ആദിവാസികളെ 'വിശ്വാസികള്‍ക്കൊപ്പം' അണിനിരത്താനുള്ള ശ്രമം ബ്രാഹ്മണ്യത്തിന്റെ മറ്റൊരടവ്
Sabarimala
ആദിവാസികളെ 'വിശ്വാസികള്‍ക്കൊപ്പം' അണിനിരത്താനുള്ള ശ്രമം ബ്രാഹ്മണ്യത്തിന്റെ മറ്റൊരടവ്
ഡോ. അഭിലാഷ് തടത്തില്‍
Friday, 12th October 2018, 12:14 pm

 

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കൊടതി വിധിയുമായി ബന്ധപ്പെട്ടു ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ ആ മേഖലയില്‍ നൂറ്റാണ്ടുകളായി താമസിക്കുകയും ഈ ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ തങ്ങള്‍ക്കുണ്ടായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കപ്പെടണമെന്ന് കാലങ്ങളായി അവകാശമുന്നയിക്കുകയും ചെയ്യുന്ന തെക്കന്‍ കേരളത്തിലെ ആദിവാസി വിഭാഗങ്ങളുടെ ഈ വിഷയത്തില്‍ “വിശ്വാസികള്‍ക്കൊപ്പം” എന്ന നിലപാട് ഏറെ പ്രതിലോമകരമാണ്. ഫലത്തില്‍ അതു ബ്രാഹ്മണ മേധാവിത്വത്തിന്‍ കീഴില്‍ ആദിവാസികളെ കൊണ്ട് കെട്ടാന്‍ മാത്രമേ ഉപകരിക്കൂ എന്നതാണ് വസ്തുത.

ആചാരങ്ങള്‍ക്കൊപ്പമാണ് മറിച്ച് കോടതി വിധിക്കൊപ്പമല്ല ഞങ്ങള്‍ എന്നു മല അരയരും, അഗസ്ത്യകൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനിവദിക്കരുത് എന്നു കാണിക്കാരും പറയുമ്പോള്‍ നൂറ്റാണ്ടുകളായി തങ്ങളും തങ്ങളുടെ തലമുറകളും അനുഭവിച്ചു കൊണ്ടിരുന്ന അടിമത്വവും ചൂഷണവും ഒക്കെ തങ്ങളൂടെ അവകാശമാണെന്നു പറയുന്ന വിരോധഭാസമാണ് ഇന്നു കേരളം കാണൂന്നത്.

തെക്കന്‍ കേരളത്തിലെ ആദിവാസി വിഭാഗങ്ങളായ മല അരയരും, കാണിക്കാരും കേരളത്തിലെ ഇതര ആദിവാസി സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭരഘടന വിഭാവനം ചെയ്ത് സംവരണ ആനുകുല്യങ്ങള്‍ ഒരു പരിധിവരെയെങ്കിലും ലഭിച്ചവരാണ്. ഈ സംവരണം കൊണ്ടുവന്ന സാമുഹിക സാമ്പത്തിക പുരോഗതി ഉപയോഗിച്ചു ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ലിംഗ വേര്‍തിരിവുകളെ അതിലംഘിക്കുന്ന പുരോഗമന കാഴ്ച്ചപ്പാടുകളെ മുന്നോട്ടു വയ്ക്കുന്നതിനു പകരം ഉച്ചനീചത്വത്തിന്റെ ഇരുണ്ട കാലത്തേക്ക് പിന്തിരിഞ്ഞോടാന്‍ തിടുക്കം കൂട്ടുകയാണ് ഇവര്‍ എന്നാണ് അവരുടെ ഈ വിഷയത്തിലെ നിലപാടുകള്‍ സൂചിപ്പിക്കുന്നത്.

