അഭിമന്യുവിന് വേണ്ടി, ഇനി മുതല്‍ ഒരു വര്‍ഗീയ സംഘങ്ങളെയും ഈ ക്യാമ്പസില്‍ പ്രവേശിപ്പിക്കില്ല: മഹാരാജാസിലെ കെ.എസ്.യു നേതാവ് തംജിദ് താഹ സംസാരിക്കുന്നു
abhimanyu murder
അഭിമന്യുവിന് വേണ്ടി, ഇനി മുതല്‍ ഒരു വര്‍ഗീയ സംഘങ്ങളെയും ഈ ക്യാമ്പസില്‍ പ്രവേശിപ്പിക്കില്ല: മഹാരാജാസിലെ കെ.എസ്.യു നേതാവ് തംജിദ് താഹ സംസാരിക്കുന്നു
അലി ഹൈദര്‍
Friday, 6th July 2018, 11:54 am

ഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ മരണവാര്‍ത്ത കേട്ടത് മുതല്‍ ഇതുവരെ നടുക്കം മാറിയിട്ടില്ല. “ഞാന്‍ പെറ്റ മകനേ” എന്നുറക്കെ വിളിച്ചുകൊണ്ടുള്ള അമ്മയുടെ നെഞ്ച് പിളര്‍ക്കുന്ന കരച്ചിലിന്റെ ശബ്ദം വിട്ടുമാറിയിട്ടില്ല. അവനെകുറിച്ചുള്ള ഓര്‍മ്മകള്‍ പറഞ്ഞ് തീര്‍ന്നിട്ടില്ല, അവന്‍ പകര്‍ന്നു നല്‍കിയ സ്നേഹത്തെ കുറിച്ച്, അവന്റെ പുഞ്ചിരിയെ കുറിച്ച്, അവന്റെ ഇടപെടലിനെ കുറിച്ച്, ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമത്തില്‍ നിന്നും അവന്‍ എത്തിപ്പെട്ടതിനെ കുറിച്ച് എഴുതി തീര്‍ന്നിട്ടില്ല.

Image result for വര്‍ഗീയത തുലയട്ടെ

 

“അഭിമന്യു നമ്മെ വിട്ട് പോയതിന്റെ ദു:ഖത്തില്‍ എല്ലാ മഹാരാജാസുകാരും പങ്കുചേരുക, പ്രതിഷേധിക്കുക” ഇത് കെ.എസ്.യു മഹാരാജാസിന്റെ ഫേസ്ബുക്ക് പേജിലെ വരികളായിരുന്നു. ക്യാംപസ് ഫ്രണ്ടുകാര്‍ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിനെ പ്രൊഫൈല്‍ പടമാക്കി, പ്രിയ മഹാരാജാസുകാരന്‍ എന്ന തലക്കെട്ടില്‍ അവര്‍ മുഴുവന്‍ കെ.എസ്.യുക്കാരോടും ആഹ്വാനം ചെയ്തത് പ്രിയ കൂട്ടുകാരന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാനായിരുന്നു.

 

എസ്.എഫ്.ഐയുടെ ഏകാധിപത്യമാണു കോളജിലെ ദുരനുഭവത്തിനു കാരണമെന്ന് എ.കെ ആന്റണിയും വി.ടി ബല്‍റാമും മറിച്ചൊരാലോചനയില്ലാതെ പ്രഖ്യാപിക്കുമ്പോള്‍ മഹാരാജാസിലെ കെ.എസ്.യുക്കാര്‍ക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. അവര്‍ അഭിമന്യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു, അവന്റെ നന്മയെ കുറിച്ചും സ്നേഹത്തെ കുറിച്ചും നിര്‍ത്താതെ എഴുതികൊണ്ടിരുന്നു. വര്‍ഗീയതയെ വേരോടെ പിഴുതെറിയുമെന്ന് ഉറച്ച നിലപാടെടുത്തു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഒരു ചെറിയ അടി പോലും ഈ ക്യാമ്പസില്‍ ഉണ്ടായിട്ടില്ലെന്ന് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

എന്ത് കൊണ്ട് മഹാരാജാസിലെ കെ.എസ്.യുക്കാര്‍ക്ക് വി.ടി ബല്‍റാമിന്റെയോ എ.കെ ആന്റണിയുടെയോ സ്വരമായില്ല… മഹാരാജാസിലെ കെ.എസ്.യു നേതാവ് തംജീദ് താഹ പറയുന്നു.

