപസര്‍പ്പകകഥ എഴുതുന്നവര്‍. എന്ത് ചോദ്യത്തിനും “മേരെ പാസ് മാ ഹേ” എന്ന് പറയുന്ന സഞ്ജീറിലെ അമിതാഭ് ബച്ചനെപ്പോലെ, ഹാദിയയുടെ പൗരാവകാശപ്പോരാട്ടം തങ്ങളുടെ പോപ്പുലര്‍ ഫ്രണ്ട് പിന്തുണക്കു മറക്കുടയായി ഉപയോഗിക്കുന്ന അവരുടെ സോഷ്യല്‍ മീഡിയ പ്രതിരോധികള്‍. ഇസ്ലാമിസത്തെയോ കേരളീയ മുസ്ലിംകളിലെ ദളിതവിരോധത്തെയോ വിമര്‍ശിക്കുന്ന ദളിതരെയെല്ലാം ഇസ്ലാമോഫോബ് ആക്കുന്ന ഇസ്ലാമിസ്‌ററ് പട്ടാളത്തെപ്പോലെ തന്നെ സഹതാപകരമാണ്, സാമൂഹ്യ സമ്മതി തേടാന്‍ എന്നെങ്കിലും എവിടെയെങ്കിലും ദളിത് രാഷ്ട്രീയത്തെ ഇസ്ലാമിസ്റ്റുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ചു ദളിത് രാഷ്ട്രീയത്തെത്തന്നെ തള്ളിപ്പറയാന്‍ ഈ അവസരം ഉപയോഗിക്കുന്ന ദളിത് വിരുദ്ധര്‍.

ഇതുപോലെ ആണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന വാദം. പ്ലാസ്റ്റിക് നിരോധനം പോലെ ഒരെളുപ്പപ്പണിയാണ് സംഘടനാനിരോധനം. ആകെ ഉള്ള ഉപകാരം ഈ നിരോധനം ഉപയോഗിച്ച്, ഏതെങ്കിലും കാലത്തു ഈ പാര്‍ട്ടിയുമായി എന്തെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെയൊക്കെ ശത്രുക്കള്‍ക്കു ഒതുക്കാന്‍ ഉപയോഗിക്കാം എന്നതാണ്. പകരം ചെയ്യേണ്ടത് പോപ്പുലര്‍ ഫ്രണ്ട് ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഇരവാദാധിഷ്ടിതമായ രാഷ്ട്രീയത്തിലെ അനീതിയും അക്രമവും അപകടങ്ങളും എല്ലാവര്‍ക്കും മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്.

സദാചാരത്തിന്റെയോ സാമ്പത്തിക ഇടപാടുകളുടെയോ ഇടനിലക്കാരായി വരുന്ന ആരെയും, “നാം ആക്രമിക്കപ്പെടാന്‍ പോകുന്നു അതുകൊണ്ടു നമുക്ക് സായുധരായി ഇരിക്കാം” എന്ന് പറയുന്ന ഏതു മത-രാഷ്ട്രീയ ശക്തിക്കുമെതിരെ ജനങ്ങളും അതതു സമുദായങ്ങളും ഇവരുടെയൊക്കെ മെഷിനറി ആയി സ്വയം മനസ്സിലാക്കേണ്ട സ്റ്റേറ്റും ഉണ്ടാക്കേണ്ട ഒരു രാഷ്ട്രീയ-സാമൂഹ്യ സംസ്‌കാരമുണ്ട്. അതില്‍ നാം ഊന്നണം.

ഭരണഘടനാമൂല്യങ്ങള്‍ (അവ മാത്രമാണല്ലോ ഇന്ത്യക്കാര്‍ എന്നൊരു വിഭാഗത്തെത്തന്നെ ഉണ്ടാക്കുന്നത്) ചര്‍ച്ച ചെയ്തും പകര്‍ന്നും ജീവിതത്തിലേക്ക് കൊണ്ട് വരണം. മതവിശ്വാസത്തെ സാമൂഹ്യബോധവുമായും ചരിത്രബോധവുമായും നീതിബോധവുമായും ബന്ധിപ്പിക്കുന്ന ചര്‍ച്ചകള്‍ നടക്കണം. സമുദായങ്ങള്‍ക്കിടയിലുള്ള ഭീതിയെപ്പറ്റിയുള്ള തുറന്ന ചര്‍ച്ചകള്‍ക്ക് ആരെങ്കിലും മുന്‍കൈ എടുക്കണം. ഇതിനൊക്കെ ഇടയില്‍ ഏതെങ്കിലും അക്രമ സംഭവം നടന്നാല്‍ ചെയ്തവര്‍ക്കും ഗൂഡാലോചനക്കാര്‍ക്കും എതിരെ കൃത്യമായ നടപടി എടുക്കണം.
ഒരു ഭാഗത്തു ഒരു മൂല്യസമുച്ചയം ഉണ്ടാകുമ്പോള്‍ മറുഭാഗത്തും കൃത്യമായ നിയമ നടപടികള്‍. അല്ലാതെ ഒറ്റവാക്കില്‍ നിരോധിച്ചു പോവുന്നത് നല്ല ഹെഡ്‌ലൈന്‍ മാത്രമേ നമുക്ക് തരൂ. ആ ചര്‍ച്ച പോലും ഒരു distraction മാത്രമാണ്.

നമ്മള്‍ ഒന്നും പഠിക്കില്ല. അമ്പതു വര്‍ഷമായി ആരും ഇപ്പോഴും കൊല്ലപ്പെടാമെന്ന അവസ്ഥയില്‍ കണ്ണൂരിലെ കുറെ ഗ്രാമങ്ങള്‍ ജീവിക്കുന്നു (1968ഇലാണ് ആദ്യത്തെ രാഷ്ട്രീയക്കൊല). ആ അവസ്ഥയെ മാറ്റാന്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത നമ്മള്‍ ഇനിയും കലാലയങ്ങളെയും നമ്മുടെ കുട്ടികളെയും കൊല്ലാനിട്ടു കൊടുത്തുകൊണ്ടിരിക്കും. പുതിയ പേരുകളില്‍, കാരണങ്ങളില്‍ ചോര ചിന്തിക്കൊണ്ടിരിക്കും….

എന്‍.പി. ആഷ്‌ലി

ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍

We use cookies to give you the best possible experience. Learn more