എങ്ങിനെയാണ് ഇവര്‍ ഇന്നു വിശ്വാസ സംരക്ഷണം എന്നുപറഞ്ഞു ബ്രാഹ്മണ്യത്തിനു പിന്നില്‍ ചാവേറുകളായി അണിനിരക്കുന്നത്? രണ്ടു വര്‍ഷം മുമ്പ് മകര വിളക്കു തെളിയിക്കുന്നത് സംബന്ധിച്ച് മല അരയര്‍ അവകാശവാദം ഉന്നയിച്ചത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഗൗനിക്കാതെ വന്നപ്പോള്‍ കൂടെനിന്നു എന്ന് പറയപ്പെടുന്ന പന്തളം രാജാവിനോടും, തന്ത്രി കുടുംബത്തോടും ഉള്ള കടപ്പാടാണ് ഇപ്പോഴുള്ള നിലപാടെന്ന് കരുതിയെങ്കില്‍ തെറ്റി, ഇത് അതിലുമുപരി, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി സ്ഥിരതാമസക്കാരായ (settled-agriculturist) ഈ വിഭാഗങ്ങളുടെ മേല്‍ ബ്രഹ്മണ്യം നടത്തിയ അധിനിവേശവും അതുമൂലമുണ്ടായ ഒരു സാമുഹിക പശ്ചാത്തലം ഈ സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്ന സാംസ്‌കാരിക ദുരന്തത്തെയുമാണ് ഈ സമരം വെളിവാകുന്നത്.

അല്പ്പം ചരിത്രം

അയ്യപ്പന്‍ പതിനെട്ടു മലകളുടെയും (സ്വാമിയുടെ പൂങ്കാവനമെന്ന് വിശ്വാസികള്‍) അധിപനാവുമ്പോള്‍ ഈ പതിനെട്ടു മലയിലും അധിവസിച്ചിരുന്ന ആദിവാസികളുടെ വിശ്വാസ മൂര്‍ത്തി കൂടിയായിരുന്നു. ദൈവം എന്നതിലുപരി അവരില്‍ ഒരാളായിട്ടായിരുന്നു അയ്യപ്പനെ കണ്ടത്. പൂജ മുതല്‍ പൊന്നമ്പല മേട്ടില്‍ വിളക്കു വയ്ക്കുന്നതു വരെ അവരായിരുന്നു. വന നിയമങ്ങളും വേട്ടയാടലുകളും, ബ്രാഹ്മണ മേധാവിത്വവും ഒടുവില്‍ അവരെ ഈ പ്രദേശത്തിന്റെ പ്രാന്ത പ്രദേശങ്ങളിലേക്ക് ആട്ടിപ്പായ്ക്കുകയും ചെയ്‌തെന്ന വാമൊഴി ചരിത്രം (oral history) ഇന്നും ആദിവാസികള്‍ക്കിടയില്‍ ശക്തമാണ്. ഇക്കാരണത്താല്‍ തന്നെ ആദിവാസികളുടെ ശബരിമല ചരിത്രം ഏറെ വ്യത്യസ്തവുമാണ്.

എന്നാല്‍ ഒരു പ്രധാന കാര്യം, അയ്യപ്പന്റെ പൂങ്കാവനത്തിലേക്ക് സ്ത്രീകളെ കയറ്റില്ല എന്ന് വാശി പിടിക്കുന്നവര്‍ ഒന്നോര്‍ക്കണം ഈ പൂങ്കാവനങ്ങളിലൊക്കെ (പതിട്ടു മലകള്‍) സ്ത്രീകള്‍ ജീവിച്ചിരുന്നിട്ടുമുണ്ട്, ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ട്, അവരൊക്കെ ഋതുമതിയാവാറുമുണ്ട്. അപ്പോ ഈ അയിത്തമൊക്കെ ആരുടെ സൃഷിടിയാണ്,? ഏതായാലും ആദിവാസികളുടേതല്ല. ഉദാഹരണത്തിന് ശബരിമലയും ആദിവാസികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാമൊഴി ചരിത്രത്തെ ക്രോഡീകരിക്കാന്‍ കെ. പ്രഭാകരന്‍ എന്നയാള്‍ 2006 എഴുതിയ മല അരയനും ശ്രീ അയ്യപ്പനും എന്ന പുസ്തകതില്‍ ഇങ്ങനെ പറയുന്നു.