പുതിയ കുട്ടികള്‍ കടന്നുവരുന്ന ദിവസമായിരുന്നു തിങ്കളാഴ്ച്ച, എല്ലാ സംഘടനയും നവാഗതരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്ന രാത്രിയാണത്. ഞങ്ങള്‍ ഹൈക്കോടതി ജംഗ്ഷന്ടുത്തുള്ള ഓഫീസില്‍ പോയിരുന്നു. അവിടെയാണ് ഞങ്ങള്‍ കാര്യങ്ങളൊക്കെ ചെയ്യാറ്, സംഭവം നടക്കുമ്പോള്‍ ഞങ്ങള്‍ അവിടെയായിരുന്നു. സംഭവം കഴിഞ്ഞതിന് ശേഷമാണ് ഞങ്ങള്‍ എത്തുന്നത്. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മുഹമ്മദ് എന്റെ ക്ലാസിലായിരുന്നു, പോസ്റ്ററൊട്ടിക്കാന്‍ ഉണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. അവിടെ ചുമരെഴുത്തിന്റെ വിഷയവുമായി ചെറിയ വാക്ക് തര്‍ക്കമുണ്ടായിരുന്നു. പിന്നെ കുറച്ച് കഴിഞ്ഞാണ് സംഭവം നടക്കുന്നത്. പുറത്ത് നിന്നുള്ളവരൊക്കെ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. മഹാരാജാസില്‍ അന്ന് രാത്രി നടന്നതിനെ കുറിച്ച് തംജീദ് പറഞ്ഞു.

അഭി നല്ല സുഹൃത്തായിരുന്നു, എന്നും പുഞ്ചിരിച്ച് കൊണ്ടിരിക്കും., സ്നേഹമായിരുന്നു അവന് എല്ലാവരോടും. കോല്‍ക്കളി ടീമില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. സ്റ്റപ്പൊക്കെ തെറ്റിയാല്‍ ഞാന്‍ വഴക്കൊക്കെ പറയും പിന്നെ തെറ്റിക്കാതെ കളിക്കും. പാവമായിരുന്നു അവന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ അവന്റെ പാട്ട് ഞങ്ങള്‍ കോല്‍ക്കളി പ്രാക്ടീസ് ചെയ്യുമ്പോള്‍ പാടിയതാണ്. നന്നായി പാടും, സംവദിക്കും. രാഷ്ട്രീയമായി ഞങ്ങള്‍ തര്‍ക്കിക്കാറൊക്കെയുണ്ട്. അപ്പോഴും ഞങ്ങളുടെ വ്യക്തി ബന്ധങ്ങള്‍ക്ക് ഒന്നും സംഭവിച്ചിരുന്നില്ല, എല്ലാവരോടും അവന്‍ അങ്ങനതന്നെയാണ്. തംജീദ് ഓര്‍ത്തെടുക്കുന്നു.

ഞാന്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞിരുന്നു കെ.എസ്.യു സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തെ കുറിച്ച്. അവനായിരുന്നു ആദ്യമെത്തിയത്. ഫുട്ബോളിനെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. എതിര്‍ നില്‍ക്കുന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോഴും അവന്‍ ഞങ്ങളുടെ ഇത്തരം പരിപാടിയില്‍ സജീവമായി പങ്കെടുക്കാറുണ്ട്. എല്ലാത്തിലും നന്നായി ഇടപെടുന്നയാളായിരുന്നു അവന്‍. സേവനം ചെയ്യാന്‍ ഭയങ്കര ഇഷ്ടമായിരുന്നു, അത് കൊണ്ടാണ് അവനെ എന്‍.എസ്.എസിന്റെ സെക്രട്ടറിയാക്കിയത്. ഇല്ലെങ്കില്‍ സീനിയേഴ്സിനെയാണ് സെക്രട്ടറിയാക്കാറ്, ഇവന് അത്തരം കാര്യങ്ങളിലൊക്കെ പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. തംജീദ് പറയുന്നു.

