| Tuesday, 12th November 2024, 2:44 pm

മലയാളത്തിലെ കെ.ജി.എഫും കില്ലും ആണ് ആ ഉണ്ണി മുകുന്ദന്‍ ചിത്രം: അഭിലാഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2019ല്‍ പുറത്തിറങ്ങിയ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തിന്റെ സ്പിന്‍ ഓഫായിട്ടാണ് ഒരുക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ തിയേറ്ററുകളിലെത്തും.

മാര്‍ക്കോ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സിനിമ പൊതുജനങ്ങളിലേക്ക് പോകുന്നതിന് മുമ്പ് കാണാന്‍ ഭാഗ്യം കിട്ടിയ ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ഞാന്‍. ഉണ്ണി മുകുന്ദന്‍ ആ സിനിമയുടെ ചില വിഷ്വലുകള്‍ കാണിച്ചു തന്നിരുന്നു. ഭയങ്കര ഡെഡിക്കേഷനാണ്. ഞാന്‍ ചോദിച്ചിട്ടുണ്ട് ഇങ്ങനെയൊക്കെ എങ്ങനെയാണ് എടുക്കുന്നതെന്ന്.

അപ്പോള്‍ അവന്‍ പറഞ്ഞത് മറ്റ് ഭാഷകളില്‍ നമ്മളിതൊക്കെ കണ്ട് കയ്യടിക്കുന്നില്ലേ എന്തുകൊണ്ട് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് നമുക്ക് അങ്ങനെ ഒരു സിനിമ ചെയ്തുകൂടാ എന്നായിരുന്നു. ആ തോട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നമ്മള്‍ കെ.ജി.ഫ് കണ്ട് കയ്യടിച്ചിട്ടുണ്ട്. അടുത്തിടെ ‘കില്‍’ എന്നൊരു സിനിമ വന്നു. ആ ചിത്രത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ആക്ഷനാണ്. അതൊരു ആക്ഷന്‍ സിനിമയാണ്. നമ്മള്‍ എല്ലാവരും അതിനെ പറ്റി സംസാരിച്ചു.

അപ്പോള്‍ ഉണ്ണി ചിന്തിച്ചത് എന്തുകൊണ്ട് മലയാളത്തില്‍ അത്തരത്തിലൊരു സിനിമ വന്നുകൂടാ എന്നായിരുന്നു. മാര്‍ക്കോ എടുത്തുവെച്ചിരിക്കുന്നത് അങ്ങനെയാണ്. ഉറപ്പായിട്ടും അത് നൂറ് ശതമാനം പാന്‍ ഇന്ത്യന്‍ ചിത്രമാണ്. പിന്നെ ഉണ്ണിക്ക് ആക്ഷന്‍ എന്ന് പറഞ്ഞാല്‍ ഭ്രാന്താണ്. അത് ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. കാരണം മാളികപ്പുറത്തിന്റെ ക്ലൈമാക്‌സില്‍ ആറ്-ഏഴ് ദിവസം കാട്ടിനുള്ളിലുള്ള ഫൈറ്റ് ഞങ്ങള്‍ കണ്ടതാണ്,’ അഭിലാഷ് പറയുന്നു.

Content Highlight: Abhilash Pillai Talks About Marco Movie

We use cookies to give you the best possible experience. Learn more