“ശബരിമലയുടെ ഊരാഴ്മ കുടുംബമാണ് കോട്ടയം ജില്ലയിലെ കോരുത്തൊടിനു ചേര്‍ന്നുള്ള ആനക്കല്ലിലെ കൊച്ചിരി. ഈ കൊച്ചിരിയുടെ അമ്മ എന്റെ അമ്മയോട് ശബരിമലക്ക് പോവാന്‍ കൂട്ടുവരുമോ എന്നു ചോദിച്ചിട്ടുണ്ടെന്ന് അമ്മ പറയുന്നതു ഞാന്‍ കേട്ടിട്ടൂണ്ട്. സ്ത്രീകള്‍ക്ക് വിലക്കുള്ള കാലമായതിനാല്‍ അമ്മ അമ്മുമ്മയോട് ചോദിച്ചിട്ടുണ്ടത്രെ നമ്മള്‍ സ്ത്രീകള്‍ക്ക് പോകാമോ എന്ന്, അപ്പോള്‍ പറഞ്ഞത് ഞാനൊക്കെ കരിമലയില്‍ നിന്നും ശബരിമലക്ക് മാസമുറ പ്രകാരം ഏഴുദിവസം കഴിഞ്ഞുള്ള സമയങ്ങളില്‍ പോകുമായിരുന്നെന്നും കൂട്ട് വന്നാല്‍ ഇപ്പോഴും പൊകുമെന്നും പറഞ്ഞിരുന്നുവത്രെ. ഈ കൊച്ചിരിയുടെ പുരത്തറയും ഇവര്‍ നട്ടുവളര്‍ത്തിയ വൃക്ഷങ്ങളും വിളക്കുവച്ചാരാധിച്ചതിന്റെ തെളിവുകളും കരിമല കാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.”

വാമൊഴി ചരിത്രം അവിടെ നില്‍ക്കട്ടെ, ഇനി എഴുതപ്പെട്ട ചരിത്രത്തിലേക്ക് വന്നാല്‍ ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞന്‍ സാമുവല്‍ മറ്റീര്‍ ഈ ക്ഷേത്രവുമായി മല അരയര്‍ക്കുള്ള ബന്ധം തന്റെ Native life in Travancore (1883) എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇടുക്കി മേലുകാവിനടുത്തുള്ള എരുമാപ്ര സ്വദേശിയായ മല അരയനായ താളനാനി പാപ്പന്‍ എന്ന ശബരിമല ക്ഷേത്രത്തിലെ വെളിച്ചപ്പാടും പൂജാരിയു മായിരുന്ന ഒരാളെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. അന്നവിടെ പൂജക്ക് ബ്രാഹ്മണരൊന്നുമില്ലായിരുന്നു. ഈ ക്ഷേത്രത്തില്‍ അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന വാളും ചിലമ്പും, ഇതേ വെളിച്ചപ്പാടിന്റെ വിഗ്രഹവും ഒക്കെ അവരുടെ അഞ്ചാം തലമുറക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ റെവറന്റ് റിച്ചാര്‍ഡ് എന്ന മിഷനറിക്ക് 1881 ല്‍ കൈമാറുകയുണ്ടായി. അദ്ദേഹം അവയൊക്കെ ലണ്ടനിലെ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ മ്യൂസിയത്തില്‍ എത്തിച്ചു എന്നും മറ്റീര്‍ പറയുന്നുണ്ട്. ഇതൊക്കെ തമസ്‌ക്കരിക്കപ്പെട്ട ആദിവാസിയുടെ ചരിത്രമാണ്. ഇതിനു മേലെയാണ് ബ്രാഹ്മണ്യം പില്‍ക്കാലത്ത് അധിനിവേശം നടത്തിയത്.

വന ദുര്‍ഗ്ഗയും ബ്രാഹ്മണ്യവും

ഏറിയ പങ്കും പ്രകൃതി (animistic) ആരാധനയുമായി സ്വന്തം കുല ദൈവങ്ങളായ മല ദൈവങ്ങളേയും (പലപ്പോഴും അതു ദേവിമാരായിരിക്കും), കരിങ്കുറ്റിയാനേയും, വന ദുര്‍ഗകളേയും ആരാധിച്ചിരുന്ന, കോഴിവെട്ട്, വെളിച്ചപ്പാട് തുള്ളല്‍ (പലപ്പൊഴും സ്ത്രീ വെളിച്ചപ്പാടുകള്‍) ഗുരുസി , വെള്ളം കുടി (മരിച്ച കാരണവന്മാര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ഭക്ഷണം നല്‍കുന്ന ചടങ്ങ്) മല ദൈവങ്ങളുമായി വ്യക്തികള്‍ക്കുണ്ടായിരുന്ന തുല്യ അധികാര ബന്ധം എന്ന വിശ്വാസം എന്നി തനത് ആദിവാസി ആചാരങ്ങള്‍ പിന്തുടര്‍ന്നിരുന്ന ഒരു സമൂഹം വളരെ വേഗമാണ് ബ്രാഹ്മണ്യത്തിന് കിഴ്‌പ്പെട്ടത്. അവിടെ സ്ത്രീകള്‍ പൂജിക്കുന്നത് അശുദ്ധമായി, ബ്രാഹ്മണ പ്രശ്‌ന വിധി പ്രകാരം ക്ഷേത്രങ്ങളുടെയും കാവുകളുടെയും പുനരുദ്ധാരണം നടന്നപ്പോള്‍ മുന്‍പറഞ്ഞ പല ദൈവങ്ങളും പുറത്താക്കപ്പെട്ടു, ലിംഗ സമത്വമുള്ള പല ചടങ്ങുകളും പുരുഷ മേധാവിത്വത്തിന്റെ ആഘോഷമായ്.