Image result for അഭിമന്യു


Read Also : ഒറ്റക്കുത്തിനു  കൊല്ലണമെങ്കില്‍ നമ്മുടെ ആ പി.ടി ക്ലാസ് ഇപ്പോഴും നടക്കുന്നുണ്ടാവുമല്ലോ; ക്യാമ്പസ് ഫ്രണ്ട് മുന്‍ ജില്ലാ കമ്മിറ്റി അംഗം ചോദിക്കുന്നു


അഭിമന്യുവിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്, ഒരു തരം മരവിപ്പായിരുന്നു പിന്നെ, വിശ്വസിക്കാനെ പറ്റിയില്ല, കൊല്ലാന്‍ മാത്രം അവിടെ ഒന്നുമുണ്ടായിരുന്നില്ല, പിന്നെ എന്തിനാണവര്‍ ഇത്രക്രൂരമായി അവനെ കൊന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല, ക്യാപസ് ഫ്രണ്ടിന് കോളേജില്‍ വലിയ സ്വാധീനമൊന്നുമില്ല. മൂന്നോ നാലോ പേരെയുള്ളു. വല്ലപ്പോഴുമൊക്കെയെ അവര്‍ പരിപാടികളൊക്കെ സംഘടിപ്പിക്കുന്നുള്ളു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോഴൊക്കെ അവര്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഹാദിയ വിഷയത്തില്‍ എം.സി ജോസഫൈനിനെ ക്യാമ്പസില്‍ തടയാനുമൊക്കെ അവരും ഉണ്ടായിരുന്നു. അതിനൊന്നും അവിടെ ആരും തടസ്സം നിന്നിരുന്നില്ല. പതാകകെട്ടാനും അനുവദിച്ചിരുന്നു. സത്യം പറഞ്ഞാല്‍ അവരെ ആരും തന്നെ മൈന്റ് ചെയ്യാറുണ്ടായിരുന്നില്ല, പിന്നെ എന്ത് സംഘടനാ സ്വാതന്ത്ര്യമാണവര്‍ക്ക് നിഷേധിച്ചത്. തംജീദ് ചോദിക്കുന്നു.

തംജീദ് താഹ
ഇപ്പോള്‍ കൊന്നിട്ടും കലി തീരാത്തവര്‍ സോഷ്യല്‍ മീഡിയയില്‍ അവന്റെ മരണത്തെയും വെറുതെ വിടുന്നില്ല, അവന്റെ പഴയ സ്‌ക്രീന്‍ ഷോട്ടുകളൊക്കെ പൊക്കിപ്പിടിച്ച് ഉളുപ്പില്ലാതെ കൊലയെ ന്യായീകരിക്കുന്നുണ്ട്. അഭിക്ക് ആദ്യമുണ്ടായിരുന്ന നിലപാടായിരുന്നില്ല അവസാനം. പലകാര്യങ്ങളും അവന്‍ പിന്നീട് ആര്‍ജ്ജിച്ചെടുത്തതാണ്. അഭി മുസ്ലിംകള്‍ക്ക് എതിരെയായിരുന്നെന്ന് കാണിക്കാന്‍ വേണ്ടി അവന്റെ പോസ്റ്റുകള്‍ കുത്തിപ്പൊക്കുന്നവര്‍ ജാര്‍ഖണ്ഡിലെ മുസ്ലിം ജനതയ്ക്ക് വേണ്ടി അവസാന സമയത്ത് അവനിട്ട  പോസ്റ്റൊന്നും കാണാത്തതെന്താണ്. അതൊക്കെ കാണുമ്പോള്‍ നല്ല സങ്കടമുണ്ട്, നല്ല നിലപാടുള്ള ഇടതുപക്ഷക്കാരനായിരുന്നു, അവനെകുറിച്ചുള്ള അത്തരം പ്രചരണത്തെ എന്ത് വിലകൊടുത്തും ഞങ്ങള്‍ പ്രതിരോധിക്കും. അപ്പുറത്ത് സമാനരീതിയില്‍ സംഘികളും അവനെകുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രധാന പ്രതിയായ മുഹമ്മദിനൊപ്പമിരിക്കുന്ന ചിത്രങ്ങളൊക്കെ വെച്ച് എന്തൊക്കെയൊ എഴുതിപ്പിടിപ്പിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിനെയും ഞങ്ങള്‍ പ്രതിരോധിക്കും. അഭിമന്യുവിന്റെ മരണത്തോടെ ഒരു കാര്യം ഞങ്ങള്‍ തീരുമാനിച്ചു. എ.ബി.വി.പി ക്യാംപസ് ഫ്രണ്ട് പോലുള്ള വര്‍ഗീയ തീവ്രവാദ സംഘങ്ങളെ ഇനിയൊരിക്കലും ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കില്ല. വിദ്യാര്‍ത്ഥികള്‍ ഇത്തരം സംഘങ്ങളുടെ പിടിയിലകപ്പെടാതിരിക്കാന്‍ ഞങ്ങള്‍ ജാഗ്രത കാണിക്കും. ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും അര്‍ഹിക്കാത്തവരാണവര്‍. തംജീദ് പറയുന്നു.

