ഇടുക്കി: ക്യാംപസ് കൊലപാതകത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളില്‍ അഭിമന്യുവിനൊപ്പം ഇനി ധീരജും. ഇരുവരും ഒരുപോലെ ക്യാംപസുകളുടെ മനംകവര്‍ന്നവര്‍. ഇടുക്കി വട്ടവട സ്വദേശി അഭിമന്യു കൊലപ്പെടുന്നത് എറണാകുളം മഹാരാജാസ് ക്യാംപസിലാണ്. പിന്നിലേറ്റ കുത്താണ് അഭിമന്യുവിന്റെ മരണത്തിനിടയാക്കിയത്.
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമെത്തുമ്പോള്‍ കണ്ണൂര്‍ സ്വദേശി ധീരജ് കൊല്ലപ്പെടുന്നത് അതേ രാഷ്ട്രീയ പകപോക്കലിനിരയായി. നെഞ്ചിലേറ്റ കുത്താണ് ധീരജിനെ മരണത്തിലേക്ക് നയിച്ചത്.
ധീരജിന്റെ കൊലപാതകത്തില്‍ പ്രതികളായ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക.
കൊലപാതകത്തില്‍ ഇരുവരുടേയും പങ്ക് വ്യക്തമായെന്നും ഇരുവരും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ കസ്റ്റഡിയിലായ എല്ലാവരും കെ.എസ്.യു പ്രവര്‍ത്തകരായ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ധീരജിന് സംസ്‌കാരം ഇന്ന് കണ്ണൂരിലെ വീട്ടില്‍ നടക്കും. സി.പി.ഐ.എം ഇടുക്കി ജില്ല കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായിട്ടായിരിക്കും നാട്ടിലേക്ക് കൊണ്ടുപോവുക.
ധീരജിന്റെ മരണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന്‍ വന്ന ശേഷം പ്രകോപന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.