മലദൈവങ്ങള്‍ പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ മുരുകനും, വിഷ്ണുവും കൈയടക്കി. കല്ലിന്മേല്‍ കല്ല് ശേഷിക്കാതെയാണ് ഒരു വ്യത്യസ്ത സംസ്‌കാരിക ചരിത്രത്തെ ബ്രാഹ്മണ്യം ഇല്ലാതാക്കിയത്, അല്ലെങ്കില്‍ ഇപ്പൊ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഈ സമൂഹത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളെന്ന നിലയില്‍ ആര്‍ത്തവം ബ്രാഹ്മണ്യം കാണുന്ന പോലെ ഒരു കുറ്റകൃത്യമായിരുന്നില്ല, ഇക്കാലങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകില്ലായിരുന്നു എന്നതൊഴിച്ചാല്‍ പ്രൊഡക്ടീവായ എല്ലാ ജോലികളിലും ഏര്‍പ്പെട്ടിരുന്നു. കപ്പവാട്ട് മുതല്‍ പുതുവല്‍ കൃഷി വരെ സ്ത്രീകള്‍ ചെയ്യണമായിരുന്നു. സംവരണം കൊണ്ട് സര്‍ക്കാര്‍ ജോലി ലഭിച്ച് നഗരങ്ങളിലേക്ക് അവരില്‍ ഏറെപ്പേരെയും പറിച്ചു നട്ടപ്പോള്‍ ആര്‍ത്തവവും അതുമായി ബന്ധപ്പെട്ട ഒരു മാറ്റി നിര്‍ത്തലുകളും വലിച്ചെറിഞ്ഞവരാണ് ഈ സമൂഹം. എന്നാല്‍ ഇതേ അര്‍ബന്‍ മിഡില്‍ ക്ലാസ് ആണ് ഇന്നു ആചാര സംരക്ഷണം എന്ന പേരില്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത് എന്നത് കേരളത്തിന്റെ ആദിവാസി ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണെന്ന് പറയേണ്ടി വരും.

ഇത് മനസിലാക്കാതെ, അവകാശങ്ങള്‍ ഉന്നയിക്കാന്‍ അന്നു ഞങ്ങള്‍ക്കൊപ്പം നിന്നവര്‍ക്കുള്ള പ്രത്യുപകാരമാണ് ഇപ്പോള്‍ കാണിക്കുന്നതെങ്കില്‍ ബ്രാഹ്മണ്യം അതിന്റെ അധികാര ശ്രേണിക്കുവേണ്ടി മാത്രമാണ് നില നില്‍ക്കുന്നതെന്നു ആദിവാസി സമുഹങ്ങള്‍ മനസിലാക്കണം. ( ഇക്കാര്യത്തില്‍ അവര്‍ ഒപ്പം നിന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി എന്നാണ് വിമര്‍ശകര്‍ പറയുന്നത്). ക്ഷേത്രത്തിനു പുറത്ത് മലമടക്കുകളില്‍ എവിടയോ വര്‍ഷത്തില്‍ ഒരിക്കല്‍ വിളക്കു തെളിയിക്കുന്നതിനാണ് അവര്‍ പിന്തുണ നല്‍കുന്നത്. അല്ലാതെ നാല്പതുകളില്‍ മല അരയരുടെ പൂര്‍വികര്‍ കരിമലയില്‍ നിന്നും എരുമാപ്രയില്‍ നിന്നും വന്ന താളനാനിയുടെ പിന്മുറക്കാര്‍ രാവിലെ പുറപ്പെട്ട് ശബരിമലയിലെത്തി പൂജ ചെയ്ത വാമൊഴി ചരിത്രത്തെ പിന്തുടര്‍ന്ന് ആ ക്ഷേത്രതില്‍ ഇന്നു ആദിവാസിയെക്കൊണ്ട് പൂജ ചെയിക്കാം എന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ല, പണ്ട് ശ്രീകോവിലിനുള്ളില്‍ കയറി ആദിവാസികള്‍ തേന്‍ അഭിഷേകം നടത്തിയിരുന്ന ചടങ്ങിനെ അട്ടിമറിച്ച് ആദിവാസികളെ ശ്രീകോവിലിനു പുറത്തു വരെ തേന്‍ എത്തിച്ചു കൊടുക്കുന്ന ചുമട്ടുകാരായി മാറ്റിയതിനെക്കുറിച്ചു എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല ഉറപ്പായും പറയില്ല. കാരണം ബ്രാഹ്മണ്യം അവരുടെ മനുഷ്യത്വ രഹിതമായ അധികാര ശ്രേണിക്കു വേണ്ടിയാണ് എപ്പോഴും നിലകൊള്ളുക.