 

കഴിഞ്ഞ ഒന്നര വര്‍ഷമായി ക്യാമ്പസില്‍ സൗഹൃദത്തോടു കൂടി തന്നെയാണ് പോകുന്നത്. അഭിമന്യുവിനെ പോലുള്ളവരുടെ സാന്നിധ്യം ഒരുപക്ഷെ അതിന് കാരണമായിട്ടുണ്ടാകും. ഈ ഒരന്തരീക്ഷം ഏറെ ഇഷ്ടപ്പെട്ടിരുന്നു എല്ലാവരും. അപ്പോഴാണ് ഇത് സംഭവിക്കുന്നത്. എസ്.എഫ്.ഐക്ക് കിട്ടിയ തിരിച്ചടിയായിട്ടാണ് ഇതിനെ പലരും കാണുന്നത്. അത് തെറ്റാണ്, മഹാരാജാസിലെ കെ.എസ്.യുക്കാര്‍ക്ക് അങ്ങനെ കാണാന്‍ പറ്റില്ല, അത് കൂടുതല്‍ ഗുണം ചെയ്യുക കൊലയാളികള്‍ക്ക് തന്നെയാണ്. എസ്.എഫ്.ഐ മറ്റു ക്യാമ്പസുകളിലൊക്കെ കാണിക്കുന്ന ഏകാധിപത്യ സ്വഭാവത്തോടും രീതിയോടും ഒട്ടും യോജിപ്പില്ല, പക്ഷെ അത് പറയേണ്ട സമയം ഇതല്ല. അത് വേറോരു ചര്‍ച്ചയാണ്. ഇപ്പോള്‍ അത് പറഞ്ഞാല്‍ യഥാര്‍ത്ഥ വിഷയം അഡ്രസ് ചെയ്യാതെ പോകും.

 

ഞങ്ങള്‍ക്ക് വേണമെങ്കില്‍ മിണ്ടാതിരിക്കാമായിരുന്നു. നിശബ്ദത മാത്രം മതിയായിരുന്നു കെ.എസ്.യുവിന് രാഷ്ട്രീയ എതിരാളിയെ ഒറ്റയ്ക്ക് വിടാന്‍. കെ.എസ്.യു മഹാരാജാസ് മിണ്ടാതെയിരുന്നില്ല. രാഷ്ട്രീയ എതിരാളിയെയല്ല ഞങ്ങള്‍ കണ്ടത്. കൂടെയുണ്ടായിരുന്ന ഒരുവന്‍ വിട്ടുപിരിഞ്ഞതായാണ്. വര്‍ഗീയ വാദികള്‍ വെട്ടിക്കൊന്ന അവനെ കുറിച്ച് ഞങ്ങളാല്‍ ആവുന്നത് പറയാനും എഴുതാനും തീരുമാനിച്ചത് രാഷ്ട്രീയം മതലെടുപ്പിനുള്ളതല്ലെന്ന് ഉറച്ച ബോധ്യം ഞങ്ങള്‍ക്കുള്ളത് കൊണ്ടാണ്. ഈ ഒരു വികാരം എല്ലാ കെ.എസ്.യുക്കാരും ഉള്‍ക്കൊള്ളണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. തംജീദ് കൂട്ടിച്ചേര്‍ത്തു.

അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ കിട്ടണമെന്നാണ് ആഗ്രഹം. അവന് നീതി കീട്ടാനുള്ള എല്ലാ പോരാട്ടത്തിലും ഞങ്ങളുമുണ്ടാകും. ക്യാമ്പസില്‍ വര്‍ഗീയതയ്ക്കെതിരെയും അഭിമന്യുവിന്റെ ഘാതകര്‍ക്കെതിരെയും കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഞങ്ങള്‍ നടത്തും.

അലി ഹൈദര്‍
മാധ്യമപ്രവര്‍ത്തകന്‍