| Tuesday, 10th July 2018, 8:51 pm

കൊലയാളികളെ പിടിച്ചില്ലെങ്കില്‍ പട്ടിണികിടന്ന് മരിക്കും; മഹാരാജാസിലെ അധ്യാപകരോട് പൊട്ടിക്കരഞ്ഞ് അഭിമന്യുവിന്റെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അഭിമന്യുവിനെ കൊന്നവരെ പിടികൂടിയില്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് പിതാവ് മനോഹരന്‍. അഭിമന്യുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ മഹാരാജാസിലെ അധ്യാപകരോടാണ് മനോഹരന്‍ ഇക്കാര്യം പറഞ്ഞത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇത് മനോഹരന്‍ പറഞ്ഞത്.

കൊലപാതകികളെ പിടിച്ചില്ലെങ്കില്‍ താന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. താന്‍ പട്ടിണി കിടന്ന് മരിക്കും. കൊലയാളികളെ എത്രയും പെട്ടെന്ന് പിടികൂടണം. വിതുമ്പിക്കൊണ്ട് മനോഹരന്‍ പറഞ്ഞു.

മഹാരാജാസ് കോളേജില്‍ നിന്നും പിരിച്ച 5,40,000 രൂപ അധ്യാപകര്‍ അഭിമന്യുവിന്റെ പിതാവിന് കൈമാറി.

അതേസമയം അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായവരെല്ലാം പ്രധാന പ്രതികളാണെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Read Also : അഭിമന്യു ആദിവാസിയല്ലെന്ന് വ്യാജപ്രചരണം: “അവന്‍ ആദിവാസി തന്നെയെന്ന്” തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയ


കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസിലെ മറ്റ് പ്രതികള്‍ വിദേശത്തേക്ക് കടന്നോയെന്ന് അന്വേഷിച്ച് വരികയാണെന്നും എം.പി.ദിനേശ് പറഞ്ഞു.

കേസില്‍ പൊലീസ് തിരയുന്ന പ്രതികളില്‍ ഒരാള്‍ മൂന്നു ദിവസം മുമ്പ് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കൃത്യത്തില്‍ ഉള്‍പ്പെട്ട 12 പേരുടെ വിവരങ്ങള്‍ കൊച്ചിയും മംഗലാപുരവും ബംഗളൂരുവുമടക്കമുള്ള വിമാനത്താവളങ്ങള്‍ക്ക് കൈമാറിയിരുന്നതായും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

പിടിയിലാവാനുള്ള പ്രതികള്‍ക്കായി അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

അഭിമന്യു വധക്കേസില്‍ നേരിട്ട് പങ്കെടുത്ത ആറ് നെട്ടൂര്‍ സ്വദേശികളെയാണ് ഇനി പിടികൂടാനുള്ളത്. ഇതില്‍, കൊലപാതകം നടത്തിയ പ്രതികളെ കോളേജിലേക്ക് വിളിച്ചുവരുത്തിയ മുഹമ്മദ് എന്നയാളെയും കണ്ടെത്താനുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more