യഥാര്‍ത്ഥ പ്രശ്‌നം

ശബരിമലയിലെ ആചാര മാറ്റം സംബന്ധിച്ച പ്രശ്‌നങ്ങളും തങ്ങളുടെ അവകാശ പുനസ്ഥാപനം സംബന്ധിച്ച പ്രശ്‌നങ്ങളും രണ്ടായിട്ടാണ് ആദിവാസികള്‍ കാണേണ്ടത്. സത്യത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ഒരു ദുരാചാരം കോടതി ഇടപെട്ട് നിര്‍ത്തലാക്കുമ്പോള്‍ അതിനൊപ്പമാണ് ഈ സമൂഹം നില്‍ക്കേണ്ടത്, കാരണം അതു പിന്നീട് നിങ്ങള്‍ക്കുണ്ട് എന്നു പറയുന്ന അവകാശങ്ങളെ വീണ്ടെടുക്കാനുള്ള ഊര്‍ജ്ജം പകരും. പ്രത്യേകിച്ച് ഇതു സംബന്ധിച്ച കേസ് ഇപ്പോള്‍ ഹൈക്കോടതിയിലും കേന്ദ്ര ഗോത്ര വര്‍ഗ്ഗ കമ്മീഷനിലും നില നില്‍ക്കുമ്പോള്‍.

ഈ സമയത്ത് ആചാര സംരക്ഷണം എന്ന പേരും പറഞ്ഞ് വലതുപക്ഷതിന്റെ പിന്നില്‍ ഒരു സമൂഹത്തെ കെട്ടിയിടാന്‍ ശ്രമിക്കുമ്പോഴാണ് ആരുടെ അല്ലെങ്കില്‍ എന്ത് അവകാശങ്ങള്‍ക്കു വേണ്ടിയാണ് ഈ സമൂഹം നിലകൊള്ളുന്നത് എന്ന ചോദ്യം കാര്യമാത്ര പ്രസക്തമാവുന്നത്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങളുടെ പോരാട്ടം ഇവിടുത്തെ സ്റ്റേറ്റുമായിട്ടാണ് അതിനു സ്വയം മുന്നിട്ടിറങ്ങിയെങ്കില്‍ മാത്രമേ സമകാലീന ജനാധിപത്യ വ്യവസ്ഥിതിയില്‍ കാര്യങ്ങള്‍ക്ക് നീക്കുപോക്കുണ്ടാവൂ. അല്ലാതെ രാജാവും, തന്ത്രിയും ഞങ്ങള്‍ക്ക് നീതി നേടിത്തരും എന്നു വിചാരിച്ച് അവര്‍ക്ക് പിന്നാലെ പോവുന്നത് സ്വന്തം ചരിത്രത്തോടുള്ള നീതികേടാണ്. പണ്ട് രാജാവ് നടപ്പിലാക്കിയിരുന്ന തലക്കരവും, മുലക്കരവും നിര്‍ത്തലാക്കിയത് ബ്രാഹ്മണന്‍ പറഞ്ഞിട്ടോ രാജാവിന്റെ കനിവോ കൊണ്ടല്ല, മറിച്ച് ജനകീയ സമരങ്ങള്‍ കൊണ്ടാണ്.