| Tuesday, 10th July 2018, 3:45 pm

അഭിമന്യു ആദിവാസിയല്ലെന്ന് വ്യാജപ്രചരണം: 'അവന്‍ ആദിവാസി തന്നെയെന്ന്' തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല “കൊല്ലപ്പെട്ടതിനു” പിന്നാലെ പ്രതിസ്ഥാനത്തുണ്ടായിരുന്ന സംഘപരിവാര്‍ ദേശീയ തലത്തില്‍ നടത്തിയ വ്യാജ പ്രചരണങ്ങളിലൊന്ന് രോഹിത് ദളിത് വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നതായിരുന്നു. ഇപ്പോള്‍ മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട ആദിവാസി വിദ്യാര്‍ഥി അഭിമന്യുവിന്റെ വിഷയത്തില്‍ പ്രതിസ്ഥാനത്തുള്ള പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നതും ഇതേ പ്രചരണമാണ്.

അഭിമന്യു ദളിതനോ ആദിവാസിയോ അല്ലെന്നും ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടയാളാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്.


Also Read:കനത്തമഴയെ തുടര്‍ന്ന് സ്‌കൂളിന് അവധിയുണ്ടോ എന്നറിയാന്‍ കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിച്ച ആള്‍ക്ക് പരിഹാസം


കെ.കെ ബാബുരാജ് ഫേസ്ബുക്കിലിട്ട ഒരു കുറിപ്പാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നത്. “ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട അഭിമന്യു ദളിതനോ ആദിവാസിയോ അല്ലായിരുന്നു. അദ്ദേഹം പിന്നാക്ക ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു.അഭിമന്യുവിന്റെ സമുദായത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുത തമസ്‌കരിച്ചില്ലായിരുന്നെങ്കില്‍ ഈ കൊലപാതകം ഇത്രമാത്രം വൈകാരികമായി മാറുമായിരുന്നോ?” എന്നാണ് കെ.കെ ബാബുരാജിന്റെ കുറിപ്പ്. ഈ കുറിപ്പ് ഏറ്റെടുത്തുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിമന്യു ആദിവാസിയല്ലെന്ന് പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്ന് തെളിവുകള്‍ സഹിതം ബാബുരാജിന്റെ പോസ്റ്റിനു കീഴില്‍ തന്നെ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ മഹാരാജാസ് കോളജില്‍ അഭിമന്യു പ്രവേശനം നേടിയ ഹോസ്റ്റല്‍ അഡ്മിഷന്‍ രേഖകളും മറ്റും അദ്ദേഹം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളായിരുന്നെന്നും അതിന്റെ ആനുകൂല്യങ്ങള്‍ നേടിയിരുന്നെന്നും വ്യക്തമാക്കുന്നതാണ്.

കൂടാതെ അഭിമന്യു മഹാരാജാസില്‍ പ്രവേശനം നേടിയത് എസ്.ടി വിഭാഗത്തില്‍ തന്നെയാണെന്നാണ് മഹാരാജാസ് കോളജ് അധികൃതരും പറയുന്നത്.


Also Read പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് ആദിവാസികളോട് അയിത്തം; പരാതിയുമായി ഊരുമൂപ്പന്‍


മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കുന്ന മുവാറ്റുപുഴയിലെ ജില്ലാ പട്ടിക വര്‍ഗ ഓഫീസിലെ രേഖകളും അഭിമന്യു പട്ടികവര്‍ഗ വിദ്യാര്‍ത്ഥിയാണെന്ന വസ്തുത ശരിവെക്കുന്നതാണ്.

റൈറ്റ്സ് സംഘടനയുടെ പ്രവര്‍ത്തകനായ അജയ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബാബുരാജിന്റെ വ്യാജ പ്രചരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഒരാള്‍ ദളിത് അല്ലാതാവുന്നതോട് കൂടെ വൈകാരികത ഇല്ലാതുന്നതെങ്ങനെയാണെന്ന് അജയ് കുമാര്‍ ചോദിക്കുന്നു.

“”ദളിതരാണെങ്കിലേ കുഴപ്പമുള്ളു, ഒ.ബി.സി ആണെങ്കില്‍ കുഴപ്പില്ല എന്ന ലോജിക്ക് നമ്മുടെ യാഥാര്‍ത്ഥ്യങ്ങളുമായി യോജിക്കുന്നതല്ല. ഒ.ബി.സി ആണെന്ന് പറയുന്നത് ഒരു സവര്‍ണ്ണ ബുദ്ധിയാണ്. ഇത് രോഹിത് വെമുലയുടെ കാര്യത്തിലും ജിഷയുടേയും കെവിന്റേയും കേസിലും കണ്ടിരുന്നു. ദളിതര്‍ ഒ.ബി.സി വിരുദ്ധര്‍ ആണെന്ന ഒരു സവര്‍ണ്ണബോധ്യത്തിന്റെ അടിസ്ഥാനത്തിലുണ്ടാവുന്ന പ്രചരണമാണിത്. കൊല്ലപ്പെട്ട ആള്‍ ഒ.ബി.സി ആണെങ്കില്‍ വൈകാരികത കുറയും എന്നത് ഒരു ലോജിക്കും ഇല്ലാത്ത കാര്യമാണ്. ഈ ലോജിക്ക് ദളിതര്‍ക്കിടയില്‍ കടത്തി വിടുന്നത് ജാതീയതയുടെ ഒരു ആനുകൂല്യം സവര്‍ണ്ണര്‍ക്ക് ലഭിക്കാന്‍ വേണ്ടി മാത്രമാണ്” , അജയ് കുമാര്‍ പറയുന്നു.


Also Read:മോദി കെയറിനോട് വിമുഖത കാണിച്ച് രാജസ്ഥാനും മഹാരാഷ്ട്രയും


രോഹിത്ത് വെമുലയുടെ മരണത്തിന് ശേഷം സംഘപരിവാര്‍ അനുകൂലികളുടെ ഭാഗത്ത് നിന്നാണ് ഇതിന് മുമ്പ് ഇത്തരത്തിലുള്ള പ്രചരണം ഉണ്ടായത് എന്നതും ശ്രദ്ധിക്കേണ്ട വിഷയമാണെന്ന് അജയ് കുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. ഇന്ന് അഭിമന്യു ആദിവാസി അല്ലെന്ന് പറയുന്ന കെ.കെ ബാബുരാജിനെ പോലെയുള്ളവര്‍ക്കും, അത് ഏറ്റുപിടിക്കുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടേയും ചിന്ത പോകുന്നതും സമാനമായ സവര്‍ണ്ണ ബോധത്തിലേക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more