മാളികപ്പുറം ലൊക്കേഷനില്‍ അമ്പത് ദിവസം വെജിറ്റേറിയന്‍ കഴിച്ചു, സിനിമക്ക് വേണ്ടി 75 ദിവസം അവള്‍ വ്രതമെടുത്തു: അഭിലാഷ് പിള്ള
Entertainment news
മാളികപ്പുറം ലൊക്കേഷനില്‍ അമ്പത് ദിവസം വെജിറ്റേറിയന്‍ കഴിച്ചു, സിനിമക്ക് വേണ്ടി 75 ദിവസം അവള്‍ വ്രതമെടുത്തു: അഭിലാഷ് പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st December 2022, 5:42 pm

വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. അയ്യപ്പനോടുള്ള ഒരു എട്ട് വയസ്സുകാരിയുടെ ഭക്തിയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിട്ടുള്ളത് അധ്യാപകനും നാടക സംവിധായകനുമായ അഭിലാഷ് പിള്ളയാണ്. സിനിമയുടെ ചിത്രീകരണത്തിലുടനീളം വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ വിളമ്പിയിരുന്നുള്ളൂവെന്നാണ് അഭിലാഷ് പറയുന്നത്.

സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദേവനന്ദ എന്ന ബാല താരം ചിത്രത്തിനു വേണ്ടി 75 ദിവസം വ്രതമെടുത്തിരുന്നുവെന്നും അഭിലാഷ് പറഞ്ഞു. മാളികപ്പുറം സിനിമയുടെ പ്രസ് മീറ്റിലാണ് അഭിലാഷ് പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഓഡിഷന്‍ കഴിഞ്ഞു സെലക്ട് ചെയ്ത അന്നുതൊട്ട് ഈ സിനിമ തീരുന്നത് വരെ നോയമ്പെടുത്ത കുട്ടിയാണ് ദേവനന്ദ. ദേവു കാരണം ഞങ്ങള്‍ എല്ലാവരും വെജിറ്റേറിയന്‍ ആയിരുന്നു കഴിച്ചത്. ഫുള്‍ ക്രൂ തന്നെ ഏകദേശം അമ്പത് ദിവസത്തോളം ഫുള്‍ വെജിറ്റേറിയന്‍ ഫുഡ് ഉപയോഗിച്ച് കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ് മാളികപ്പുറം.

സത്യമാണ്, അമ്പത് ദിവസം ലൊക്കേഷനില്‍ വെജിറ്റേറിയന്‍ ഭക്ഷണമായിരുന്നു എല്ലാവര്‍ക്കും കൊടുത്തത്. വേറെ നോണ്‍ ഒന്നും ആരും ഉപയോഗിച്ചിട്ടില്ല. എല്ലാവിധ വ്രതവും നോക്കിയിട്ടുള്ള ഒരു സിനിമ കൂടിയായിരുന്നു ഇത്.

കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ബാല താരം ദേവനന്ദ അവതരിപ്പിച്ച കല്യാണിയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ജീവിത പശ്ചാത്തലത്തില്‍ ജീവിക്കുന്ന കല്ലു എന്ന കുട്ടിയുടെ മനസ്സില്‍ അയ്യപ്പന് ഒരു ഹീറോ പരിവേഷം ലഭിക്കുന്നത് മുത്തശ്ശി പറഞ്ഞു കൊടുക്കുന്ന കഥകളില്‍ നിന്നാണ്,” അഭിലാഷ് പിള്ള പറഞ്ഞു.

ഉണ്ണി മുകുന്ദന്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, മനോജ് .കെ. ജയന്‍, ശ്രീപത് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 30നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.

content highlight: abhilash pilla about malikappuram movie